കൊവിഡ്: സംസ്ഥാനത്ത് 18011 പേര്‍ നിരീക്ഷണത്തില്‍; രോഗപ്രതിരോധത്തിന്റെ പേരില്‍ വിദേശികളെ ദ്രോഹിച്ചാല്‍ നടപടി

Posted on: March 17, 2020 7:43 pm | Last updated: March 18, 2020 at 7:49 am

തിരുവനന്തപുരം | കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 18011 പേര്‍ നിരീക്ഷണത്തിലാണെന്നും ഇതില്‍ 268 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 65പേരെ
പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4351 പേരെ നീരീക്ഷണത്തില്‍നിന്നും ഒഴിവാക്കി. പ്രതിരോധപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വിദഗ്ധ സമതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ ഇന്റര്‍ ആക്ടീവ് പോര്‍ട്ടല്‍ ആരംഭിക്കും. ആരോഗ്യസര്‍വകലാശാലയും ഐഎംഎയുമായി ചേര്‍ന്ന് ഇന്ന് നടപ്പില്ലാക്കും. ഇന്ന് ചേര്‍ന്ന ബേങ്കേഴ്‌സ് സമതി യോഗത്തില്‍ ഇടപാടുകാര്‍ക്ക് ആശ്വാസകരമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതിനിധികള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

വൈറസ് ബാധയുമായി ബന്ധപ്പെട്ടു സഹായിക്കുന്നതിനു ഡോക്ടര്‍മാരുടെയും ശാസ്ത്രജ്ഞന്‍മാരുടെയും യോഗം ചേര്‍ന്നു. കോവിഡ് ജാഗ്രതയ്ക്കായി സര്‍ക്കാര്‍ നടത്തുന്ന കാര്യങ്ങള്‍ അവരെ അറിയിച്ച് ഉപദേശം തേടി.

വീടുകളില്‍ സേവനം ലഭ്യമാക്കുന്നതിനായി മെഡിക്കല്‍ വിദ്യാര്‍ഥികളെ ഉപയോഗിക്കും. ആരോഗ്യ സര്‍വകലാശാല ഇതിനു നേതൃത്വം നല്‍കും, ഐഎംഎ സഹകരിക്കും. പാരാ മെഡിക്കല്‍ സ്റ്റാഫുകളുടെ സേവനവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. സമൂഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കല്‍ ഇപ്പോള്‍ ഏറ്റവും പ്രധാനമാണ്.
60ന് മുകളില്‍ പ്രായമുള്ളവരെയും ശ്വാസകോശ, ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവരെയും വൈറസ് ഗുരുതരമായി ബാധിക്കും. ഇവര്‍ക്കു പ്രത്യേകമായ ശ്രദ്ധ കൊടുക്കണം. ഡോക്ടര്‍മാര്‍ക്കു രോഗം ബാധിക്കാതിരിക്കാന്‍ പ്രത്യേക മുന്‍കരുതലെടുക്കണം.

രോഗപ്രതിരോധപ്രവര്‍ത്തനത്തിന്റെ പേരില്‍ ആരും നിയമം കൈയിലെടുക്കരുത്. ഫ്രാന്‍സില്‍നിന്നും ഇറ്റലിയില്‍നിന്നും വന്ന രണ്ട് പേര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ലഭിച്ചില്ല. ബസില്‍ യാത്ര ചെയ്ത ഫ്രഞ്ച് കുടുംബത്തെ കൊവിഡ് സംശയിച്ച് യാത്രക്കാര്‍ ബലമായി ഇറക്കി വിട്ടു. ഫ്രഞ്ച് യുവതിക്കും മൂന്ന് വയസുള്ള കുട്ടിക്കും ഭക്ഷണം താമസവും കിട്ടിയില്ല. ഇതെല്ലാം കേരളത്തിന്റെ ഏത് ഭാഗത്താണ് നടന്നതെന്ന് കൃത്യമായി അറിയാം .എന്നാല്‍ അത്തരക്കാര്‍ ആരൊക്കെയെന്ന് ഇപ്പോള്‍ പറയുന്നില്ല. നാണം കെട്ട പണിയാണിത്. റഷ്യയില്‍നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും ദുരനഭവമുണ്ടായി. ഇതുകൊണ്ട് എല്ലാം അവസാനിക്കുകയല്ല. സഞ്ചാരിക്കള്‍ക്ക് വലിയ ദുരനുഭവം ഉണ്ടായാല്‍ കേരളത്തിന് വലിയ പ്രതിച്ഛായ നഷ്ടം ഉണ്ടാകും. അതിനപ്പുറം മനുഷ്യത്വം ഹനിക്കുന്ന ഒന്നും ഉണ്ടാകകരുത്.ഇതിനെതിരെ കടുത്ത നടപടികള്‍ ഉണ്ടാകും. ഐ ടി മേഖലയില്‍ വൈറസ് പ്രതിരോധിക്കാന്‍ ജോലികള്‍ വീടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ ജോലി തടസപ്പെടുന്ന രീതിയില്‍ വൈദ്യുതി മുടങ്ങാതിരിക്കാന്‍ ഗവര്‍മെന്റ് ശ്രദ്ധിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു