Connect with us

Articles

മാപ്പിള സംസ്‌കൃതിയുടെ മഹാഗുരു

Published

|

Last Updated

ബാലകൃഷ്ണൻ മാഷ് യാത്രയായി. വെറും കൈയോടെ മടങ്ങുന്നവർക്കിടയിൽ നിറവോടെ. മാപ്പിള സാഹിത്യത്തിന്റെ ജീവൽ പ്രതീകമായി നിലകൊണ്ടതിന്റെ സുവർണ ജൂബിലിയുടെ നിറവിൽ നിൽക്കെയുള്ള ഈ വിരഹം മാപ്പിള സംസ്‌കൃതിയുടെ തന്നെ നഷ്ടമാണ്. മാപ്പിള കലകളെയും സാഹിത്യത്തെയും നെഞ്ചോടു ചേർക്കുകയും അതിനെ കുറിച്ചു പഠിക്കാനും പകർത്താനുമെത്തുന്നവരെ മനസ്സു നിറയുംവിധം വിരുന്നൂട്ടുകയും ചെയ്യുന്ന ആ സാന്നിധ്യം ഇനിയില്ലെന്നു തിരിച്ചറിയുമ്പോൾ വിരഹത്തിന്റെ ആഴം വലുതാണ്.
റെയിൽവേ ഉദ്യോഗസ്ഥനായ അയ്യപ്പന്റെയും അമ്മുവിന്റെയും മകനായി 1936ൽ മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിലാണ് ബാലകൃഷ്ണൻ ജനിക്കുന്നത്. അനാഥത്വത്തിന്റെയും കഷ്ടപ്പാടിന്റെയും ബാല്യകൗമാരങ്ങൾ. 1942-49ൽ നേറ്റീവ് യു പി സ്‌കൂൾ വള്ളിക്കുന്ന്, 49-54ൽ പരപ്പനങ്ങാടി ബി ഇ എം ഹയർ സെക്കന്‍ഡറി സ്‌കൂൾ, കോഴിക്കോട് ഗവ. ടി ടി സി, മൈസൂർ റീജ്യനൽ കോളജ് ഓഫ് എജ്യുക്കേഷൻ തുടങ്ങിയയിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തീകരിച്ചു.

[irp]

വള്ളിക്കുന്ന്, തേഞ്ഞിപ്പലം, ഫറോക്ക്, കടലുണ്ടി, തിരൂർ, തിരൂരങ്ങാടി, നെടുവ എന്നിവിടങ്ങളിലെ സർക്കാർ സ്‌കൂളുകളിൽ പ്രൈമറി-എച്ച് എസ് എ തലങ്ങളിൽ അധ്യാപന വൃത്തിയിലേർപ്പെട്ടു. മുപ്പത്തഞ്ച് വർഷത്തെ അധ്യാപക ജീവിതത്തിന് ശേഷം 91ൽ വിരമിച്ചു. തുടർന്ന് ഒരു വർഷം പരപ്പനങ്ങാടിയിലെ സ്വകാര്യ ടൂട്ടോറിയൽ കോളജ് പ്രൻസിപ്പലായി. ആയിടെ കോഴിക്കോട് പൂങ്കാവനം ബുക്‌സിന്റെ ഇസ്‌ലാമിക് എൻസൈക്ലോപീഡിയ എഡിറ്ററായി ക്ഷണിക്കപ്പെട്ടതോടെ ഇസ്‌ലാമിക വിജ്ഞാനീയങ്ങൾക്കായി ജീവിതം സമർപ്പിച്ചു.
1970ലാണ് അദ്ദേഹം മാപ്പിള സാഹിത്യത്തിന്റെയും കലകളുടെയും ഗവേഷണത്തിനും പ്രചാരണത്തിനും തുടക്കമിടുന്നത്. കെ കെ മുഹമ്മദ് അബ്ദുൽ കരീമായിരുന്നു പ്രചോദനം. തിരൂരങ്ങാടിയിലെ ഒരു അറബിക് സെമിനാറിൽ വെച്ച് യാദൃച്ഛികമായാണ് ഇരുവരും പരിചയപ്പെടുന്നത്. സി പി ശ്രീധരൻ, ഉബൈദ് സാഹിബ് തുടങ്ങി പലരും ഈ വഴിയിൽ മാഷ് ഓർത്തെടുക്കാറുള്ള പ്രചോദക വ്യക്തിത്വങ്ങളാണ്. 54 ലാണ് രചനകളിലേക്ക് കടക്കുന്നത്. കവിതകളോടായിരുന്നു ആദ്യ പ്രണയം. യുവകവി മാസിക, കൃഷിക്കാരൻ, ദേശാഭിമാനി തുടങ്ങിയവയിലാണ് ആദ്യ കാലത്തെ എഴുത്തുകൾ. ഇടക്കാലത്ത് കൃഷിക്കാരനിൽ പ്രൂഫ് റീഡിംഗും ചെയ്തു. എസ്‌ കെ പൊറ്റക്കാടിന്റെ പ്രപഞ്ചം മാസികയും കെ എ കേരളീയന്റെ കൃഷിക്കാരനും ദേശാഭിമാനിയിലാണ് അച്ചടിച്ചിരുന്നതെന്നതിനാൽ എസ്‌ കെയെയും ചെറുകാടിനെയും പോലുള്ള പ്രമുഖരെ പരിചയപ്പെട്ട കാര്യം മാഷ് പങ്കുവെച്ചിട്ടുണ്ട്.

[irp]

എഴുത്തിന്റെ ആദ്യപ്രതിഫലം നൽകിയത് സി എച്ചാണെന്ന് മാഷ്. തിരസ്‌കരിക്കപ്പെട്ട മാപ്പിള സാഹിത്യം എന്ന ചന്ദ്രികയിലെഴുതിയ ലേഖനത്തിനായിരുന്നു അത്. സ്‌തോത്ര കാവ്യങ്ങൾ മാപ്പിള പാട്ടിൽ എന്ന ചന്ദ്രികയിലെ പരമ്പരയോടെയാണ് മാപ്പിള സാഹിത്യ പഠന രംഗത്ത് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 72ലായിരുന്നു ഇത്. ഇതേ സമയത്തു മരണപ്പെട്ട ഉബൈദ് സാഹിബിന്റെ ഓർമക്കായി കാസർകോട് നടന്ന മാപ്പിളപ്പാട്ട് ഉത്സവത്തിലേക്ക് മുഖ്യാതിഥിയായി ക്ഷണിക്കപ്പെടാൻ ലേഖന പരമ്പര നിമിത്തമായി. അദ്ദേഹത്തിന്റെ ആദ്യത്തെ പൊതുവേദി പ്രസംഗം.

മാപ്പിള സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്ക് 2012 ലെ എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് സ്വീകരിക്കുന്നു

അതിനു ശേഷം എത്രയോ വേദികളിൽ മാഷ് മാപ്പിള സാഹിത്യത്തെയും ഇസ്‌ലാമിക പാരമ്പര്യത്തെയും കുറിച്ചു വാതോരാതെ പ്രസംഗിച്ചു. അതിലേറെ എഴുതി സമൂഹത്തിനായി സമർപ്പിച്ചു. കേരളത്തിൽ അങ്ങോളമിങ്ങോളം ഈ സംസ്‌കൃതിയുടെ ഉദ്ധാരണത്തിനും പ്രചാരണത്തിനുമായി നിരന്തരം യാത്രകൾ ചെയ്തു. ഒന്നും പ്രതിഫലേച്ഛയോടെയായിരുന്നില്ല എന്നതാണ് മാഷിന്റെ സപര്യയുടെ കാതൽ. ശബ്ദമില്ലാത്തവരുടെ ശബ്ദമായി തന്നെ സ്വയം പ്രതിഷ്ഠിച്ചുകൊണ്ട് സാധനയായി നിർവഹിക്കുകയായിരുന്നു അദ്ദേഹം ഇതെല്ലാം. മാപ്പിള സമുദായാംഗങ്ങൾ ചെയ്യേണ്ട ധർമങ്ങളാണ് അവരുടെ സാഹിത്യത്തിനും പാരമ്പര്യത്തിന്റെ ഉദ്‌ഘോഷത്തിനുമായി അഞ്ച് പതിറ്റാണ്ടിലേറെ കാലമായി ഇദ്ദേഹം അനുഷ്ഠാനം പോലെ നിർവഹിക്കുന്നതെന്ന് ഉൾക്കൊള്ളുമ്പോഴാണ് മാഷിന്റെ ഗവേഷണത്തിന്റെയും എഴുത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുക. ഈ സേവനത്തിന് അർഹമായ അംഗീകാരമെങ്കിലും തിരിച്ചു നാം നൽകിയോ എന്നതിന് കാലമാണ് മറുപടി പറയേണ്ടത്.

[irp]

പരിഷ്‌കാരത്തിന്റെ പിറകെ പോകുന്നവരോട് എന്നും സമരത്തിലായിരുന്നു മാഷ്. പാരമ്പര്യമാണ് യഥാർഥ ഇസ്‌ലാമെന്ന് കിട്ടുന്ന വേദികളിലെല്ലാം ഇരുപുറം നോക്കാതെ പ്രഖ്യാപിക്കാൻ മടിച്ചില്ല. സൂഫിസവും മാല മൗലിദുകളുമില്ലെങ്കിൽ ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ വരണ്ടതായി മാറുമെന്ന് മുന്നറിയിപ്പു നൽകി. മുഹ്‌യിദ്ദീൻ മാല ഈണത്തിൽ ചൊല്ലുകയും വിശദീകരിക്കുകയും ചെയ്തു. അതിനാൽ ഉത്പതിഷ്ണുക്കളുടെ വേദികളിൽ മാഷിനെ ഏറെയൊന്നും കണ്ടിട്ടില്ല. കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തെ ചിലർ ഒരു നൂറ്റാണ്ടിപ്പുറത്തു നിന്ന് മാത്രം വായിക്കാൻ ശ്രമിച്ചപ്പോൾ മാഷ് കലഹിച്ചു, സൈനുദ്ദീൻ മഖ്ദൂം മുതലാണതെന്ന് ഉറക്കെ പറഞ്ഞു. അറബി മലയാളത്തെ തള്ളിയവരെയും വെറുതെ വിട്ടില്ല. പഴയതിനെ തിരസ്‌കരിക്കാനും പുതിയത് വരിക്കാനുമുള്ള തൃഷ്ണ വിശ്വാസാചാരങ്ങളിൽ ഗുണകരമല്ലെന്ന് വിശ്വസിച്ചു.


ശ്രമകരമായ അറബി കാവ്യങ്ങളുടെ വൃത്തങ്ങൾ പോലും ലളിത സുന്ദരമായി വിശദീകരിക്കുന്ന പ്രൗഢ പുസ്തകങ്ങൾ രചിച്ചു. അറബി പരിജ്ഞാനക്കുറവു മൂലം സ്രോതസ്സായി ഇംഗ്ലീഷ് പഠനങ്ങളെ ആശ്രയിച്ചതിനാൽ ചിലയിടങ്ങളിൽ ചിലരൊക്കെ പിഴവുകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും വേരറ്റു പോകുമായിരുന്ന മാപ്പിള വിജ്ഞാന ശാഖക്ക് ആ സമുദായത്തിന്റെ ഭാഗമല്ലാതിരുന്നിട്ടു കൂടി അദ്ദേഹം ചെയ്ത സേവനങ്ങളെ മുൻനിർത്തി അതെല്ലാം പരിഹരിക്കാവുന്നതേയുള്ളൂ. അറബി മലയാളത്തിന്റെ പ്രാധാന്യം കുറഞ്ഞുവരുന്നതിനെ ആശങ്കയോടെയാണദ്ദേഹം കണ്ടിരുന്നത്. മദ്‌റസാ പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക് അതിന്റെ വൃത്തം ചുരുങ്ങുന്നതിൽ വേദനിച്ചിരുന്നു. അതേസമയം, പുതുതലമുറ അധ്യയനത്തിന്റെ ഭാഗമായെങ്കിലും അതിനെ പുണരുന്നതിൽ ആശ്വസിക്കുകയും ചെയ്തു.

[irp]

മതമൈത്രിയെ പാവനമായി ഗണിക്കുകയും പ്രഘോഷിക്കുകയും ചെയ്ത അദ്ദേഹം പുതുകാലത്തെ വർഗീയ ധ്രുവീകരണത്തിൽ അസ്വസ്ഥനായിരുന്നു. സമൂഹം നിലനിൽക്കുക ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും വിഭാഗീയമായ ചിന്തകളിലൂടെയല്ലെന്നും സമന്വയത്തിലൂടെയാണെന്നും വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്തു. മമ്പുറം തങ്ങൾ-കോന്തു നായർ, കുഞ്ഞായിൻ മുസ്‌ലിയാർ-മങ്ങാട്ടച്ഛൻ ചരിത്ര പ്രതീകങ്ങൾക്കു പുതിയ പ്രതിനിധാനങ്ങളുണ്ടാകാത്തതെന്തെന്ന് ഉത്കണ്ഠാകുലനായി. സ്വാർഥമായ വർഗീയ വിഭാഗീയതകൾ നമ്മുടെ ചുറ്റുവട്ടത്തും വളർന്നുവരികയാണെന്നു പരിതപിച്ചു. കഴിഞ്ഞ ഒക്‌ടോബറിലാണ് അവസാനം അദ്ദേഹത്തെ വീട്ടിൽച്ചെന്നു കാണുന്നത്. പാർലിമെന്റിൽ പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുന്നതിന്റെ ദിവസങ്ങൾക്കു മുമ്പ്. മോദിയെ കുറിച്ചുള്ള ചോദ്യത്തിന് ആർ എസ് എസ് മുസ്‌ലിംകളെ വർഗ ശത്രുക്കളായാണ് കാണുന്നതെന്നും ഈ ശത്രുത എത്രത്തോളം കൂടുമെന്ന് ഇപ്പോൾ നമ്മൾ കണ്ടിട്ടില്ലെന്നും കാണാൻ പോകുന്നേയുള്ളൂവെന്നുമായിരുന്നു മറുപടി. ജനാധിപത്യ പ്രതിഷേധങ്ങൾക്കു നേരെയുള്ള ഭരണകൂട ഭീകരതയുടെ പശ്ചാത്തലത്തിൽ മാഷിന്റെ വരികൾക്ക് പ്രവചന സ്വഭാവമുണ്ടോയെന്നു തോന്നിയ ദിവസങ്ങളാണ് കടന്നുപോകുന്നത്. ഈ വിഭാഗീയതയുടെ ക്രൗര്യം അടുത്ത തലമുറയിലാണ് ഏറ്റവും മാരകമായി അനുഭവപ്പെടുകയെന്നും മാഷ് പറഞ്ഞു.
ചെരുപ്പിട്ടു കണ്ടിട്ടേയില്ല മാഷിനെ. ഒരിക്കൽ അതിനെ കുറിച്ചു ചോദിച്ചപ്പോൾ ചെറുപ്പ കാലത്തെ പട്ടിണിയെ കുറിച്ചു പറഞ്ഞു. നേരത്തിനു കഞ്ഞി കുടിക്കാനില്ലാത്തവനെ സംബന്ധിച്ച് ചെരിപ്പ് ഒരാർഭാടമാണെന്ന്. പിന്നീട് ചെരുപ്പ് വാങ്ങാൻ സാധിച്ചപ്പോഴും പഴയ ശീലം മാറ്റാൻ തോന്നിയില്ലത്രെ. മാപ്പിള സംസ്‌കാരത്തിനും കലകൾക്കും വേണ്ടി അരനൂറ്റാണ്ട് കാലം നടന്നുതേഞ്ഞ മടമ്പാണ് കാലയവനികക്കുള്ളിൽ മറയുന്നതെന്ന് ഒട്ടും ആലങ്കാരികമല്ലാതെ പറയാനാവും.

മാപ്പിള കലയുടെയും സംസ്‌കാരത്തിന്റെയും മഹാഗുരുവാണ് യാത്രയായിരിക്കുന്നത്. അദ്ദേഹം വെട്ടിത്തെളിച്ച ഗവേഷണ പാതയിലൂടെ മുന്നോട്ടു ചരിക്കാൻ സമുദായത്തിന് കടപ്പാടുണ്ട്. പുതിയ പ്രതിഭകൾ ഈ ദൗത്യമേറ്റില്ലെങ്കിൽ തീർച്ചയായും സംസ്‌കാരം അനാഥമാകും. കോഴിക്കോട്-പരപ്പനങ്ങാടി റൂട്ടിൽ കച്ചേരിക്കുന്നിലെ നവരത്‌ന റോഡിലാണ് മാഷിന്റെ ഗൃഹം. അവിടേക്കിനി മാപ്പിള സാഹിത്യത്തിന്റെ വേരുകൾ തേടി അന്വേഷകർ വരില്ല. പക്ഷേ ആ കാൽപ്പാടുകളിൽ പുതിയ പിന്തുടർച്ചക്കാർ വന്നേ തീരൂ. ആദരാഞ്ജലികൾ…

ഗഫൂർ മേൽമുറി
gafoormelmuri@gmail.com