Connect with us

National

ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിനെതിരെ മുന്‍ ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍

Published

|

Last Updated

ന്യൂഡല്‍ഹി | സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തതിനെ വിമര്‍ശിച്ച് മുന്‍ ജഡ്ജ് മദന്‍ ബി ലോക്കൂര്‍. ഗൊഗോയിയുടെ നാമനിര്‍ദേശം ചെയ്തതില്‍ തന്നെ അത്ഭുതപ്പെടുത്തുന്നില്ല. എന്നാല്‍ അത് ഇത്ര പെട്ടന്ന് ഉണ്ടായതില്‍ ആശ്ചര്യമുണ്ടെന്നും ലോക്കൂര്‍ പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യം, നിഷ്പക്ഷത, സത്യസന്ധത എന്നിവയെയെല്ലാം പുനര്‍ നിര്‍വചിക്കുകയാണ്. ജുഡീഷ്യറിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന നടപടിയാണിത്. അവസാനത്തെ പിടിവള്ളിയും നഷ്ടപ്പെട്ടുവോയെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ലോക്കൂറിന്റെ പ്രതിരണം.

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എന്ത് പ്രത്യുപകാരം നല്‍കുമെന്നതില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ആലോചനകള്‍ നടക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ല. പക്ഷേ, അതെത്ര വേഗത്തിലായി എന്നതില്‍ മാത്രമാണ് ആശ്ചര്യമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ദീപക് മിശ്ര സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കെ ഏതാനും ജസ്റ്റിസുമാര്‍ കോടതിയില്‍ നടക്കുന്ന അസ്വഭാവിക പ്രവണതകള്‍ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. രഞ്ജന്‍ ഗൊഗോയിയും മദന്‍ ബി ലോക്കൂറും ജെ ചെലമേശ്വറും, കുര്യന്‍ ജോസഫുമായിരുന്നു ഈ ചരിത്ര വാര്‍ത്താസമ്മേളനം നടത്തിയത്. ഇതിന്റെ തന്റൊപ്പമുണ്ടായിരുന്ന രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസായി വിരമിച്ചപ്പോള്‍ ലോക്കൂര്‍ നടത്തിയ വിമര്‍ശനം ഏറെ ശ്രദ്ധേയമാണ്.

2018 ഒക്ടോബര്‍ മൂന്നിനാണ് ജസ്റ്റിസ് ദീപക് മിശ്രയുടെ പിന്‍ഗാമിയായി 46-ാമത്തെ ചീഫ് ജസ്റ്റിസായി ഗൊഗോയി ചുമതലയേല്‍ക്കുന്നത്. അയോധ്യ, ശബരിമല, റഫാല്‍, അസം പൗരത്വ രജിസ്റ്റര്‍, ആര്‍ ടി എ തുടങ്ങി നിര്‍ണായകമായ പല കേസുകളിലും അദ്ദേഹം വിധി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പേരില്‍ ലൈംഗിക ആരോപണവും ഉയര്‍ന്നിരുന്നു.

 

 

Latest