Connect with us

Malappuram

ബാലകൃഷ്ണൻ വള്ളിക്കുന്ന്: മാപ്പിള സാഹിത്യത്തോടൊപ്പം ഒരു ജീവിതം

Published

|

Last Updated

തിരൂരങ്ങാടി | വിട പറഞ്ഞ ബാലകൃഷ്ണൻ വള്ളിക്കുന്നിനെക്കുറിച്ച് പറയുമ്പോൾ മാപ്പിള സാഹിത്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയെന്ന് പറഞ്ഞാൽ അത് പൂർണമാകില്ല. മാപ്പിള സാഹിത്യങ്ങളെക്കുറിച്ച് ഗഹനമായി പഠിച്ച് ഗവേഷണം നടത്തി അവയിലെ നെല്ലും പതിരും വേർതിരിക്കുന്നതിൽ വിജയിച്ച വ്യക്തിയാണദ്ദേഹം. ഈ മേഖലയിൽ മുസ്‌ലിംകളായ ഒരാൾക്ക് പോലും കണ്ടെത്താനാകാത്ത വിജ്ഞാനങ്ങളാണ് ഹൈന്ദവ മതവിശ്വാസിയായ ബാലകൃഷ്ണൻ മാഷ് സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചത്. നിരവധി മുസ്‌ലിം ചരിത്രഗവേഷകർ ഈ വിഷയത്തിൽ ശിഷ്യൻമാരായി ഇദ്ദേഹത്തിനുണ്ട്.
ഇസ്‌ലാമിക ജീവിത ദർശനത്തിന്റെ ഭാവപരമായ ഉൾക്കരുത്ത് കൊണ്ടല്ലാതെ മാപ്പിള സാഹിത്യത്തിന് ആ പേരിൽ നിലനിൽക്കാൻ കഴിയില്ല. അതുകൊണ്ട് ദാർശനികമായൊരു തിരിച്ചുപോക്കാണ് മാപ്പിള സാഹിത്യത്തിന് ശിഥിലീകരണത്തിൽനിന്നും അപചയത്തിൽ നിന്നുമുള്ള മോചനത്തിന് പോംവഴി എന്നായിരുന്നു ബാലകൃഷ്ണൻ മാഷിന്റെ കണ്ടെത്തൽ.

[irp]

ചെറുപ്പകാലത്ത് തിരൂരങ്ങാടിയിലെ അധ്യാപന ജീവിതവും ബദ്‌റുൽ മുനീർ ഹുസ്‌നുൽ ജമാൽ കാവ്യ പരീക്ഷക്ക് പഠിക്കേണ്ടി വന്ന സാഹചര്യവും മാപ്പിളപ്പാട്ട് പാരമ്പര്യത്തെക്കുറിച്ച് അന്വേഷിക്കാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ച വസ്തുതകളാണ്. അറബി സാഹിത്യം ഇസ്‌ലാമിക ജീവിതത്തിന്റെ നേർകാഴ്ചകളായിത്തീരുന്നു. അവയിൽ നിന്ന് പ്രചോദനം നേടിയവയാണ് മാപ്പിള സാഹിത്യരചനകൾ. മാപ്പിള സാഹിത്യത്തിന്റെ തനിമകളഞ്ഞു കളിക്കുന്നതിൽ ഇദ്ദേഹത്തിന് വലിയ അമർഷമുണ്ടായിരുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന സംഘടനയും അതിലെ ഉലമാക്കളും മുസ്‌ലിം സമൂഹത്തിന്റെ ജൈവികമായ അനിവാര്യതയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. മാപ്പിള സാമൂഹികതയിലെ അത്തരമൊരു ജൈവീക അനിവാര്യതയുടെ വക്താക്കൾ എന്ന നിലയിൽ കാന്തപുരത്തിന്റെ നേതൃത്വവും പ്രവർത്തനവും ഇദ്ദേഹം ഏറെ പുകഴ്ത്തിയിരുന്നു.

[irp]

വള്ളിക്കുന്ന് ബി ഇ എം സ്‌കൂളിൽ പ്രാഥമിക പഠനത്തിന് ശേഷം മൈസൂർ റീജ്യനൽ കോളജിൽ നിന്ന് ബി എഡ് പാസ്സായ ബാലകൃഷ്ണൻ നെടുവ യു പി സ്‌കൂൾ, തേഞ്ഞിപ്പലം ജി യു പി സ്‌കൂൾ, കടലുണ്ടിനഗരം ഫിഷറീസ് എൽ പി സ്‌കൂൾ, ചെട്ടിപ്പടി ഫിഷറീസ് എൽ പി സ്‌കൂൾ, തിരൂർ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും കക്കാട് ജി എം യു പി സ്‌കൂൾ, നെടുവ ഗവ. യു പി സ്‌കൂൾ, മൂന്നിയൂർ നിബ്രാസ് സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനായും സേവനം ചെയ്തിട്ടുണ്ട് . ചരിത്രപ്രസിദ്ധമായ മുഹ് യിദ്ദീൻ മാലയിലെ ഓരോ വരികളെക്കുറിച്ചും പ്രത്യേകം ഇദ്ദേഹം പഠനം നടത്തിയിട്ടുണ്ട്.

[irp]

ഈ രംഗത്ത് നിരവധി ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മാപ്പിള സാഹിത്യ അക്കാദമി അവാർഡ്, എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് അവാർഡ്, ഗുരു ശ്രേഷ്ഠ അവാർഡ്, മലപ്പുറം മഅ്ദിൻ വിജയരേഖ പുരസ്‌കാരം, ഖാഇദെ മില്ലത്ത് കൾച്ചറൽ സെന്റർ പുരസ്‌കാരം, കൊരമ്പയിൽ അഹമ്മദ് ഹാജി അവാർഡ്, ദുബൈ കെ എം സി സി യുടെ സി എച്ച് അവാർഡ്, മാപ്പിള സോംഗ് ലവേഴ്‌സ് അവാർഡ്, നടുത്തോപ്പിൽ അബ്ദുല്ല സ്മാരക അവാർഡ്, അൽ അറേബ്യ സമോനി അവാർഡ്, ഉബൈദ് സ്മാരക സാഹിത്യ അവാർഡ്, വി സി ബാലകൃഷ്ണ പണിക്കർ അവാർഡ്, കെ കെ മുഹമ്മദ് അബ്ദുൽകരീം അവാർഡ് തുടങ്ങിയവ അവയിൽ ചിലത് മാത്രം.1997 ൽ സിറാജ് പുറത്തിറക്കിയ ഗൈഡിന്റെ എഡിറ്ററായും പൂങ്കാവനം പ്രസിദ്ധീകരിച്ച ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ എഡിറ്റോറിയൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മാപ്പിള സാഹിത്യമെന്നത് വളരെ വിശാലവും ഗഹനവുമായൊരു സാഹിത്യ പ്രസ്ഥാനമാണ്. ഒരുപാട് കവികളും രചയിതാക്കളും ഗദ്യകാരൻമാരും വൈകാരികതയാൽ കരുപിടിപ്പിച്ചതാണീ പ്രസ്ഥാനം. അതിലേക്കുള്ള എന്റെ സംഭാവനകൾ തുലോം പരിമിതവും തുച്ഛവുമാണെന്ന് ബാലകൃഷ്ണൻ മാഷ് പറയാറുണ്ട്.

ഹമീദ് തിരൂരങ്ങാടി

---- facebook comment plugin here -----

Latest