സർഗാത്മകതയുടെ ഭ്രമിപ്പിക്കുന്ന വായനാനുഭവം

തുടക്കത്തിൽ വായനയെ പിടികൂടിയേക്കാവുന്ന ചെറിയൊരുതരം ആലസ്യത്തെ പേജുകൾ മുന്നോട്ടു പോകുംതോറും എളുപ്പത്തിൽ മറികടക്കുക മാത്രമല്ല, ആകാംക്ഷാഭരിതമായ ഒരാകർഷണവലയത്തിൽ വായനക്കാരെ തളച്ചിടുക കൂടിചെയ്യുന്ന നോവലാണ് സമുദ്രശില.
Posted on: March 8, 2020 5:55 pm | Last updated: March 8, 2020 at 5:55 pm

എഴുത്തിൽ പിശുക്കുണ്ടെങ്കിലും വായിപ്പിക്കുന്നതിൽ വലിയ ധാരാളിത്തം പ്രകടമാക്കാൻ കഴിവുള്ള രചനകളുമായിട്ടാണ് മലയാള കഥാസാഹിത്യത്തിൽ സുഭാഷ് ചന്ദ്രൻ പ്രത്യക്ഷപ്പെടാറുള്ളത്. ആദ്യ നോവലായ “മനുഷ്യന് ഒരു ആമുഖം’ പൂർത്തിയാക്കാൻ പത്ത് വർഷമെടുത്ത സുഭാഷ് ചന്ദ്രൻ അതുകഴിഞ്ഞ് ഒരു വെള്ളിയാംകല്ല് യാത്രക്ക് ശേഷം രണ്ടാമത്തെ നോവലായ “സമുദ്രശില ‘ പൂർത്തിയാക്കാനും മറ്റൊരു പത്ത് വർഷമെടുത്തു. 300 പേജുകളിലായി പരന്നു കിടക്കുന്ന ഈ നോവലും ആദ്യ നോവൽ പോലെത്തന്നെ വായനക്കാരിൽ വൻ സ്വീകാര്യതയാണ് ഉണ്ടാക്കിയത്.

തുടക്കത്തിൽ വായനയെ പിടികൂടിയേക്കാവുന്ന ചെറിയൊരുതരം ആലസ്യത്തെ പേജുകൾ മുന്നോട്ടു പോകുംതോറും എളുപ്പത്തിൽ മറികടക്കുക മാത്രമല്ല, ആകാംക്ഷാഭരിതമായ ഒരു ആകർഷണവലയത്തിൽ വായനക്കാരെ തളച്ചിടുക കൂടി ചെയ്യുന്ന നോവലാണ് സമുദ്രശില. അംബ, അപ്പു എന്നീ കഥാപാത്രങ്ങളിലൂടെ മനുഷ്യരിൽ അന്തർലീനമായിട്ടുള്ള നന്മകളെ മാത്രമല്ല, എല്ലാ വന്യമായ വൈകാരിക അംശങ്ങളേയും യുക്തി സഹമായി ആവിഷ്‌കരിക്കുന്ന ഒരു അപൂർവ സൃഷ്ടിയാകുന്നു സമുദ്രശില.

മയ്യഴിപുഴയുടെ തീരങ്ങളിലൂടെ എം മുകുന്ദൻ പരിചയപ്പെടുത്തിയ വെള്ളിയാംകല്ലിന്റെ തീർത്തും വ്യത്യസ്തമായ മറ്റൊരു തലത്തിലൂടെ വായനക്കാരുടെ മനസ്സുകളെ മേയാൻ വിടുന്ന ഈ നോവൽ വായനയെ ഭ്രമിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. പലപ്പോഴും അത് മനുഷ്യാവസ്ഥകളിലെ പല വിചിത്ര തലങ്ങളിലേക്കും പടർന്നുകയറുന്ന വായനാനുഭവത്തെ ആവിഷ്‌കരിക്കുന്നു.
അതിലൊന്നാണ് അംബയുടെ മരിച്ചു കിടക്കുന്ന അമ്മയുടെ മൃതദേഹത്തിലേക്ക് ആസക്തിയോടെ പല്ലുകൾ കടിച്ചമർത്തുന്ന അപ്പു എന്ന കഥാപാത്രത്തിന്റെ നിർവചിക്കാനാകാത്ത മനസ്സിലൂടെയുള്ള സഞ്ചാരങ്ങൾ. അതുപോലെ ദാമ്പത്യത്തിന്റെ ആദ്യത്തെ പത്ത് മാസംകൊണ്ടുതന്നെ ഭാര്യയുടെ എല്ലാ ഇഷ്ടങ്ങളോടും ഒരു അനിഷ്ടം വളർത്തിയെടുക്കുന്ന സിദ്ധാർത്ഥനെ സൃഷ്ടിക്കുക വഴി ദാമ്പത്യത്തിലെ വില്ലൻ കഥാപാത്രമായി പുരുഷനെ ചിത്രീകരിക്കുകയല്ല നോവലിസ്റ്റ് ചെയ്യുന്നത്.

പലപ്പോഴും നമ്മൾ ബന്ധങ്ങൾക്ക് ചാർത്തി ക്കൊടുക്കുന്ന പവിത്രതകൾക്കിടയിൽ ഒളിഞ്ഞുകിടക്കുന്ന അനിവാര്യമായ ചില അപ്രിയങ്ങളുടെ വളർച്ചകളെകൂടി അവഗണിക്കാനാകില്ല എന്ന ജീവിത സത്യത്തിലേക്കുള്ള വിരൽ ചൂണ്ടലായി കരുതേണ്ട ഒന്നാണത്. പൊള്ളയായ ചില സദാചാര സങ്കൽപ്പങ്ങളാൽ ജീവിതത്തിന്റെ നൈസർഗികമായ ചില ആസക്തികളോട് മുഖം തിരിച്ചുകളയുന്ന മനുഷ്യൻ ഉള്ളിന്റെ ഉള്ളിൽ സൂക്ഷിക്കുന്ന കാപട്യത്തിന്റെ ലോകത്തെ തുറന്നുകാണിക്കുന്ന ചില പ്രയോഗങ്ങൾ നോവലിൽ പലയിടത്തും കോറിയിട്ടിട്ടുണ്ട്‌ സുഭാഷ് ചന്ദ്രൻ. അഴുക്കു പോലും അഴകാവുന്ന മനസ്സിന്റെ നിഗൂഢതകളിൽ ഒളിഞ്ഞുകിടക്കുന്ന അനുഭൂതികളുടെ വിചിത്ര തലങ്ങളിലൂടെയുള്ള ഒരു ഊളിയിടൽ കൂടിയാണ് പല പ്രയോഗങ്ങളുടെയും ലക്ഷ്യംവെക്കൽ.

പ്രണയത്തെ കാമത്തിൽ നിന്നും തീർത്തും മോചിപ്പിച്ചെടുക്കാൻ പറ്റാത്തതുപോലെ കാമം എന്ന ജൈവീകവികാരം പ്രണയമെന്ന അനുഭൂതിക്ക് നേർവിപരീതമാണെന്ന പാരമ്പര്യ സങ്കൽപ്പങ്ങളിലേക്കടക്കം പൊളിച്ചെഴുത്തിന്റെ ഭാഷയിൽ കടന്നു കയറുന്ന സമുദ്രശിലയിലൂടെ സകലമാന മനുഷ്യാവസ്ഥകളേയും ഇഴകീറി പരിശോധിക്കുന്ന ഭാവനയുടെ തേരോട്ടം മൂലം സുഭാഷ് ചന്ദ്രൻ തന്നെത്തന്നെ ചിലയിടത്ത് സാങ്കൽപ്പിക കഥാപാത്രമാക്കുന്നു. അതുവഴി ആകാംക്ഷകളുടെയും ഉത്കണ്ഠകളുടെയും തിരതല്ലലിൽ വായന ജിജ്ഞാസയുടെ എല്ലാ അതിർവരമ്പുകളയും ലംഘിച്ച് മുന്നേറുന്ന ഒരു പ്രക്രിയയിലേക്ക് ലയിച്ചു ചേരും പോലെയാകും സമുദ്രശിലയുടെ വായന നമ്മെ കൂട്ടിക്കൊണ്ടുപോകുക.
ശൈലീ വ്യതിരിക്തതയാലും സുഭാഷിന്റെ കരവിരുതിൽ സമുദ്രശില മലയാള സാഹിത്യത്തിൽ തലയുയർത്തി നിൽക്കുന്ന സർഗാത്മകതയുടെ ഒരു വിളക്കുമാടം തന്നെയായി നിലകൊള്ളുന്നു എന്നുവേണം കരുതാൻ. പ്രസാധകർ. മാതൃഭൂമിബുക്‌സ്. വില: 325 രൂപ.

ALSO READ  പോസ്റ്റ്മോർട്ടം ടേബിളിലെ നിശബ്ദ നിലവിളികൾ

കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി
[email protected]