ഉപമയിലെ വിസ്മയങ്ങൾ

കൃഷിക്കുവേണ്ടി ഭൂമിയെ പാകപ്പെടുത്തുന്നതിനും പുഴകളും അരുവികളും ജലസ്രോതസ്സുകളും സംഭരണികളും സംരക്ഷിക്കുന്നതിന് അനിവാര്യമായ സന്ദർഭങ്ങളിൽ ഭൂമി ഇല്ലാത്തവർക്ക് അത് ദാനം ചെയ്യുന്നതിനുമുള്ള പ്രവാചകന്റെ പ്രചോദന വാക്യങ്ങൾ ഇസ്്ലാമിന്റെ സാമൂഹികപാഠത്തെയും പ്രകൃതി ബോധത്തെയുമാണ് ദ്യുതിപ്പിക്കുന്നത്.
Posted on: March 1, 2020 9:09 am | Last updated: March 5, 2020 at 9:25 am

ഇസ്‌ലാം കാർഷികവൃത്തിയെ അത്യധികം പ്രോത്സാഹിപ്പിച്ച മതമാണ്. ഏറ്റവും നല്ല സമ്പാദ്യം ഏത് മാർഗത്തിലൂടെ ലഭിക്കുന്നതാണെന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. കച്ചവടം, കൈതൊഴിലുകൾ, കൃഷി എന്നിങ്ങനെ വിവിധ വീക്ഷണങ്ങളുള്ളതിൽ കൃഷിയാണ് ഏറ്റവും മഹത്തരമായ സമ്പാദ്യമാർഗമെന്ന അഭിപ്രായമാണ് ഇമാം നവവി (റ) ശരിവെക്കുന്നത്. (റൗളതു ത്വാലിബീൻ: 3/281)

കൃഷിക്കുവേണ്ടി ഭൂമിയെ പാകപ്പെടുത്തുന്നതിനും പുഴകളും അരുവികളും ജലസ്രോതസ്സുകളും സംഭരണികളും സംരക്ഷിക്കുന്നതിനും അനിവാര്യമായ സന്ദർഭങ്ങളിൽ ഭൂമി ഇല്ലാത്തവർക്ക് അത് ദാനം ചെയ്യുന്നതിനുമുള്ള പ്രവാചകന്റെ പ്രചോദന വാക്യങ്ങൾ ഇസ്്ലാമിന്റെ സാമൂഹികപാഠത്തെയും പ്രകൃതി ബോധത്തെയുമാണ് ദ്യുതിപ്പിക്കുന്നത്.
മണ്ണ് കിളച്ച് വിത്തിറക്കി വിളയുടെ പരിപാലനത്തിലും കൊയ്ത്തിലും മുഴുകുന്നവർക്ക് മഹത്തായ പ്രതിഫലമുണ്ട്. ഉത്പാദിപ്പിച്ച ധാന്യങ്ങൾ മൃഗങ്ങൾ, പക്ഷിലതാധികൾ ഭക്ഷിച്ചാലും വലിയ പുണ്യമുണ്ട്.
നബി പറഞ്ഞു: “ഏതൊരു മുസ്്ലിമാകട്ടെ, ഒരു വൃക്ഷം നട്ടു പിടിപ്പിക്കുകയോ ഒരു വിത്ത് കുഴിച്ചിടുകയോ ചെയ്യുകയും അതിൽ നിന്ന് ഒരു പക്ഷിയോ മനുഷ്യനോ നാൽക്കാലിയോ ഭക്ഷിക്കുകയും ചെയ്താൽ അത് അയാൾക്ക് ഒരു സ്വദഖ (ദാനധർമം) ആകാതിരിക്കുകയില്ല.’ (ബുഖാരി, മുസ്്ലിം)

ALSO READ  അനുഗ്രഹസാന്നിധ്യം

മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം. നബി പറഞ്ഞു: “ഏതൊരു മുസ്്ലിമാകട്ടെ, ഒരു വൃക്ഷം നട്ടുപിടിപ്പിക്കുകയും അതിൽ നിന്ന് എന്തെങ്കിലും (ആരെങ്കിലും) ഭക്ഷിക്കുകയും ചെയ്താൽ അതവന് ഒരു സ്വദഖ (ദാനധർമം) ആകാതിരിക്കില്ല. അതിൽ നിന്നെന്തെങ്കിലും മോഷ്ടിക്കപ്പെട്ടാൽ അതും സ്വദഖയാണ്. അതിൽ നിന്ന് മൃഗങ്ങൾ ഭക്ഷിച്ചാൽ അതും സ്വദഖയാണ്. അതിൽ നിന്ന് പക്ഷികൾ ഭക്ഷിച്ചാൽ അതും സ്വദഖയാണ്. അതിൽ നിന്ന് ആരെന്തെടുത്താലും അത് സ്വദഖയാണ്; അന്ത്യനാൾ സംഭവിക്കുന്നത് വരെ’ (സ്വഹീഹുമുസ്്ലിം) ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം നവവി (റ) പറഞ്ഞു: “ഇത് കൃഷിയുടെയും വൃക്ഷം നട്ടുപിടിപ്പിക്കുന്നതിന്റെയും മഹത്വം വ്യക്തമാക്കുന്നുണ്ട്. അതിന്റെ ഉപകാരം മനുഷ്യർക്കും മനുഷ്യേതര ജീവികൾക്കും ലഭിക്കുന്നു. നട്ടുപിടിപ്പിക്കപ്പെട്ട വൃക്ഷവും ചെടിയും നിലനിൽക്കുന്നിടത്തോളം കാലം അതിന് കാരണമായ വ്യക്തിക്ക് പ്രതിഫലം ലഭിച്ചു കൊണ്ടിരിക്കുക തന്നെ ചെയ്യും.
കാർഷികവൃത്തിയിലെ ആദ്യപാഠം മണ്ണിനെക്കുറിച്ചുള്ള അറിവാണ്. മണ്ണിന്റെ ഗുണനിലവാരം അറിയാത്തവൻ കൃഷിയിൽ വിജയിക്കില്ല. മണ്ണിന്റെ പ്രകൃതം, തരം, തണുപ്പ്, ചൂട്, ഈർപ്പം, നിർജലീകരണം, ഇവ ചെടിക്ക് മുകളിൽ ചെലുത്തുന്ന സ്വാധീനം, ഓരോ ഇനത്തിനും പറ്റിയ ചെടികൾ, മരങ്ങൾ എന്നിവയെക്കുറിച്ച് അഗാധമായ ജ്ഞാനം ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം ചെടിയുടെ മികച്ച തരം, അവക്കിണങ്ങുന്ന സമയം, വെള്ളം, കീടനാശിനി, വളം എന്നിവ എങ്ങനെയാണെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഭൂമിയുടെ പ്രകൃതത്തിൽ മാറ്റങ്ങളുണ്ടാകാമെങ്കിലും അതിനെ മൃദുവായത്, കട്ടിയുള്ളത്, പർവത മണ്ണ്, മണൽ, കറുത്ത മണ്ണ്, വെള്ള മണ്ണ്, മഞ്ഞ മണ്ണ്, ചുവന്ന മണ്ണ്, പരുക്കൻ മണ്ണ്, ചുവപ്പ് കലർന്ന മണ്ണ് എന്നിങ്ങനെ പല ഇനങ്ങളായി തരം തിരിക്കാവുന്നതാണ്. ഓരോന്നിനും അതിന്റേതായ ഗുണങ്ങളും പ്രത്യേകതകളുമുണ്ട്.
കൃഷിയുമായി ബന്ധപ്പെടുത്തി വിവാഹത്തെയും മനുഷ്യോത്പാദന പ്രക്രിയയെയും ഭൗമികലോകത്തെ ജീവിതത്തെയും ഉപമിക്കുന്ന നിരവധി ഖുർആൻ സൂക്തങ്ങളും തിരുവചനങ്ങളുമുണ്ട്.

ALSO READ  വിശ്വസ്തത

കൃഷിയുടെ അടിസ്ഥാനം ജീവനുള്ള മണ്ണാണ്. ആകയാൽ കൃഷിക്ക് വേണ്ടി മണ്ണ് തിരഞ്ഞെടുക്കലും നിലം ശരിയാക്കലും വളരെ പ്രധാനപ്പെട്ടതാണ്. ഭാര്യയെ കൃഷിയിടത്തോടുപമിക്കുന്ന ഖുർആൻ മനുഷ്യവർഗത്തിന്റെ പരിശുദ്ധതയെയും പവിത്രതയെയുമാണ് പരിഗണിക്കുന്നത്. സസ്യജാലങ്ങളുടെ മാതാവായിട്ടാണ് മണ്ണിനെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. മാതൃത്വത്തിന്റെ മഹിമയും പ്രധാന്യവുമാണ് ഇത് കാണിക്കുന്നത്. അമ്മയുടെ ആരോഗ്യപരിപാലനം ഏതൊരാളുടെയും കടമയാണ്. പാത്രം അറിഞ്ഞ് ദാനം ചെയ്യണം എന്ന് പറയുന്നതുപോലെ മണ്ണ് അറിഞ്ഞ് നമ്മൾ വളം ചെയ്യുകയും കീടനാശിനി പ്രയോഗം നടത്തുകയും കൃഷി ഇറക്കുകയും ചെയ്താൽ മാത്രമേ മെച്ചമായ വിളവ് ലഭിക്കൂ. “മണ്ണും പെണ്ണും നന്നാക്കിയേടത്തോളം നന്നാവും’ എന്നാണ് ചൊല്ല്. അത് കൊണ്ടാണ് മണ്ണും പെണ്ണും കളങ്കപ്പെടാൻ പാടില്ലെന്ന ഭാരതീയ സങ്കൽപ്പം രൂപപ്പെട്ടത്.
സ്ത്രീയെ ഭൂമിയോടും ബീജത്തെ വിത്തിനോടും സന്താനങ്ങളെ ചെടികളോടുമാണ് ഇമാം റാസി (റ) സാദൃശ്യപ്പെടുത്തുന്നത്. (തഫ്‌സീർ റാസി 6/66) വിവാഹത്തിന്റെ അടിസ്ഥാനോദ്ധേശ്യമായ സന്താനോത്പാദനത്തിന് തിരഞ്ഞെടുക്കുന്ന മണ്ണ് ഫലപുഷ്ടിയുള്ളതാകണം. വിവാഹത്തിന് ഏറ്റവും ഉത്തമമായ മാസം ശവ്വാൽ ആണെന്നാണ് ഇസ്്ലാമിന്റെ കാഴ്ചപ്പാട്. (തുഹ്ഫ 7/253). ശവ്വാലിനെ തിരഞ്ഞെടുക്കാനുള്ള കാരണം പണ്ഡിതന്മാർ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ ആത്മീയ ശുദ്ധീകരണം നടത്തി മനസ്സും ശരീരവും പാകപ്പെടുത്തിയ ശേഷം പ്രത്യുത്പാദന പ്രക്രിയയിലേർപ്പെടുമ്പോൾ ജനിക്കുന്ന കുട്ടി പരുവപ്പെടുത്തിയ മണ്ണിലെ ഭൂകൃഷി പോലെ സമ്പുഷ്ടമായിരിക്കുമെന്നാണ്.

നിരവധി ഉപമകളടങ്ങിയ വിശുദ്ധ ഖുർആൻ സ്ത്രീയെ കൃഷിയിടത്തോടുപമിക്കുന്നതിലൂടെ അവളെ വെറുമൊരു ഉത്പാദനോപകരണം മാത്രമാക്കിയെന്ന് ആരോപിക്കുന്നവരുണ്ട്. കൃഷിയിടം ചവിട്ടിമെതിക്കുന്നതുപോലെ അവളെ ചവിട്ടിമെതിക്കാമെന്നും വിൽപ്പനച്ചരക്കാക്കാമെന്നും ഉഴുതുമറിക്കാമെന്നുമാണ് ഖുർആൻ ആഹ്വാനം ചെയ്യുന്നതെന്നാണ് വിമർശകരുടെ കണ്ടെത്തലുകൾ. ഭാര്യയെ ഖുർആൻ മറ്റൊരിടത്ത് വസ്ത്രത്തോടാണുപമിച്ചത്. അതിനർത്ഥം അവളെ വസ്ത്രം മാറുന്നതുപോലെ മാറ്റാനാണ് ഖുർആൻ കൽപിക്കുന്നതെന്നുമാണ് അത്തരക്കാരുടെ ദുർവ്യാഖ്യാനം. ഉപമാലങ്കാരങ്ങളെ വ്യാഖ്യാനിക്കേണ്ടത് അതിന്റെ ഇതിവൃത്തത്തെയും അത് പ്രകോശിക്കുന്ന ആദർശത്തെയും അത് മുന്നോട്ടുവെക്കുന്ന സാമൂഹികസംവിധാനത്തെയും വിലയിരുത്തിയാകണമെന്നത് സാമാന്യ ബുദ്ധികൊണ്ട് ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്. പ്രകൃതിയുടെ വരദാനങ്ങളിൽ പ്രഥമസ്ഥാനം മണ്ണിനാണെന്നതിന്റെ ഇസ്്ലാമികാവിഷ്‌കാരമായി തിരുനബി (സ്വ) വിശേഷിപ്പിച്ച “ഭൂമിയിലെ വിഭവങ്ങളിൽ ഏറ്റവും ഉത്തമമായത് സൽവൃത്തയായ സ്ത്രീ’ (മുസ്്ലിം) യാണെന്ന തിരുവചനം കൂടി ഇതിനോട് ചേർത്തി വായിക്കുമ്പോഴാണ് സ്ത്രീകൾക്ക് ഇസ്്ലാം കൽപ്പിക്കുന്ന മഹത്വം ബോധ്യപ്പെടുക.

സൂര്യപ്രകാശത്തിന് നേരെ വൃക്ഷച്ചില്ല ചായുന്നതപോലെ പെൺമനസ്സും തനിക്ക് സ്‌നേഹവും സുരക്ഷിതത്വവും പരിലാളനയും നൽകുന്ന പുരുഷനിലേക്ക് മെല്ലെ മെല്ലെ ചായുന്നു. സ്ത്രൈണതയുടെ സ്വഭാവമുള്ള കൃഷിയെ സുരക്ഷിതമാക്കി പ്രത്യുത്പാദനം കാര്യക്ഷമാക്കുന്നതുപോലെ സ്ത്രീയെയും സുരക്ഷിതമാക്കി മാനവരാശിയെ സംരക്ഷിക്കുന്നതിന്റെ അത്യുത്കൃഷ്ട സന്ദേശമാണ് ഖുർആൻ നൽകുന്നത്. കാർഷികോത്പന്നങ്ങൾക്കാവശ്യമായ വെള്ളവും വളവും സമയബന്ധിതമായി നൽകുന്നതുപോലെ സന്താനങ്ങൾക്കും ആവശ്യാനുസരണമുള്ള ശിക്ഷണവും പരിപാലനവും നൽകിയാൽ മാത്രമാണ് നന്നായി വിളവെടുക്കാൻ സാധിക്കുകയുള്ളൂ.