Connect with us

National

അധികാരം കോണ്‍ഗ്രസിനൊപ്പമാണെങ്കിലും ഹിന്ദുത്വ നിലപാടില്‍ മാറ്റമില്ല: ഉദ്ദവ് താക്കറെ

Published

|

Last Updated

മുബൈ | സഖ്യസര്‍ക്കാറിനൊപ്പമാണെങ്കിലും ഹിന്ദുത്വത്തോടുള്ള തന്റെ കൂറ് ആവര്‍ത്തിച്ചും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. കോണ്‍ഗ്രസ്, ശിവസേന സഖ്യവുമായാണ് അധികാരം പങ്കിടുന്നതെങ്കിലും ശിവസേനയുടെ രാഷ്ട്രീയം ഹിന്ദുത്വമാണ്. താനൊരിക്കലും അതില്‍ നിന്ന് മാറില്ല. ബി ജെ പിയുമായിയിട്ടാണ് വഴിപിരിഞ്ഞത്. ഹിന്ദുത്വവുമായല്ല. ഹിന്ദുത്വം എന്നാല്‍ ബി ജെ പിയല്ലെന്നും താക്കറെ പറഞ്ഞു. സര്‍ക്കാറിന്റെ നൂറാം ദിനത്തിന്റെ ഭാഗമായി അയോധ്യ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

അയോധ്യയില്‍ ക്ഷേത്ര സന്ദര്‍ശനത്തില്‍ ആരതി ഉഴിയാന്‍ തീരുമാനിച്ചെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. രാമക്ഷേത്ര നിര്‍മാണം എത്രയും വേഗത്തില്‍ നടപ്പിലാക്കും. ഇതിനായി ഒരു കോടി രൂപ നല്‍കും.

താന്‍ മതം മാറിയ രൂപത്തിലാണ് പ്രചാരണം. ഹിന്ദുത്വത്തിന്റെ കാര്യത്തില്‍ അവസാനവാക്ക് ബിജെപിയുടേതാണോ? അവരുടെ ഹിന്ദുത്വമാണ് ശരിയെന്നും മറ്റുള്ളവരുടേത് തെറ്റാണെന്നുമുള്ള വാദം പരിഹാസ്യമാണ്. കശ്മീരില്‍ പി ഡി പിയുമായി ബി ജെ പി സര്‍ക്കറുണ്ടാക്കിയില്ലേ? ഒരിക്കലും അധികാരം ആഗ്രഹിച്ചയാളല്ല ഞാന്‍.

മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നതിനുവേണ്ടി എനിക്ക് താക്കറെ കുടുംബത്തിലെ കീഴ് വഴക്കം ലംഘിക്കേണ്ടിവന്നു. ശിവസൈനികനെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാക്കാമെന്ന് പിതാവിന് കൊടുത്ത വാക്കുപാലിക്കാന്‍വേണ്ടി മാത്രമാണ് താന്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതെന്നും ഉദ്ദവ് പറഞ്ഞു.