Connect with us

National

എന്‍ പി ആറിന് രേഖകള്‍ ആവശ്യപ്പെടില്ല; ആരെയും 'സംശയാസ്പദം' എന്ന് പ്രഖ്യാപിക്കില്ല: അമിത് ഷാ

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയ ജനസംഖ്യാ രജിസ്റ്ററിന് വേണ്ടി ഒരു രേഖയും സമര്‍പ്പിക്കേണ്ടതില്ലെന്നും ആരെയും “ഡി” അഥവാ “സംശയാസ്പദം” എന്ന് പ്രഖ്യാപിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷ. ഡല്‍ഹി ആക്രമണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍ പി ആറിന് വേണ്ടി ഒരു രേഖയും സമര്‍പ്പിക്കേണ്ടതില്ലെന്നും നിങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ നല്‍കാനും മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കാനും സാധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. എന്നാല്‍ “ഡി” എന്നത് നീക്കംചെയ്യുമോ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചപ്പോള്‍, ആരും ഭയപ്പെടേണ്ടതില്ലെന്നും എന്‍പിആര്‍ വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ ആരെയും സംശയാസ്പദമായി പ്രഖ്യാപിക്കില്ലെന്നുമായിരുന്നു മറുപടി. എന്‍പിആറിനെക്കുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കുന്നതിന് മറ്റ് പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം തന്നെ സന്ദര്‍ശിക്കണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിലെ ഗുലാം നബി ആസാദിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

രേഖകള്‍ ആവശ്യപ്പെടില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞത് ശരിയല്ലെന്നും എങ്കില്‍ പിന്നെ എന്‍പിആറിന്റെ ഉപയോഗം എന്താണെന്നും കപില്‍ സിബല്‍ ചോദിച്ചു. സിഎഎയും എന്‍ആര്‍സിയും എന്‍പിആറും വിഷലിപ്തമായ ഒരു സംയോജനമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറക് ഓ ബ്രയന്‍ പറഞ്ഞു.

സെന്‍സസിന്റെ ഭാഗമായി 2010 ലാണ് നേരത്തെ എന്‍പിആര്‍ നടത്തിയത്. എന്നാല്‍ ഇത്തവണ എന്‍പിആര്‍ ചോദ്യാവലിയില്‍ വ്യക്തികളുടെ മാതാപിതാക്കളുടെ ജന്മസ്ഥലത്തെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടെ ഏതാനും ചോദ്യങ്ങള്‍ ചേര്‍ത്തതാണ് വിവാദത്തിന് കാരണമായത്. ഇതിന് അനുബന്ധമായി രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തവരുടെ പൗരത്വം സംശയാസ്പദം (ഡി) എന്ന് രേഖപ്പെടുത്താനും തീരുമാനിച്ചിരുന്നു. ഇതിനെയാണ് ഇപ്പോള്‍ അമിത്ഷാ നിഷേധിച്ചിരിക്കുന്നത്.

വീടിന്റെ തരം, കുടുംബാംഗങ്ങളുടെ എണ്ണം, വൈദ്യുതി ഉറവിടം, കുടുംബത്തിന് ടോയ്‌ലറ്റ് ലഭ്യമാണോ, ഏത് തരം ടോയ്‌ലറ്റ്, മലിനജല ഔട്ട്‌ലെറ്റ്, കുളിക്കാനുള്ള സൗകര്യം, അടുക്കളയുടെ ലഭ്യത, എല്‍പിജി / പിഎന്‍ജി കണക്ഷന്‍ തുടങ്ങിയവയാണ് എന്‍പിആര്‍ ഫോമിലെ പ്രധാന ചോദ്യങ്ങള്‍. 2020ലെ എന്‍പിആറില്‍, മാതാപിതാക്കളുടെ ജന്മസ്ഥലവും ജനനത്തീയതിയും സംബന്ധിച്ചതും ഒരു വ്യക്തിയുടെ നിലവിലുള്ളതും സ്ഥിരവുമായ വിലാസം, മാതൃഭാഷ, ദേശീയത എന്നിവ ആവശ്യപ്പെടുന്നതുമായ എട്ട് അധിക ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും ഇടതുപക്ഷം ഭരണം നടത്തുന്ന കേരളം, തൃണമൂല്‍ ഭരിക്കുന്ന ബംഗാള്‍, ബിജെപി സഖ്യകക്ഷിയായ നിതീഷ് കുമാര്‍ ഭരിക്കുന്ന ബീഹാര്‍ എന്നിവരും എന്‍പിആര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.