Connect with us

Articles

പട്ടും വളയും പട്ടടയും

Published

|

Last Updated

ബഹുസ്വരതയുടെ നാടായി രാജ്യത്തിന്റെ കീര്‍ത്തി ഉയര്‍ത്തിയത് നമ്മുടെ ഭരണഘടനയാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇന്ന്, സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും പരമാധികാരത്തില്‍ അധിഷ്ഠിതമായ ഒരു പുതിയ ആശയത്തിന് കീഴ്‌പ്പെട്ട് കൊണ്ടിരിക്കുകയാണ്. തീവ്ര ദേശീയവാദം അടിസ്ഥാന മനുഷ്യാവകാശങ്ങളെയും പൗരന്മാരുടെ അന്തസ്സിനെയും ചവിട്ടിമെതിക്കുന്നു. തത്ഫലമായി ജനാധിപത്യ തത്വങ്ങള്‍ക്ക് നിയമനിര്‍മാണ, ജുഡീഷ്യല്‍, എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ പരിശോധിക്കാന്‍ സാധിക്കുന്നില്ല. ഇതിനുള്ള ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലേക്ക് കടന്നു വരുന്നു.

ഇന്ത്യന്‍ ജുഡീഷ്യറി ഭരണകൂടത്തിന്റെ രാഷ്ട്രീയ ആയുധമായി മാറുന്ന അവസ്ഥ ഏറെ പരിതാപകരമാണ്. സി എ എ, എന്‍ ആര്‍ സി, റാഫേല്‍ കരാര്‍, സി ബി ഐ ചീഫിന്റെ കേസ്, ബാബരി മസ്ജിദ് വിധി, കശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയല്‍, പൗരത്വ പ്രക്ഷോഭത്തിനെതിരായ കേസുകള്‍, ശഹീന്‍ ബാഗ് കേസ്, ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിങ്ങനെ ഒന്നിന് പിറകെ ഒന്നായി പൊതു സമൂഹത്തിന്റെ മുന്നില്‍ ജുഡീഷ്യറി സര്‍ക്കാറിന് അനുകൂല നിലപാട് മാത്രം സ്വീകരിക്കുന്ന സ്ഥാപനമാണെന്ന ധാരണ രൂഢമൂലമാണ്.
ജനങ്ങളുടെ അവസാനത്തെ അഭയ കേന്ദ്രമാണ് കോടതികള്‍. കോടതികള്‍ പരാജയപ്പെട്ടാല്‍ മാനവികതയിലുള്ള വിശ്വാസമാണ് നഷ്ടമാകുന്നത്. ഇവിടെ അമിതാധികാരം പ്രയോഗിക്കുന്ന സര്‍ക്കാറും അതിന് ശക്തമായ പിന്തുണ നല്‍കുന്ന ജുഡീഷ്യറിയും ചേര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ ഭൂരിപക്ഷത്തിന്റെ ആധിപത്യമായി മാറ്റുകയാണെന്ന വിമര്‍ശനം രാഷ്ട്രീയ വ്യവസ്ഥയുടെ വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്.

ജുഡീഷ്യറി, പ്രത്യേകിച്ച് സുപ്രീം കോടതി, ഭരണഘടന പ്രകാരം പൗരന്മാരുടെ മൗലികാവകാശങ്ങളുടെ സൂക്ഷിപ്പുകാരനാണ്. എന്നാല്‍ പ്രശ്‌നം നിയമത്തിന്റെ അഭാവമല്ല, മറിച്ച് അത് നടപ്പാക്കുന്നതാണ്.
ജനാധിപത്യത്തിന്റെ അവസാന അത്താണിയായ ജുഡീഷ്യറിയെ മൂന്ന് രീതിയിലാണ് ഇന്ത്യയിലെ സവര്‍ണ ഫാസിസം തങ്ങളുടെ വരുതിയിലാക്കിയത്. പണവും സ്ഥാനമാന സ്വാധീനവും ഭീഷണിയും. പണം കൊടുത്ത് വരുതിയിലാക്കാന്‍ കഴിയാത്തവരെ സ്ഥാനമാനങ്ങള്‍ കൊടുത്ത് തങ്ങളുടെ താത്പര്യ സംരക്ഷകരാക്കി. അല്ലാത്തവരെ ഭീഷണിപ്പെടുത്തിയും അവരുടെ സ്ഥാനങ്ങളില്‍ നിന്ന് വലിച്ചു താഴെയിട്ടും തങ്ങളുടെ പ്രതികാരം നടപ്പാക്കി.

രാജ്യദ്രോഹ കുറ്റാരോപണം സംബന്ധിച്ച കേസുകള്‍, ഭീകരതയും തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകള്‍, നോട്ടുനിരോധനം അടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ നയവുമായി ബന്ധപ്പെട്ട കേസുകള്‍, ബീഫ് നിരോധനം തുടങ്ങിയ വിവിധ കേസുകളില്‍ ജുഡീഷ്യറി പൂര്‍ണമായും ഭരണകൂടത്തിനൊപ്പം നിലയുറപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായി വന്ന വിവിധ സുപ്രീം കോടതി വിധികള്‍ ആശങ്ക ഉയര്‍ത്തുന്നവയാണ്. മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ മുഖ്യപ്രതികളെയെല്ലാം വിട്ടയച്ചു. ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് ആത്മഹത്യയായി തീര്‍പ്പുകല്‍പ്പിച്ച് അവസാനിപ്പിച്ചു. വിമര്‍ശനങ്ങളില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന കോടതിയുടെ സമീപനം ജനാധിപത്യത്തിന് ഭൂഷണമല്ല. മാത്രമല്ല, ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കാനുള്ള നീക്കം കോടതിയുടെ ഭാഗത്തു നിന്നുണ്ടാകുന്നത് ജനാധിപത്യത്തിലും കോടതികളിലുമുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കും.

ജുഡീഷ്യറിയിലുള്ള ഭരണകൂട കൈകടത്തല്‍ അപകടാവസ്ഥയിലേക്കു നീങ്ങുന്നു എന്ന് വന്നപ്പോഴാണ് സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ പുറത്തുവന്നു പത്രക്കാരെ കണ്ടത്. അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെ, 2014 ഡിസംബര്‍ ഒന്നിനാണ് സി ബി ഐ പ്രത്യേക കോടതി ജഡ്ജിയായിരിക്കെ ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. 2014 ഒക്ടോബര്‍ 31ന് അമിത് ഷാ മുംബൈയില്‍ ഉണ്ടായിട്ടും എന്തുകൊണ്ട് കോടതിയില്‍ ഹാജരായില്ല എന്ന് ജസ്റ്റിസ് ലോയ ചോദിക്കുകയും കേസിന്റെ വാദം ഡിസംബര്‍ 13ലേക്ക് മാറ്റുകയും അന്ന് അമിത് ഷായോട് നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഡിസംബര്‍ ഒന്ന് വെളുപ്പിന് ജസ്റ്റിസ് ലോയ ആകസ്മികമായി മരണപ്പെട്ടു. തുടര്‍ന്ന് വന്ന ജഡ്ജി വിചാരണ പോലും കേള്‍ക്കാതെ അമിത് ഷാ ഉള്‍പ്പെടെയുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
പണത്തിനും ഭീഷണിക്കും മറ്റു സ്വാധീനങ്ങള്‍ക്കും വഴങ്ങാതിരുന്ന ജസ്റ്റിസ് ലോയയുടെ ആകസ്മിക മരണം ഒരു ആസൂത്രിത കൊലപാതകമാണെന്നതിന് ധാരാളം സാഹചര്യ തെളിവുകളുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വരെ ഗുരുതരമായ അട്ടിമറികള്‍ നടത്തിയത് ഇതൊരു കൊലപാതകം തന്നെയാണെന്ന സംശയം ബലപ്പെടുത്തുന്നതാണ്.

ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ കൊലക്കേസില്‍ വിചാരണ വൈകിപ്പിച്ച സി ബി ഐ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച മുംബൈ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് സത്യരഞ്ജന്‍ ധര്‍മാധികാരി കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. മറ്റൊരു സംസ്ഥാനത്തേക്കു സ്ഥലം മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയാണ് രാജി. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ അന്യായ തടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹോദരി സാറാ പൈലറ്റ് നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നതിന് മുമ്പേ ജഡ്ജി ശന്തനു ഗൗഡര്‍ പിന്മാറി. കാരണം പറഞ്ഞത് നിഷ്പക്ഷതക്കായി സ്വയം പിന്മാറുന്നു എന്നായിരുന്നു.
“കോടതികള്‍ക്ക് ഒരു വിലയുമില്ല. ഈ രാജ്യത്ത് എന്താണ് നടക്കുന്നത്. ആരാണ് ഈ അസംബന്ധങ്ങള്‍ക്കു പിന്നിലെന്ന് ഞങ്ങള്‍ക്കറിയില്ല. എനിക്ക് അങ്ങേയറ്റം രോഷമുണ്ട്. ഈ കോടതിയില്‍ ഞാന്‍ ജോലി ചെയ്യരുതായിരുന്നു എന്ന് എനിക്ക് തോന്നുന്നുണ്ട്. ഞങ്ങളുടെ മനസ്സാക്ഷിയെ നടുക്കുന്ന കാര്യങ്ങളാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പണത്തിന്റെ ശക്തികൊണ്ട് ഇവിടെ പലതും നടക്കുന്നു. ഞങ്ങളുടെ ഉത്തരവുകള്‍ക്കു മീതെ വിധി പറയുന്ന കേന്ദ്ര സര്‍ക്കാര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്”. കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചു വിളിച്ചു പറഞ്ഞ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വാക്കുകളാണിത്. സഹികെട്ട് ഭരണകൂടത്തിനെതിരെ രോഷാകുലരായ അരുണ്‍ മിശ്രമാര്‍ പലരുമുണ്ടെങ്കിലും ആരെയോ ഭയക്കുന്നതിനാലും വിപത്തുകള്‍ നേരിടാന്‍ കെല്‍പ്പില്ലാത്തതിനാലും മിക്ക ന്യായാധിപന്മാരും മൗനത്തിലാണ്.
പൗരത്വ ബില്ലിനെതിരെ സമരക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ചീഫ് ജസ്റ്റിസ് ബോബ്‌ഡെ നടത്തിയ പരാമര്‍ശം കേട്ട് ഞെട്ടാത്തവരായി ആരുമുണ്ടാകില്ല. ആദ്യം വിദ്യാര്‍ഥികള്‍ സമരം നിര്‍ത്തട്ടെ എന്നിട്ടാകാം കേസ് പരിഗണിക്കുന്നതെന്ന വാക്കുകള്‍ നീതിന്യായ കോടതിയുടെ ഉന്നത ശ്രേണിയില്‍ നിന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല.

അതേസമയം ശഹീന്‍ ബാഗിലെ സമരപ്പന്തലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുത് എന്ന പരാതിയില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കാന്‍ കോടതി മടി കാണിച്ചില്ല.
ഭരണകൂടത്തിന്റെ ഇഷ്ടത്തിനൊത്തു നില്‍ക്കുന്നവര്‍ക്ക് പട്ടും വളയും, ഭരണകൂടത്തിന്റെ ഭീകരതയെ തുറന്നു കാട്ടുന്നവര്‍ക്ക് പട്ടടയും എന്നതാണ് ഇന്നത്തെ സ്ഥിതി.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തിന് വഴിയൊരുക്കിയ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി ജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഉത്തരവിട്ട, ഡല്‍ഹി ഹൈക്കോടതിയുടെ കോഹിനൂര്‍ എന്ന് അഭിഭാഷകരും പൊതു സമൂഹവും വിശേഷിപ്പിച്ച ജസ്റ്റിസ് മുരളീധറിനെ രാത്രിക്കു രാത്രി പഞ്ചാബിലേക്കു സ്ഥലം മാറ്റി സര്‍ക്കാര്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് കൃത്യമായ സന്ദേശം നല്‍കി. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എം പി, അഭയ് വര്‍മ എം എല്‍ എ, മുന്‍ എം എല്‍ എ കപില്‍മിശ്ര എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ജസ്റ്റിസ് എസ് മുരളീധര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വാക്കാല്‍ നിരീക്ഷിച്ചിരുന്നു.

ഇതിനോട് കൂട്ടിവായിക്കേണ്ട ഒന്നാണ് വെറും രണ്ട് മാസം മുമ്പ് മാത്രം ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം. ജുഡീഷ്യല്‍ ഓഫീസര്‍മാർക്ക് അവരുടെ വിരമിക്കലിനു ശേഷം പുതിയ പദവികള്‍ നല്‍കുന്നത് അവരുടെ സ്വതന്ത്രമായ നീതി നിര്‍വഹണത്തെ സ്വാധീനിക്കുമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് വിമര്‍ശനം ഉയര്‍ത്തിയ അരുണ്‍ ജെയ്റ്റ്‌ലിയുടെ തന്നെ സര്‍ക്കാര്‍ ഇന്ന് ജുഡീഷ്യറിയുടെ വിശ്വാസ്യതയുടെ മേല്‍ അവസാനത്തെ ആണിയും തറച്ചിരിക്കുകയാണ്. വിരമിക്കുന്നതിനു മുമ്പ് പറയുന്ന വിധികളെ വിരമിക്കലിന് ശേഷം കിട്ടാവുന്ന ജോലികള്‍ സ്വാധീനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ബാബരി മസ്ജിദ്, റാഫേല്‍ എന്നീ കേസുകളില്‍ കേന്ദ്രത്തിന് വേണ്ടി വിധി പ്രസ്താവിച്ചതിന്റെ പ്രത്യുപകാരമാണ് ഗോഗോയിയുടെ ഈ സ്ഥാനലബ്ധിയെന്ന ഗുരുതരമായ സന്ദേശം സാധാരണക്കാരന്റെ അവസാന അത്താണിയായ നീതിന്യായ വ്യവസ്ഥയുടെ അടിവേരിളക്കുന്ന ഒന്നായിരിക്കുമെന്ന് വരും നാളുകള്‍ തെളിയിക്കും.

“”ഒരു ഭരണഘടന എത്ര നല്ലതാണെങ്കിലും അത് മോശമായി മാറുമെന്ന് ഉറപ്പാണ്, കാരണം ഭരണഘടന പ്രാവര്‍ത്തികമാക്കാന്‍ നിയോഗിക്കപ്പെട്ടവരില്‍ തീര്‍ച്ചയായും മോശം ആളുകള്‍ കാണും”” എന്ന് ബി ആര്‍ അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. “”പുതുതായി ജനിച്ച ഈ ജനാധിപത്യം അതിന്റെ ജനാധിപത്യ രൂപത്തില്‍ നിന്ന് സ്വേച്ഛാധിപത്യത്തിലേക്ക് വഴിമാറാം. വാസ്തവത്തില്‍ സ്വേച്ഛാധിപത്യത്തിലേക്കുള്ള വഴിമാറ്റത്തിനുള്ള സാധ്യത വളരെ വലുതാണ്”. അംബേദ്കറിന്റെ ശക്തമായ ഈ മുന്നറിയിപ്പിനെ ഭരണഘടനയുടെ സംരക്ഷകര്‍ ആരും മുഖവിലക്കെടുത്ത മട്ടില്ല. ഫാസിസം നമ്മുടെ രാജ്യത്തെ സമ്പൂര്‍ണമായി വരിഞ്ഞു മുറുക്കി കഴിഞ്ഞെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു കൊണ്ട്, ഈ രാജ്യത്തെ സ്‌നേഹിക്കുന്ന, രാജ്യത്തെ ഭരണഘടനയെ സ്‌നേഹിക്കുന്ന എല്ലാവരും ഒന്നിച്ചു ചേര്‍ന്ന് രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിക്കേണ്ട സമയമാണിത്.
(സുപ്രീം കോടതി അഭിഭാഷകനാണ് ലേഖകന്‍)

അഡ്വ. സി ആര്‍ രഖേഷ് ശര്‍മ്മ
sharmarekhesh@gmail.com