കമ്പനികളുടെ കൊള്ള; കൊള്ളക്കാരുടെ കമ്പനി

Posted on: March 16, 2020 10:46 am | Last updated: March 16, 2020 at 10:46 am

പെട്രോളിന്റെ വില നിര്‍ണയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത് ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറാണ്. ഡീസലിന്റെ വില നിര്‍ണയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാറും. തുടക്കത്തില്‍ പതിനഞ്ച് ദിവസത്തിലൊരിക്കല്‍ വില പുനര്‍നിര്‍ണയിക്കുക എന്നതായിരുന്നു രീതി. 2017ല്‍ ദിനേന വില പുതുക്കാനുള്ള അധികാരം കമ്പനികള്‍ക്ക് നല്‍കിക്കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉത്തരവായി. അസംസ്‌കൃത എണ്ണയുടെ വില, എണ്ണ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള ചെലവ്, സംസ്‌കരിച്ച് വിപണിയിലെത്തിക്കുന്നതിനുള്ള ചെലവ് എല്ലാം കണക്കിലെടുത്ത് ഇന്ധന വില നിശ്ചയിക്കാന്‍ അനുവാദം നല്‍കിയത് ഇന്ധന വിതരണ മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിച്ച റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ കമ്പനികള്‍ക്ക് വേണ്ടിയായിരുന്നു. എണ്ണ സംസ്‌കരണ, വിതരണ മേഖലകളിലെ പൊതുമേഖലാ കമ്പനികളെ വൈകാതെ ഇല്ലാതാക്കി മേല്‍പ്പറഞ്ഞ സ്വകാര്യ കമ്പനികള്‍ക്ക് കുത്തക അനുവദിക്കുക എന്നത് ദീര്‍ഘകാല ലക്ഷ്യവും. ആ ലക്ഷ്യത്തിലേക്കുള്ള സഞ്ചാരത്തിന് വേഗം കൂട്ടുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡെന്ന പൊതുമേഖലാ കമ്പനിയെ വില്‍പ്പനക്ക് വെച്ചത് അതിനു വേണ്ടിയും.

പെട്രോളിന്റെ വിലനിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് കൈമാറിയ ശേഷമുള്ള വര്‍ഷങ്ങളില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) തയ്യാറാക്കിയ റിപ്പോര്‍ട്ട് എണ്ണക്കമ്പനികള്‍ അനര്‍ഹമായ ലാഭമുണ്ടാക്കുന്നത് ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ടിനെ ഗൗരവത്തിലെടുക്കാന്‍ അക്കാലം പ്രതിപക്ഷത്തിരുന്ന ബി ജെ പിയോ പില്‍ക്കാലത്ത് പേരിനൊരു പ്രതിപക്ഷമായി ചുരുങ്ങിയ കോണ്‍ഗ്രസോ തയ്യാറായില്ല. ആ റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്താല്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് മാത്രമല്ല, മുകേഷ് അംബാനിയുടെ റിലയന്‍സിനും പൊള്ളുമെന്ന് ഇരുകൂട്ടരും ചിന്തിച്ചിട്ടുണ്ടാകണം.
അന്താരാഷ്ട്ര വിപണിയില്‍ നിന്ന് വാങ്ങുന്ന അസംസ്‌കൃത എണ്ണ ഇന്ത്യയില്‍ എത്തിച്ച് സംസ്‌കരിച്ച് വിപണിയിലെത്തിക്കുന്നതിന് വേണ്ടിവരുന്ന സകല ചെലവും ഉള്‍പ്പെടുത്തി വില തീരുമാനിച്ചാണ് എണ്ണക്കമ്പനികള്‍ അനര്‍ഹമായ ലാഭം ഉണ്ടാക്കിയതെന്നാണ് സി എ ജി അന്ന് ചൂണ്ടിക്കാട്ടിയത്. അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുമ്പോള്‍ കസ്റ്റംസ് തീരുവ കമ്പനികള്‍ നല്‍കുന്നുണ്ട്. ഈ ചെലവ് വില നിര്‍ണയിക്കുന്നതില്‍ ഉള്‍പ്പെടും. കപ്പലുകളില്‍ കൊണ്ടുവരുന്ന എണ്ണ ഏതെങ്കിലും വിധത്തില്‍ നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്‍ഷ്വൂര്‍ ചെയ്യും. ഇതിന്റെ ചെലവും വില നിര്‍ണയിക്കുമ്പോള്‍ ഉള്‍പ്പെടുത്തും. എണ്ണ കൊണ്ടുവരുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന നഷ്ടത്തിന് കണക്കാക്കുന്ന ചെലവും പെട്രോളും ഡീസലും പാചക വാതകവും മണ്ണെണ്ണയും വാങ്ങുന്നവന്റെ പോക്കറ്റില്‍ നിന്നാണ് ഈടാക്കുന്നത്. എണ്ണ വില്‍ക്കുന്ന കമ്പനിക്ക്, യഥാസമയം പണം നല്‍കുമെന്ന് ഉറപ്പാക്കി ബേങ്കുകള്‍ തമ്മിലുണ്ടാക്കുന്ന കരാറിന്റെ സേവന ചാര്‍ജ് കൂടി ഇന്ധനത്തിന്റെ വില നിര്‍ണയിക്കുമ്പോള്‍ കണക്കാക്കുന്നുണ്ട്. ചുരുക്കത്തില്‍ എണ്ണ ഉത്പാദക രാജ്യത്തു നിന്ന് അസംസ്‌കൃത എണ്ണ കപ്പലില്‍ കയറ്റി ഇന്ത്യയിലെ എണ്ണ ശുദ്ധീകരണ ശാലയിലെത്തുന്നതു വരെയുള്ള എല്ലാ ചെലവും പെട്രോളും ഡീസലും പാചകവാതകവും വാങ്ങുന്നവന്‍ വഹിക്കണമെന്ന് ചുരുക്കം.
എണ്ണയുടെ ഇറക്കുമതിച്ചുങ്കം സര്‍ക്കാറിനുള്ള വരുമാനമാണ്. ആ വരുമാനം ഈടാക്കുന്ന സര്‍ക്കാര്‍, കമ്പനികള്‍ സംസ്‌കരിച്ച് വിപണിയിലെത്തിക്കുന്ന ഉത്പന്നങ്ങള്‍ക്ക് മേല്‍ വീണ്ടും നികുതി ചുമത്തുന്നുണ്ട്. കേന്ദ്രം ചുമത്തുന്നതിന് പുറമെ സംസ്ഥാനങ്ങളും നികുതി ചുമത്തുന്നു. അസംസ്‌കൃത എണ്ണക്കുമേല്‍ സര്‍ക്കാര്‍ ചുമത്തുന്ന ചുങ്കം കൂടി ചേര്‍ത്താണ് കമ്പനികള്‍ ഇന്ധന വില നിര്‍ണയിക്കുക. ആ വിലയില്‍ സര്‍ക്കാറുകള്‍ വീണ്ടും നികുതി ചുമത്തുമ്പോള്‍ നടക്കുന്നത് വലിയ കൊള്ളയാണ്. ഇറക്കുമതിച്ചുങ്കമായി സര്‍ക്കാറിന് ലഭിക്കുന്ന തുകയാണ് ഇന്ധന സബ്‌സിഡിയായി ജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നത്. അതില്‍ പെട്രോളിന്റെയും ഡീസലിന്റെയും സബ്‌സിഡിയാണ് മന്‍മോഹന്‍ – നരേന്ദ്ര മോദി സര്‍ക്കാറുകള്‍ റദ്ദാക്കിയത്.
സകല ചെലവും ജനത്തിന്റെ ചുമലില്‍വെച്ച്, വില നിര്‍ണയ രീതി കൊണ്ടുവന്നതിന് സര്‍ക്കാറിനൊരു വിശദീകരണമുണ്ട്. എണ്ണക്കമ്പനികള്‍ക്ക് സാങ്കേതിക സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള മൂലധനം ഉണ്ടാക്കാനാണത്രെ ഈ രീതി. പൊതുമേഖലാ എണ്ണക്കമ്പനികളുടെ സാങ്കേതിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ജനത്തിന്റെ പോക്കറ്റില്‍ നിന്ന് പണം എടുക്കുന്നത് മനസ്സിലാക്കാം. സ്വകാര്യ കമ്പനികളുടെ സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ജനം പണം നല്‍കേണ്ട കാര്യമെന്താണ്? സി എ ജി റിപ്പോര്‍ട്ട് തയ്യാറാക്കിയ കാലയളവില്‍ പൊതുമേഖലാ കമ്പനികളൊന്നും സാങ്കേതിക സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ യാതൊന്നും ചെയ്തിരുന്നില്ല. അതുകൊണ്ടാണ് ആ കമ്പനികള്‍ അനര്‍ഹമായ ലാഭമുണ്ടാക്കിയെന്ന് സി എ ജി കുറ്റപ്പെടുത്തിയത്.

അനര്‍ഹമായ ലാഭമുണ്ടാക്കലെന്നത് സംസ്‌കരിച്ച പ്രയോഗമാണ്. ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നതാണ് മലയാളം. പൊതുമേഖലാ കമ്പനികള്‍ക്കൊപ്പം സ്വകാര്യ കമ്പനികള്‍ക്കും കൊള്ളക്ക് സ്വാതന്ത്ര്യം നല്‍കുകയാണ് നമ്മുടെ ഭരണകൂടം ചെയ്യുന്നത്. അതിനു പുറമെയാണ് അസംസ്‌കൃത എണ്ണയുടെ വിലയിടിയുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കൊള്ള. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കൂടുമ്പോള്‍ അതിന്റെ ഭാരം ജനങ്ങളിലേക്ക് കൈമാറുന്ന സര്‍ക്കാര്‍, അപ്പോള്‍ പറയുന്ന ന്യായം വില കുറയുമ്പോള്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിക്കുമെന്നതാണ്. എന്നാല്‍ ആ ഇളവ് നിഷേധിച്ച് സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ക്കൂട്ടുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നത്. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിറകെ എണ്ണ വില കുത്തനെ ഇടിഞ്ഞിരുന്നു. അന്ന് അഞ്ചോ ആറോ തവണയാണ് നികുതി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഖജനാവിലേക് മുതല്‍ക്കൂട്ടിയത്.
ധനക്കമ്മി നിയന്ത്രിച്ച്, രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം വര്‍ധിപ്പിക്കാന്‍ ഇതല്ലാതെ വഴിയില്ലെന്നായിരുന്നു അക്കാലം ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെയും മറ്റും വിശദീകരണം. എന്നിട്ട് സാമ്പത്തികാരോഗ്യം മെച്ചപ്പെട്ടോ? 2014 മുതലിങ്ങോട്ടുള്ള അഞ്ച് വര്‍ഷവും ധനക്കമ്മി ഉയര്‍ന്നു തന്നെ നിന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാകുകയും ചെയ്തു. മൊത്തം ആഭ്യന്തര ഉത്പാദനം കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തി വളര്‍ച്ചാ നിരക്കില്‍ വര്‍ധനയുണ്ടായെന്ന് മേനി നടിച്ചുവെങ്കിലും കാര്യങ്ങള്‍ അവതാളത്തിലായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയുന്നതും രാജ്യം കണ്ടു. ധനക്കമ്മി ഇപ്പോഴും ഉയര്‍ന്നുതന്നെ നില്‍ക്കുകയും ചെയ്യുന്നു.
ലോകം കൊവിഡ് 19 ബാധയില്‍ അമരുകയും അത് ഉത്പാദന മേഖലയെ ബാധിക്കുകയും ചെയ്തതാണ് ഇപ്പോള്‍ എണ്ണ വില കുറയാനുള്ള പ്രധാന കാരണം. ആവശ്യം കുറഞ്ഞെങ്കിലും ഉത്പാദനം കുറക്കേണ്ടെന്ന് സഊദി അറേബ്യയും റഷ്യയും തീരുമാനിച്ചതും വിലയെ താഴേക്ക് വീഴ്ത്തി. ബാരലിന് മുപ്പത് ഡോളറിനും നാല്‍പ്പത് ഡോളറിനും ഇടയിലാണ് ഇപ്പോഴത്തെ വില. ഈ ഇടിവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കില്ലെന്ന വാശിയിലാണ് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വില കൂടും വിധത്തില്‍ എക്‌സൈസ് നികുതിയും റോഡ് സെസ്സും വര്‍ധിപ്പിക്കുക വഴി നരേന്ദ്ര മോദി സര്‍ക്കാര്‍, കേന്ദ്ര ഖജനാവിലേക്ക് പ്രതീക്ഷിക്കുന്നത് 39,000 കോടി രൂപയുടെ അധിക വരുമാനമാണ്.
കൊറോണ വൈറസ് പടരുന്നതിന് മുന്പ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണ് പ്രതിസന്ധിയല്ല, മാന്ദ്യമാണെന്നാണ് വിവരമുള്ള സാമ്പത്തിക വിദഗ്ധരൊക്കെ പറയുന്നത്. മാന്ദ്യമില്ല, പ്രതിസന്ധിയേയുള്ളൂവെന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ വാദം അംഗീകരിച്ച് രാജ്യസ്‌നേഹം പ്രകടിപ്പിക്കാം. ഈ പ്രതിസന്ധിയെ കൊവിഡ് 19 അധികരിപ്പിക്കുമെന്നുറപ്പ്. രാജ്യം കൂടുതല്‍ നിശ്ചലമായാല്‍ പ്രതിസന്ധി കൂടുതല്‍ അധികരിക്കും. അവിടെ നിന്നൊരു തിരിച്ചുവരവ് സമ്പദ് വ്യവസ്ഥക്കുണ്ടാകണമെങ്കില്‍ കൊവിഡാനന്തരം ഉത്പാദനം സകല മേഖലയിലും വര്‍ധിക്കണം, ഇന്ധന വിലയിലുണ്ടാകുന്ന കുറവ് ഏതാണ്ടെല്ലാ ഉത്പാദന മേഖലകള്‍ക്കും വലിയൊരളവില്‍ ഊര്‍ജം പകരുന്നതുമാണ്. അതനുവദിക്കാന്‍ പോലും തയ്യാറാകാത്ത സാമ്പത്തിക മാനേജ്‌മെന്റ്, നരേന്ദ്ര മോദി സര്‍ക്കാറിന് മാത്രമേ സാധിക്കൂ. രോഗ ബാധയില്‍ രാജ്യത്തെ പല മേഖലകളും സ്തംഭിക്കുമ്പോള്‍ തൊഴിലും വരുമാനവും നഷ്ടമാകുന്ന കോടിക്കണക്കിനാളുകള്‍ക്ക് മൂന്ന് രൂപയുടെ ആശ്വാസം പോലും നല്‍കരുതെന്ന് ചിന്തിക്കാനും നരേന്ദ്ര മോദി സര്‍ക്കാറിന് മാത്രമേ സാധിക്കൂ. മനുഷ്യ ജീവന് വിലകല്‍പ്പിച്ച ചരിത്രമില്ലാത്തവര്‍, ജനങ്ങളെ പിഴിയാനുള്ള ഏതെങ്കിലും അവസരം ഒഴിവാക്കുമോ?
കമ്പനികളുടെ കൊള്ളയും കൊള്ളക്കാരുടെ കമ്പനിയും – അപൂര്‍വ മിശ്രിതമാണ്. അതിനെ സഹര്‍ഷം സ്വാഗതം ചെയ്യുക എന്നതാണ് “രാജ്യസ്‌നേഹി’കളുടെ ഉത്തരവാദിത്തം.

രാജീവ് ശങ്കരന്‍
[email protected]