Connect with us

Kannur

സുരേഷ് ബാബു കൊലക്കേസ്: പ്രതികളെ കോടതി കുറ്റവിമുക്തരാക്കി

Published

|

Last Updated

തലശ്ശേരി | രാഷ്ട്രീയ വിരോധം കാരണം ബി ജെ പി പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു. രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ആര്‍ എല്‍ ബൈജുവിന്റെതാണ് വിധി. കുറ്റാരോപിതരായ സി പി എം പ്രവര്‍ത്തകര്‍ എരുവെട്ടി പൊട്ടന്‍പാറ സ്വദേശികളായ ന്യച്ചോളി കെ ജിജേഷ് (30), പടിഞ്ഞാറയില്‍ കെ നിധീഷ് (22), ചാലില്‍ വീട്ടില്‍ എന്‍ റിജില്‍ (30), ജിന്‍ഷ നിവാസില്‍ കെ മനീഷ് (32) എന്നിവരെയാണ് വിട്ടയച്ചത്.

2014 ആഗസ്റ്റ് 17 ന് രാത്രി എരുവെട്ടി പൊട്ടന്‍പാറയിലെ പുരുഷു പീടികയില്‍ വിജയന്റെ ഉടമസ്ഥതയിലുള്ള ഓയില്‍ മില്ലിനടുത്ത് സുഹൃത്തുക്കളോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന പൊട്ടന്‍പാറ ശ്രീപത്മം വീട്ടില്‍ നാണുവിന്റെ മകന്‍ എന്‍ സുരേഷിനെ (43) ആക്രമിച്ച് പരുക്കേല്‍പ്പിച്ചുവെന്നും ചികിത്സക്കിടയില്‍ ഇയാള്‍ മരിച്ചുവെന്നുമാണ് പോലീസ് കേസ്. സുരേഷിനെ ആക്രമിക്കുമ്പോള്‍ തടയാന്‍ ശ്രമിച്ച കെ വി വിനോജിനും പരുക്കേറ്റിരുന്നു. വിനോജിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതികള്‍ക്ക് വേണ്ടി സി കെ ശ്രീധരനും അഡ്വ. കെ അജിത്ത് കുമാറും ഹാജരായി.

Latest