നിങ്ങ പൊളിയാണ് ബ്രോ; വൈറലായി കൈഫിന്റെ ക്യാച്ച്

Posted on: March 10, 2020 8:52 am | Last updated: March 12, 2020 at 11:58 am


മുംബൈ | ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മികച്ച ഫീൽഡർ എന്നറിയപ്പെട്ടിരുന്ന മുൻ താരം മുഹമ്മദ് കൈഫിന്റെ ക്യാച്ച് വൈറലാകുന്നു.

കവറിലും പോയിന്റിലുമായി മുഹമ്മദ് കൈഫും യുവരാജ് സിംഗും ഉണ്ടെങ്കിൽ പിന്നെ അവിടേക്ക് ഷോട്ടുകൾ പായിക്കാൻ എതിരാളികൾക്ക് പേടിയായിരുന്നു. ഉയർന്ന് ചാടിയുള്ള ഇവരുടെ ഫീൽഡിംഗിനെ ക്രിക്കറ്റ് ലോകം അതിയായി ഇഷ്ടപ്പെട്ടിരുന്നു. “ഇന്ത്യയുടെ ജോണ്ടി റോഡ്സ്’ എന്നാണ് അനുകൂലികൾ കൈഫിനെ വിളിച്ചിരുന്നത്. പ്രായം 39ൽ എത്തിനിൽക്കുകയാണെങ്കിലും പഴയ ആ ഫീൽഡിംഗ് മികവിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കൈഫ്. കഴിഞ്ഞ ദിവസം റോഡ് സേഫ്റ്റി വേൾസ് സീരീസ് ടൂർണമെന്റിൽ ഇന്ത്യ ലെജൻഡ്‌സും ശ്രീലങ്ക ലെജൻഡ്‌സും തമ്മിൽ മുംബൈയിൽ നടന്ന മത്സരത്തിലാണ് കൈഫ് വീണ്ടും തന്റെ ഫീൽഡിംഗ് മികവ് കാഴ്ചവെച്ചത്.

ശ്രീലങ്കൻ ക്യാപ്റ്റൻ തിലകരത്‌നെ ദിൽഷനെയും ചമര കപുഗെദെരയുമാണ് കൈഫ് ക്യാച്ചെടുത്ത് പുറത്താക്കിയത്. ഇതിൽ കപുഗെദെരയെ പുറത്താക്കാൻ കൈഫെടുത്ത ഡൈവിംഗ് ക്യാച്ച് സ്റ്റേഡിയത്തെ ഇളക്കിമറിച്ചു. ഈ ക്യാച്ചിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.