Connect with us

Articles

വിലക്ക് വരുന്ന വഴികൾ

Published

|

Last Updated

‘‘അഭിപ്രായം പറഞ്ഞതിന് ശേഷമുള്ള സ്വാതന്ത്ര്യമാണ് അഭിപ്രായ സ്വാതന്ത്ര്യമെന്നതിന്റെ അന്തസ്സത്ത. നിങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അനുവാദമുണ്ട്. ഇഷ്ടമുള്ളിടത്തോളം സംസാരിക്കാം. പക്ഷേ, നിങ്ങള്‍ പിന്നീട് സംസാരിക്കില്ലെന്ന് ഉറപ്പാക്കാന്‍ ആളുണ്ട്. അവര്‍ നിങ്ങളെ പിടികൂടും, ചിലപ്പോള്‍ തല്ലിക്കൊല്ലും”” – ഇന്ത്യന്‍ യൂനിയനിലെ സമകാലിക സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ട് പ്രമുഖ അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ പറഞ്ഞതാണിത്.
ഫാലി എസ് നരിമാന്റെ നിരീക്ഷണത്തിന് ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി തുടങ്ങി പല ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. ഹിന്ദുത്വ തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തതിന് ജീവന്‍ നഷ്ടപ്പെട്ടവര്‍. പലവിധ ഭീഷണികളാല്‍ ഭയത്തിന്റെ തടവറയിലേക്ക് നീക്കപ്പെട്ട് ജീവച്ഛവങ്ങളായവരും ധാരാളം. ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ക്ക് വേണ്ടി സംഘടിതമായി ശബ്ദിക്കാനൊരുങ്ങിയവര്‍ പോലീസിന്റെയോ സംഘ്പരിവാര്‍ അനുകൂലികളായ അക്രമി സംഘങ്ങളുടെയോ അതിക്രമങ്ങള്‍ക്ക് വിധേയരായി മൗനമനുഷ്ഠിക്കുന്നത് രാജ്യത്ത് പലഭാഗത്ത് കണ്ടു. ഇങ്ങനെ മൗനത്തിലേക്ക് മടങ്ങിയവരെ തുടര്‍ന്നും ആക്രമിച്ച് വര്‍ഗീയ കലാപം സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങളും കുറവല്ല. അതാണ് പൗരത്വ നിയമ ഭേദഗതിയില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയതിന്റെ തുടര്‍ച്ചയില്‍ ഉത്തര്‍ പ്രദേശില്‍ കണ്ടത്. ഇത്തരം ശ്രമങ്ങള്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ആസൂത്രിത വംശഹത്യാ ശ്രമത്തില്‍ എത്തിനില്‍ക്കുന്നു.

ഏതാണ്ട് സമാനവും ആസൂത്രിതവുമായ പിടികൂടലും ഇല്ലാതാക്കലും മാധ്യമ മേഖലയില്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ സ്ഥാനം താഴേക്ക് വരികയാണ്. 2019 ഏപ്രിലില്‍ റിപ്പോര്‍ട്ടേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് പുറത്തിറക്കിയ കണക്ക് പ്രകാരം 180 രാജ്യങ്ങളില്‍ നൂറ്റിനാല്‍പ്പതാം സ്ഥാനത്താണ് ഇന്ത്യ. 2019ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പായി മാധ്യമങ്ങള്‍ക്കും അതിന്റെ പ്രതിനിധികള്‍ക്കും നേര്‍ക്ക് അതിക്രമം വര്‍ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനേക്കാള്‍ പ്രധാനമാണ്, മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ പാകത്തില്‍ അധികാരത്തെ ഉപയോഗിക്കുന്നത്. ഭരണകൂടത്തിന്റെ, അതിന്റെ പിന്‍ബലമായ സംഘ്പരിവാരത്തിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യം നിഷേധിക്കുക എന്നതാണ് ഒരു വഴി. രാജ്യത്ത് മൂന്ന് പ്രധാന പത്രങ്ങള്‍ക്കാണ് പോയ വര്‍ഷം സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചത്. റഫാല്‍ യുദ്ധ വിമാന ഇടപാടിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന പത്രമാണ് ഇങ്ങനെ പരസ്യം നിഷേധിക്കപ്പെട്ടതില്‍ ഒന്ന്. ഇങ്ങനെയുള്ള നടപടികളിലൂടെ നിലനില്‍പ്പ് ഭീഷണിയിലാകുന്ന മാധ്യമങ്ങള്‍ വൈകാതെ, തങ്ങളുടെ വരുതിയില്‍ വരുമെന്ന് ഭരണകൂടം പ്രതീക്ഷിക്കുന്നുണ്ടാകണം.

മാധ്യമ സ്ഥാപനങ്ങളുടെ ഉടമകളെയും എഡിറ്റര്‍മാരെയും വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഭരണകൂടത്തിന് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കരുതെന്ന് പരസ്യ ദാതാക്കളോട് ആവശ്യപ്പെടുന്നതായും. സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കപ്പെടുമെന്ന ഭീഷണിക്കൊപ്പം സ്വകാര്യ പരസ്യങ്ങള്‍ ലഭിക്കുന്നത് ഇല്ലാതാക്കപ്പെടുമ്പോള്‍ നിലനില്‍പ്പ് മുഖ്യമായ സ്ഥാപനങ്ങളില്‍ പലതും ഭരണകൂടത്തിന്റെ ഇംഗിതങ്ങള്‍ക്ക് വഴിപ്പെടുകയാണ്. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിറകെ ദേശീയ മാധ്യമങ്ങളില്‍ വലിയൊരളവ് ഭരണകൂടത്തിന്റെ വിധേയരായി മാറിയിരുന്നു. മതനിരപേക്ഷ ജനാധിപത്യ സമ്പ്രദായം നിലനില്‍ക്കണമെന്ന ആഗ്രഹം തുടര്‍ന്നും പുലര്‍ത്തിയ മാധ്യമങ്ങളെയാണ് മേല്‍പ്പറഞ്ഞ വിധത്തില്‍ സമ്മര്‍ദത്തിലാഴ്ത്താന്‍ ഭരണകൂടം ശ്രമിക്കുന്നത്.
മുഖ്യധാരാ മാധ്യമങ്ങളെ അപ്രസക്തമാക്കുക എന്നതാണ് മറ്റൊരു വഴി. സാമൂഹിക മാധ്യമങ്ങളുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെയാണ് ഇതിനായി ഉപയോഗിക്കുന്നത്. അധികാരം നടത്തുന്ന ആശയവിനിമയങ്ങളില്‍ ഭൂരിഭാഗവും സാമൂഹിക മാധ്യമങ്ങളിലൂടെയാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവയെ മുഖ്യ വേദിയാക്കിക്കൊണ്ടുവരികയും അതിലൂടെ നുണകളും അര്‍ധ സത്യങ്ങളും പ്രചരിപ്പിക്കാന്‍ ആസൂത്രിതമായി ശ്രമിക്കുകയും ചെയ്യുന്നു. പ്രചരിപ്പിക്കുന്ന നുണകള്‍ക്കും അര്‍ധ സത്യങ്ങള്‍ക്കും ആധികാരികതയുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനാണ് സാമൂഹിക മാധ്യമങ്ങളെ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കാന്‍ അധികാരം തയ്യാറാകുന്നത്.

മുഖ്യധാരാ മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താനോ അപ്രസക്തമാക്കാനോ നടക്കുന്ന പലവിധ ശ്രമങ്ങളുടെ തുടര്‍ച്ചയായി വേണം മീഡിയ വണ്‍, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെ കാണാന്‍. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയത് ആസൂത്രിതമായ വംശഹത്യാ ശ്രമമാണെന്ന് റിപ്പോര്‍ട്ട് ചെയ്തത് ഈ രണ്ട് മാധ്യമങ്ങള്‍ മാത്രമായിരുന്നില്ല. ഡല്‍ഹി പോലീസ് നിഷ്‌ക്രിയമായിരുന്നുവെന്നും പലേടത്തും അക്രമികളെ സഹായിച്ചെന്നും പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അക്രമികളില്‍ നിന്ന് സംരക്ഷണം തേടി എത്തിയ ഫോണ്‍ കോളുകളോട് പ്രതികരിക്കാന്‍ പോലും പോലീസ് തയ്യാറാകാതിരുന്നതിന്റെ തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. നടപടിയെടുക്കാന്‍ തങ്ങളെ അനുവദിച്ചില്ലെന്ന് ഡല്‍ഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പറഞ്ഞത്, ചില മാധ്യമങ്ങള്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നിട്ടും പ്രാദേശിക ഭാഷയിലെ രണ്ട് മാധ്യമങ്ങള്‍ക്കെതിരെ മാത്രം നടപടി എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്.

രാജ്യത്തെ എല്ലാ മാധ്യമങ്ങളെയും ഭീഷണിപ്പെടുത്തുന്നതിനുള്ള ഉപാധിയായി മലയാളത്തിലെ രണ്ട് ചാനലുകളെ തിരഞ്ഞെടുത്തതാകാം. അല്ലെങ്കില്‍ ഇനി വഴക്കിയെടുക്കേണ്ടത് മലയാള മാധ്യമങ്ങളെയാണെന്ന നിശ്ചയത്തിലാകാം. പല വിഷയങ്ങളിലും ഭിന്ന നിലപാടെടുക്കുമ്പോഴും തീവ്ര ഹിന്ദുത്വ അജന്‍ഡകളെ വിമര്‍ശന ബുദ്ധിയോടെ സമീപിക്കുന്നവയാണ് മലയാളത്തിലെ ഏതാണ്ടെല്ലാ മാധ്യമങ്ങളും. ഇതില്ലാതാക്കുക എന്ന സംഘ്പരിവാര്‍ ആഗ്രഹത്തിന്റെ തുടര്‍ച്ച കൂടിയാകാം വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം. ഏതായാലും മാധ്യമ സ്വാതന്ത്ര്യമെന്നത് ഭരണകൂടത്തിന്റെ ഔദാര്യം മാത്രമാണെന്ന് പ്രഖ്യാപിക്കുകയാണ് ഇതിലൂടെ. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കാത്തവരെ ഇല്ലാതാക്കാന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും. ഭരണകൂടത്തിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങിയ മുഖ്യധാരാ മാധ്യമങ്ങളെ പിന്തുടരുകയോ ഭരണകൂടത്തിന്റെ അപ്രീതി സമ്പാദിക്കാതിരിക്കാന്‍ സ്വയം സെന്‍സറിംഗ് ഏര്‍പ്പെടുത്തുകയോ ചെയ്യുക എന്നതാണ് സന്ദേശം. അതിന് ചില മാധ്യമങ്ങളെങ്കിലും തയ്യാറാകുമെന്ന് ഭരണകൂടവും സംഘ്പരിവാരവും പ്രതീക്ഷിക്കുന്നുമുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കും എന്‍ പി ആര്‍ – എന്‍ ആര്‍ സി സംയുക്തത്തിനുമെതിരെ ഏറ്റവും ശക്തമായ പ്രതികരണമുണ്ടായത് കേരളത്തിലാണ്. ഡല്‍ഹിയിലെയും ഇതര സംസ്ഥാനങ്ങളിലെയും സര്‍വകലാശാലകളിലുയര്‍ന്ന പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ മലയാളികളുണ്ടായിരുന്നു. ഉത്തര്‍ പ്രദേശിലും കര്‍ണാടകത്തിലുമുയര്‍ന്ന പ്രതിഷേധത്തിന് പിറകില്‍ മലയാളികളാണെന്ന ആക്ഷേപം അവിടുത്തെ സര്‍ക്കാറുകള്‍ ഉന്നയിച്ചതും ഓര്‍ക്കുക. മതനിരപേക്ഷ ജനാധിപത്യ സമ്പ്രദായം ഇല്ലാതാക്കാനും അത് ഉറപ്പു നല്‍കുന്ന ഭരണഘടനയെ അട്ടിമറിക്കാനും കേന്ദ്ര ഭരണകൂടവും സംഘ്പരിവാരവും ആസൂത്രിതമായി നടത്തുന്ന ശ്രമങ്ങളോട് രാജ്യത്താകെ എതിര്‍ശബ്ദങ്ങളുയര്‍ത്തുന്നതില്‍ മലയാളികളുടെ പങ്ക് ചെറുതായിരുന്നില്ല. ഇവിടുത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ സംവിധാനങ്ങളും അതിനായി യത്‌നിച്ചിരുന്നു. അതിന്റെ ജിഹ്വകളായി നിലകൊണ്ടു മലയാളത്തിലെ മാധ്യമങ്ങളില്‍ വലിയ പങ്ക്.

ഹിന്ദുത്വ അജന്‍ഡകളെ ഏതാനും മാധ്യമങ്ങള്‍, ഡല്‍ഹിയില്‍ ഒരു എന്‍ ഡി ടി വിയോ ഇന്ത്യന്‍ എക്‌സ്പ്രസോ കൊല്‍ക്കത്തയില്‍ ഒരു ടെലിഗ്രാഫോ, എതിര്‍ക്കുന്നത് പോലെയല്ല, പ്രാദേശിക ഭാഷയിലാണെങ്കിലും ഭൂരിഭാഗം മാധ്യമങ്ങളും ഒരുപോലെ എതിര്‍ക്കുന്ന സാഹചര്യം. ഏതാണ്ട് ഒരേ രീതിയില്‍ എതിര്‍പ്പിന്റെ ശബ്ദം ഉയരുന്നത് ഭാഷയുടെ അതിരുകളെ ഭേദിച്ചുള്ള ആഘാതം സൃഷ്ടിക്കുന്നുണ്ട്. എതിര്‍പ്പുകളുടെ ഏകോപനത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. അതിനെ ഇല്ലാതാക്കുക എന്നതും വിലക്കിന്റെ ലക്ഷ്യമാകാം. 48 മണിക്കൂര്‍ നേരത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്ക്, വൈകാതെ പിന്‍വലിച്ച് മാധ്യമ സ്വാതന്ത്ര്യത്തെ മാനിക്കുന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാടെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇത്തരം സംഗതികള്‍ ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. അഭിപ്രായം പറഞ്ഞതിന് ശേഷമുള്ള സ്വാതന്ത്ര്യം ഭരണകൂടം നിശ്ചയിക്കുമെന്ന ഓര്‍മപ്പെടുത്തലാണിത്. നിങ്ങള്‍ തുടര്‍ന്ന് സംസാരിക്കില്ലെന്ന് ഉറപ്പാക്കാന്‍ ആളുണ്ടെന്ന ഭീഷണിയും.

രാജീവ് ശങ്കരന്‍
sankaranrajeev@gmail.com

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്