Connect with us

National

തീപടർത്താൻ അവർ എന്തും ചെയ്യും

Published

|

Last Updated

 

ന്യൂഡൽഹി | സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ നേതൃനിരയിലേക്ക് ഉയരാൻ നരേന്ദ്ര മോദിക്ക് വഴിയൊരുക്കിയ ഗുജറാത്ത് വംശഹത്യ അരങ്ങേറിയിട്ട് 18 വർഷം പൂർത്തീകരിക്കുന്ന ഘട്ടത്തിലാണ് രാജ്യതലസ്ഥാനത്ത് മുസ്്ലിംകൾക്കെതിരായ വർഗീയ കലാപം അരങ്ങേറുന്നത്.

അന്ന് ഗുജറാത്ത് കലാപത്തിന് നേതൃത്വം നൽകിയവർ ഇന്ദ്രപ്രസ്ഥം ഭരിക്കുമ്പോൾ അരങ്ങേറിയ വംശഹത്യാ ശ്രമം പലകാരണങ്ങൾകൊണ്ട് കത്തിപ്പടർന്നില്ല. എങ്കിലും ഗുജറാത്തിൽ ഭരണകൂടം നടത്തിയ വംശഹത്യയുടെ അതേ പതിപ്പ് ഡൽഹിയിൽ ആവർത്തിക്കാനായിരുന്നു ശ്രമമെന്ന് വടക്കു കിഴക്കൻ ഡൽഹി തെളിവ് നൽകുന്നു.
കലാപം നക്കിത്തുടച്ചതിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ ബാക്കി നിൽക്കുന്ന മുസ്തഫാബാദിലെ ഗല്ലികളിലൂടെ നടക്കുമ്പോഴാണ് കത്തിച്ചാമ്പലായ ഇരുനില വീടിനു മുമ്പിൽ 26 കാരനായ അംസദ് ഖാൻ നിൽക്കുന്നതു കണ്ടത്. ജനജീവിതം സാധാരണ ഗതിയിൽ ആയിട്ടില്ലാത്ത തെരുവിൽ വൈദ്യുതി വകുപ്പുകാർ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളെ കണ്ടപ്പോൾ മുഖത്ത് ഭയം നിറച്ച അംസദ് ഖാൻ കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകനാണെന്ന് പറഞ്ഞപ്പോൾ ആശ്വാസത്തോടെ അടുത്തുവന്നു. ഉപ്പയുടെ ജീവിതകാലം മുഴുവനുമുള്ള സമ്പാദ്യമായിരുന്നു ഈ വീടെന്ന് പറഞ്ഞുകൊണ്ട് കരഞ്ഞ ആ യുവാവ് ഞങ്ങളെ, തൊട്ടപ്പുറത്തെ സുഹൃത്തിന്റെ കടയിൽ ഇരിക്കുകയായിരുന്ന ഉപ്പയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

18 വർഷം രാജ്യത്തെ സേവിച്ച ഒരു സി ആർ പി എഫ് ഉദ്യോഗസ്ഥനായിരുന്നു പിതാവ് ഐഷ് മുഹമ്മദ് എന്ന 58 കാരൻ. കലാപകാരികൾ തെരുവിലൂടെ ജയ് ശ്രീറാം മുഴക്കി കൈയ്യിൽ ആയുധങ്ങളും പെട്രോൾ നിറച്ച ബോട്ടിലുകളുമായി എത്തി കടകളും വീടുകളും കൊള്ളയടിച്ചു കൊണ്ടിരിക്കുമ്പോൾ പരിസര വാസികൾ അദ്ദേഹത്തിന്റെ അടുത്തുവന്നു. പോലീസിലേക്ക് ഫോൺ ചെയ്തിട്ട് എടുക്കുന്നില്ല. സി ആർ പി എഫിൽ നിന്ന് ഹെഡ് കോൺസ്റ്റബിളായി വിരമിച്ച അദ്ദേഹം പരിചയത്തിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനെ വിളിക്കണമെന്നായിരുന്നു അവരുടെ അഭ്യർഥന. പോലീസിലേയും സി ആർ പി എഫിലേയും എല്ലാ നമ്പറിലും അദ്ദേഹം വിളിച്ചു. ആരും ഫോൺ അറ്റൻഡ് ചെയ്യുന്നില്ല. ഒരു പ്രദേശം മുഴുവൻ കത്തിച്ചാമ്പലാകുമ്പോൾ ഫയർ ഫോഴ്‌സോ പോലീസോ അങ്ങോട്ടു തിരിഞ്ഞു നോക്കുന്നില്ല. കലാപകാരികൾ യഥേഷ്ടം കത്തിച്ചും കൊന്നും മുന്നേറുകയായിരുന്നു. തന്റെ വീട്ടിൽ ഇരച്ചെത്തിയ സംഘം കുപ്പിയിൽ നിന്ന് പെട്രോൾ ചീറ്റി തീകൊളുത്തി. വീട്ടിലുള്ളവർ ഭയന്ന് പുറത്തിറങ്ങി ഓടിയതിനാൽ രക്ഷപ്പെട്ടു. വീടിന്റെ രണ്ട് നിലകളും കത്തിച്ചാമ്പലായി. ത്രിപുരയിലും മണിപ്പൂരിലും കൊൽക്കത്തയിലുമെല്ലാം താൻ ജോലി ചെയ്തിട്ടുണ്ട്. പലസ്ഥലങ്ങളിലും അക്രമികളെ നേരിടാൻ പോയിട്ടുണ്ട്. എവിടെയും ഇത്തരത്തിലൊരു ആക്രമണം കണ്ടിട്ടില്ല. അക്രമികൾക്ക് യഥേഷ്ടം അഴിഞ്ഞാടാൻ അനുവാദം നൽകുന്ന ഒരു നടപടി താൻ ആദ്യമായിട്ടു കാണുകയാണ്. ജീവിതം കൊണ്ട് രാജ്യത്തെ സേവിച്ച ഒരാൾക്ക് ഇതെങ്ങിനെ സഹിക്കാനാവും അദ്ദേഹം ചോദിക്കുന്നു.

സംഭവത്തിന് ശേഷം സി ആർ പി എഫിലെ മുതിർന്ന ഉദ്യോഗസ്ഥരൊക്കെ തന്നെ കാണാൻ വന്നു. വിരമിച്ചവർക്കുള്ള ക്ഷേമ പദ്ധതിയിൽ നിന്ന് ആശ്വാസധനം തന്നു. സാധാരണക്കാർക്ക് എന്ത് ആശ്വാസമാണ് കിട്ടാനുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു.
കലാപത്തിന് ഗുജറാത്തിൽ നടന്നതുപോലെ കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. മൂന്ന് ദിവസത്തിനകം സി എ എ വിരുദ്ധ പ്രക്ഷോഭകരെ നീക്കണമെന്നും അല്ലെങ്കിൽ പോലീസ് പറയുന്നതൊന്നും ഞങ്ങൾ കേൾക്കില്ലെന്നും സംഘ്്പരിവാർ പ്രഖ്യാപിച്ചിരുന്നു. അതുപോലെ അവർ പ്രവർത്തിക്കുകയും ചെയ്തു. ഹരിയാനയിൽ നിന്നും ഉത്തർ പ്രദേശിൽ നിന്നും വർഗീയ കലാപത്തിൽ പരിശീലനം നേടിയ സംഘങ്ങളെ ഒരുക്കി നിർത്തിയായിരുന്നു കപിൽ മിശ്രയുടെ ആക്രോശം.
ഗുജറാത്തിലെന്ന പോലെ കലാപം തടയാൻ ഒന്നും ചെയ്യാതിരുന്ന പോലീസ് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ് അവഗണിക്കുകയുംചെയ്തു.
13,200 ലേറെ ഫോണുകൾ സഹായം അഭ്യർഥിച്ച് പോലീസിന് ലഭിച്ചു എന്നാണ് കണക്ക്. എന്നിട്ടും പോലീസ് അനങ്ങിയില്ല. കലാപാഹ്വാനം നടത്തിയവർക്കും കലാപകാരികൾക്കും എതിരെ കേസെടുക്കാൻ തയ്യാറാകാത്ത പോലീസ് ഇപ്പോൾ ഇരകളുടെ പേരിൽ കേസെടുക്കുന്നു. കല്ലെറിയാനും വീണുകിടന്നവരെകൊണ്ട് ജയ് ശ്രീറാം വിളിപ്പിക്കാനും പോലീസ് തയ്യാറായി. കലാപകാരികൾക്ക് രാഷ്ട്രീയ നേതൃത്വത്തിന്റെ ശക്തമായ പിന്തുണയുണ്ടെന്നാണ് ഓരോ കാര്യങ്ങളും സൂചിപ്പിക്കുന്നത്.

2002ൽ ഗുജറാത്ത് കലാപത്തിന് ശേഷം മോദി ഗുജറാത്തിൽ അധികാരം ഉറപ്പിച്ചു. 2013 ലെ മുസഫർ നഗർ കലാപത്തിനു ശേഷം ബി ജെ പി കേന്ദ്രത്തിലും ഉത്തർ പ്രദേശിലും അധികാരത്തിലേറി. അയോധ്യ രാഷ്ട്രീയ ആയുധമായിത്തീർന്ന 1980 കൾക്ക് ശേഷമാണ് വർഗീയ കലാപങ്ങളിലൂടെ ജനങ്ങളിൽ സാമുദായിക ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രയോഗത്തിന് ബി ജെ പി തയ്യാറാകുന്നത്.

അധികാരം കിട്ടിയ ശേഷം ലോകരാഷ്ട്രങ്ങൾക്കുമുമ്പിൽ മുഖം മിനുക്കുക എന്ന ലക്ഷ്യത്തോടെ വികസന മുദ്രാവാക്യങ്ങൾ ഉയർത്താൻ ശ്രമിച്ചെങ്കിലും തീവ്രവർഗീയ വിഷം നിറച്ച അണികൾക്ക് അതു സ്വീകാര്യമായില്ല. അധികാരം കിട്ടിയാൽ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്നും ആഭ്യന്തര ശത്രുക്കളായ മത ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുമെന്നും അണികൾക്കു വാക്കു കൊടുത്ത നേതാക്കൾ അകപ്പെട്ട പ്രതിസന്ധിയുടെ ഫലമാണ് ഇനിയുള്ള വർഗീയ കലാപങ്ങൾ. വർഗീയ മുദ്രാവാക്യങ്ങൾ ശക്തമായി ഉയർത്തിയില്ലെങ്കിൽ അണികൾ ചോദ്യം ചെയ്യുമെന്ന അവസ്ഥ തിരിച്ചറിഞ്ഞതിന്റെ ഫലമാണ് മോദിയും അമിത് ഷായും യോഗി ആദിത്യനാഥുമെല്ലാം ചേർന്ന് കലാപം വിൽക്കാൻ ശ്രമിക്കുന്നത്. കലാപം സൃഷ്ടിച്ച് വർഗീയ ധ്രുവീകരണത്തിലൂടെ അണികളെ പിടിച്ചു നിർത്താൻ കഴിയുമെന്ന ഉത്തർ പ്രദേശിലെ തന്ത്രം വ്യാപകമാക്കുകയാണ് ആർ എസ് എസ് . ലൗ ജിഹാദ്, പശു സംരക്ഷണം, ഘർവാപ്പസി, കശ്മീർ, മുത്വലാഖ് തുടങ്ങി ഓരോ വിഷയവും വർഗീയ ധ്രുവീകരണത്തിന് ആഗ്രഹിച്ച ഫലം ചെയ്യാതെ വന്നപ്പോഴാണ് പൗരത്വ ഭേദഗതി കൊണ്ടുവരുന്നത്. കലാപത്തിന് തിരഞ്ഞെടുക്കുന്നത് നിർധനരായ മനുഷ്യർ അധിവസിക്കുന്ന പുറമ്പോക്കുകളും.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest