Connect with us

National

ആ ഒറ്റമുറി വീട്ടിൽ അവർ ബാപ്പയെ കാത്തിരിക്കുന്നു

Published

|

Last Updated

അക്രമികളുടെ വെടിയേറ്റതിനെ തുടർന്ന് ഇപ്പോഴും അൽഹിന്ദ് ആശുപത്രിയിൽ കഴിയുന്ന ദാനിഷ്, അക്രമത്തിൽ കൊല്ലപ്പെട്ട മുസ്തഫാബാദിലെ ഹാഷിമിന്റെ മക്കളായ അനീസും അലീസും വലിയുമ്മ അസ്ഗരിയോടൊപ്പം

ന്യൂഡൽഹി | മൂന്ന് വയസ്സുകാരൻ അനീസിന് ഒന്നുമറിയില്ല. അവൻ ഒറ്റമുറി വീട്ടിനകത്ത് ഓടിനടക്കുകയാണ്. നാല് വയസ്സുള്ള ചേട്ടൻ അലീസിന് ഉപ്പയെ കാണാതെ പറ്റില്ല. അതിനാൽ അവൻ ഇപ്പോഴും കരച്ചിൽ അവസാനിപ്പിച്ചിട്ടില്ല.
പുരാനാ മുസ്തഫാബാദിലെ നൂർ മസ്ജിദിന് സമീപം 17ാം നമ്പർ ഗല്ലിയിലെ ഈ വീട്ടിൽ സഹോദരങ്ങളായ രണ്ട് പേരെയാണ് അക്രമികൾ കൊലപ്പെടുത്തിയത്. മുഹമ്മദ് ഹാഷിം, അനുജൻ മുഹമ്മദ് അമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഹാഷിമിന്റെ മക്കളാണ് അനീസും അലീസും. ഹാഷിം ഡ്രൈവറായിരുന്നു. അമീർ തെരുവു കച്ചവടക്കാരനും.

അക്രമികൾ ജയ് ശ്രീറാം വിളികളുമായി മുസ്തഫാബാദിന്റെ ഗല്ലികളിലേക്ക് ഇരച്ചുകയറാൻ തുടങ്ങിയപ്പോൾ എല്ലായിടത്തും ഭീതി പരന്നു. മക്കളെ വിളിച്ചപ്പോൾ മൂത്തവനെ ഫോണിൽ കിട്ടി. അവൻ പറഞ്ഞു അനുജനേയും കൂട്ടി അഞ്ച് മിനുട്ടിനുള്ളിൽ വീട്ടിലെത്തും, പേടിക്കേണ്ട എന്ന്. എന്നാൽ, അരമണിക്കൂർ കഴിഞ്ഞിട്ടും മക്കളെ കാണാതായതോടെ ആധിയായി. വീണ്ടും വിളിച്ചെങ്കിലും രണ്ടാളുടെയും ഫോൺ എടുക്കുന്നില്ല- രണ്ട് മക്കളെ നഷ്ടപ്പെട്ട മാതാവ് അസ്ഗരി വേദന കടിച്ചമർത്തി പറഞ്ഞു. അക്രമികൾ പിൻവലിഞ്ഞപ്പോൾ വഴിയോരത്ത് ചോരയിൽ കുളിച്ചു വീണുകിടക്കുകയായിരുന്ന രണ്ട് പേരെയും ആരൊക്കെയോ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് രോഗിയായ പിതാവ് ബാവുഖാൻ പറഞ്ഞു. ആശുപത്രിയിൽ വെച്ചാണ് അവർ മരിച്ചത്. രാത്രിയോടെ ആരൊക്കെയോ വന്ന് മരണവാർത്ത അറിയിച്ചു. രണ്ട് കുടുംബങ്ങളിലായി 11 പേർ താമസിക്കുന്ന വീടിന്റെ അത്താണിയായിരുന്നു ഹാഷിമും അമീറും.

ഇപ്പോഴും ഈ കുടുംബത്തെ ആശ്വസിപ്പിക്കാൻ പലരും എത്തുന്നുണ്ട്. എന്നാൽ, ഡൽഹി സർക്കാറിൽ നിന്ന് ഒരാളും ഇതുവരെ ഈ വീട്ടിൽ എത്തിയിട്ടില്ലെന്ന് ബാവുഖാൻ പറയുന്നു. കേരളത്തിൽ നിന്നുള്ള ഒരു സംഘം കുറച്ചു പണം നൽകിയതായും കേസ് നടത്തുന്നതിനുള്ള സഹായവുമായി ചില സന്നദ്ധ പ്രവർത്തകർ വന്നിരുന്നതായും വീട്ടുകാർ പറഞ്ഞു.

ക്യാമ്പായി ആശുപത്രി

ശിവ് വിഹാറിൽ വെച്ച് വെടിയേറ്റ മുഹമ്മദ് ദാനിഷ് ഇപ്പോഴും ആശുപത്രിക്കിടക്കയിൽ കിടന്നു പിടയുകയാണ്. 22 കാരനായ ദാനിഷ് ഒരു കടയിൽ സഹായിയാണ്. അക്രമികൾ ഗല്ലിയിലേക്കു വരുന്നതു കണ്ട് കടയുടെ ഷട്ടർ താഴ്ത്തി വേഗം വീട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് തുടയിൽ വെടിയേറ്റത്. ശരീരത്തിൽ നിന്ന് രക്തം വാർന്ന് റോഡിൽ ഏറെ നേരം കിടന്നശേഷമാണ് ആരൊക്കെയോ ചേർന്ന് അൽ ഹിന്ദ് ആശുപത്രിയിൽ എത്തിച്ചത്. അവിടെ വെച്ച് ശസ്ത്രക്രിയയിലൂടെ വെടിയുണ്ട നീക്കം ചെയ്‌തെങ്കിലും കഠിനമായ വേദന ശമിച്ചിട്ടില്ല.

ഇന്നലെ ദാനിഷിനെ കാണുമ്പോഴും അവൻ വേദനകൊണ്ട് പിടയുകയായിരുന്നു. വെടിയുണ്ട എല്ലുതുളച്ചു കയറിയതിനാൽ കാലിന്റെ പരുക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇങ്ങനെ വെടിയേറ്റവരെയും മർദനമേറ്റവരെയും സൗജന്യമായി ചികിത്സിക്കാൻ തയ്യാറായ ഡോക്ടർ എം എ അൻവറിന്റെ അൽഹിന്ദ് ആശുപത്രിയിൽ നിരവധി പേരെയാണ് പ്രവേശിപ്പിച്ചത്. പരുക്കേറ്റവരുടെ ബന്ധുക്കളും ആശുപത്രിയിൽ അഭയം തേടിയെത്തി. അവരുടെ വീടുകൾ അഗ്നിക്കിരയായതോടെ തിരിച്ചുപോകാൻ ഇടമില്ലാതായി. ഇതോടെ ആശുപത്രി ദുരിതാശ്വാസ ക്യാമ്പായി പരിവർത്തിപ്പിക്കുകയായിരുന്നു ഡോ. അൻവർ. ആശുപത്രിയുടെ മുകളിലെ ഒരു നില രോഗികളെ മാറ്റി അഭയാർഥികൾക്ക് താമസിക്കാൻ ഇടമൊരുക്കി.

അവർക്ക് മാറാൻ വിവിധ സ്ഥലങ്ങളിൽ നിന്നു വസ്ത്രങ്ങൾ എത്തിച്ചു. ഭക്ഷണം നൽകാനും സംവിധാനമൊരുക്കിയതോടെ ആശുപത്രിയിൽ കുട്ടികളും വൃദ്ധരും അടങ്ങുന്ന അഭയാർഥി ക്യാമ്പ് രൂപംകൊള്ളുകയായിരുന്നു.