Connect with us

Socialist

അശോക് നഗർ; മുറിവുണങ്ങിയിട്ടില്ലാത്ത തെരുവ്

Published

|

Last Updated

അശോക് നഗർ; ഡൽഹി കലാപത്തിന്റെ വൃണങ്ങളിനിയും ഉണങ്ങിത്തുടങ്ങിയിട്ടില്ലാത്ത തെരുവ്. ബഹുസ്വരതയുടെ നെറുകയിൽ കാവിക്കൊടിയാൽ വൃകൃതമാക്കിയ മിനാരം നിലകൊളളുന്നിടം. മൗലാനാ ബക്സ് മസ്ജിദിന്റെ മിനാരത്തിലുയർന്ന കാവിക്കൊടിയുടെ ദൃശ്യങ്ങൾ സംഘ് ഭീകരതയുടെ അഴിഞ്ഞാട്ടം നാടൊട്ടുക്കും വിളിച്ചറിയിക്കുന്നതായിരുന്നു.

കലാപം കെട്ടടങ്ങിയ ഉടനെ തന്നെ സാന്ത്വനസ്പർശവുമായിറങ്ങിയ എസ് എസ് എഫിന്റെ ദേശീയ നേതൃത്വമടങ്ങുന്ന സംഘം സന്ദർശിക്കുന്ന തകർക്കപ്പെട്ട ഒമ്പതാമത്തെ മസ്ജിദാണിത്. എസ് എസ് എഫ് വസ്തുതാ അന്വേഷണ സംഘം ഏഴാം ദിവസത്തെ പര്യടനത്തിലൊടുവിലാണ് അശോക് നഗറിലെത്തിച്ചേരുന്നത്. തീർത്തും ഏകപക്ഷീയമായ ആക്രമണം വംശീയ ഉന്മൂലന ശ്രമമെന്നോണം വളരെ ആസൂത്രിതമായി സംഘപരിവാരം നടപ്പാക്കിയ ഇടമാണത്. ജനസംഖ്യയിലധികവും മുസ്‌ലിം ഇതരർ തിങ്ങിവസിക്കുന്നിടത്ത് മുസ്‌ലിം ജനസംഖ്യ തുലോം കുറവാണ്.

1974 ൽ സ്ഥാപിതമായ മൗലാനാ ബക്സ് മസ്ജിദിന് ഏകദേശം 45 വർഷം പഴക്കം കണക്കാക്കുന്നു. ഗ്യാസ് സിലിണ്ടറുകളും പെട്രോൾ ബോംബുകളും ഉപയോഗിച്ചുള്ള ആക്രമത്തിൽ തീർത്തും ഉപയോഗ ശൂന്യമായ മസ്ജിദിനോടു ചേർന്നുള്ള കടകളും വീടുകളും പരിപൂർണ്ണമായി അഗ്നീകരീകരിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അതിലേറെ ഭീതി ജനിപ്പിച്ച ഒരു കാര്യം പള്ളിയുടെ അധീനതയിലുള്ള കടകളിൽ അമുസ്ലിം ഉടമസ്ഥതയിലുള്ള കടമാത്രം സുരക്ഷിതമായി അവശേഷിച്ചിരിക്കുന്നു എന്നതായിരുന്നു. സ്ഫോടനത്തിന്റെ തീവ്രതതയാൽ പല കെട്ടിടങ്ങളും നിലം പൊത്താറായ അവസ്ഥയിലാണ്.

ചിലതൊക്കെ മേൽക്കൂര ഇടിഞ്ഞുപൊളിഞ്ഞു തീർത്തും ഉപയോഗശൂന്യമായിക്കിടക്കുന്നു. എണ്ണപ്പെട്ട മുസ്‌ലിം വീടുകളിൽ ഒന്നു പോലും അവശേഷിക്കപ്പെട്ടില്ല. വീടുകൾ അഗ്നീകരിക്കുന്നതിനു മുന്നെ മാരകമായി കൊള്ളയടിക്കപ്പെട്ടവയിൽ നിന്ന് ഖൈറുദ്ധീന്റെ വീട്ടിലെ ബധിരയായ വയോധികയുടെ കേൾവിസഹായ യന്ത്രത്തിനുപോലും രക്ഷയുണ്ടായില്ല. അടുത്ത മാസം നടക്കേണ്ട 2 പെൺമക്കളുടെ വിവാഹാവശ്യാർത്ഥം സ്വരുകൂട്ടിയ സകലതും (സ്വർണമുൾപ്പെടെ) നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ സഹോദരന്റെ ഉപജീവന മാർഗ്ഗമായ റിക്ഷ കത്തിച്ചാമ്പലായിരിക്കുന്നു. കല്യാണാവശ്യാർത്ഥം ആഭരണങ്ങളും വീട്ടുപകരണങ്ങളും മുൻകൂട്ടി സ്വരൂപിച്ചു വെക്കലാണ് ഡൽഹിയിലെ പ്രകൃതമെന്നതിനാൽ ഇത്തരത്തിൽ കൊള്ള ചെയ്യപ്പെട്ടവരുടെ നഷ്ടക്കണക്ക് ഭീമമായിരിക്കും.

ഉച്ചക്ക് ഒരു മണിയോടെ ജയ് ശ്രീരാം വിളികളുമായി വന്ന കലാപകാരികൾ മിനാരത്തിൽ കാവിക്കൊടി നാട്ടുകയും വൈകീട്ട് ഏഴു വരെ മസ്ജിദിനകത്ത് സംഹാര താണ്ഡവമാടുകയായിരുന്നു. വികൃതമാക്കപ്പെട്ട പള്ളിയുടെ ടെറസിൽ ഒരുക്കിയ താത്കാലിക സൗകര്യത്തിൽ ജമാഅത്തായി നിസ്കരിച്ച ശേഷം പള്ളിക്കകത്ത് ചാരമാക്കപ്പെട്ട വിശുദ്ധഗ്രന്ഥങ്ങളിലേക്ക് വിരൽ ചൂണ്ടുമ്പോൾ ഹസ്രത്ത് മുഹമ്മദ് സലീം എന്ന വയോധികന്റെ വാക്കുകളിടറി. മസ്ജിദിനകത്തവർ മദ്യസൽക്കാരം നടത്തി മണിക്കൂറുകൾ അഴിഞ്ഞാടിയിട്ടും നോക്കി നിന്ന നിയമപാലക സംഘത്തെ നമിച്ചു പോയി. അംഗശുദ്ധി വരുത്താനായി സ്ഥാപിച്ച വലിയ പൈപ്പുകൾ തുടങ്ങി നവീകരണാവശ്യാർത്ഥം കൊണ്ടുവന്ന സകല വസ്തു വകകളും എന്തിനധികം മസ്ജിദിന്റെ ഇരുമ്പ് ഗെയ്റ്റ് വരെ മോഷ്ടിച്ചു കടത്തിയിരിക്കുന്നു. ആളിപ്പടരുന്ന തീയിൽ നിന്ന് മുഅദ്ദിൻ സാഹബ് രക്ഷപ്പെട്ടത് ടെറസുകളിൽ നിന്ന് ടെറസുകളിലേക്ക് മാറിക്കയറി അതിസാഹസികമയാണ്.
അശോക് നഗറിലെ തന്നെ ചാന്ദ് മസ്ജിദും സമാനമായ രീതിയിൽ തകർക്കപ്പെട്ടവയിൽ പെടുന്നു. ജീവിതത്തിൽ സ്വരുക്കൂട്ടിയത് മുഴുക്കെ ഒരു നിമിഷം കത്തിച്ചാമ്പലായവരുടെ ദൈന്യത ഏതു കോടിക്കണക്കിൽ തിട്ടപ്പെടുത്തും….?

---- facebook comment plugin here -----

Latest