കണ്ണേ മടങ്ങുക…

Posted on: February 29, 2020 2:54 pm | Last updated: February 29, 2020 at 2:56 pm
ഡൽഹി കലാപത്തിനിടെ കൊല്ലപ്പെട്ട മുദ്ദസീർ ഖാന്റെ മൃതദേഹത്തിന് സമീപം പൊട്ടിക്കരയുന്ന ബന്ധുക്കൾ

ന്യൂഡൽഹി | ജി ടി ബി ആശുപത്രി മോർച്ചറിക്ക് മുമ്പിൽ ഉറ്റവരുടെ മൃതദേഹം കാത്തിരിക്കുന്ന കുഞ്ഞുങ്ങളുടെ മുഖമായിരുന്നു ഡൽഹി കലാപത്തിൽ ഹൃദയത്തെ മുറിപ്പെടുത്തുന്ന ഏറ്റവും ദയനീയ ചിത്രങ്ങളിലൊന്ന്. കലാപങ്ങളും വംശഹത്യകളും അരങ്ങേറുമ്പോൾ ഏറ്റവും കൂടുതൽ ഇരയാക്കപ്പെടുന്ന വിഭാഗങ്ങളിലൊന്ന് കുഞ്ഞുങ്ങളാണ്. വടക്ക് കിഴക്കൻ ഡൽഹിയിൽ സംഘ്്പരിവാർ ആസൂത്രണം ചെയ്തു നടപ്പാക്കിയ സംഘർഷത്തിലും ഇരയാക്കപ്പെട്ടവരിലും വലിയൊരു വിഭാഗം കുഞ്ഞുങ്ങളാണ്.

ദർശനത്തിന് വെച്ചിരിക്കുന്ന പിതാവിന്റെ മൃതശരീരത്തിന് മുന്പിൽ കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടി, അക്രമികൾ കീറിയെറിഞ്ഞ, തന്റെ ഇഷ്ട പുസ്തകത്തിലെ പേജുകൾ പെറുക്കിവെക്കുന്ന പ്രൈമറി ക്ലാസ് വിദ്യാർഥി.. കുഞ്ഞുങ്ങളെ ഡൽഹി കലാപം വേട്ടയാടിയതിന്റെ നേർചിത്രങ്ങൾ ഒരു തവണയിൽ കൂടുതൽ എങ്ങനെ കാണാനാകും?. കലാപത്തിൽ ജീവൻ നഷ്ടമായവരിൽ, ഗുരുതരമായി പരുക്കേറ്റവരിൽ എല്ലാ വിഭാഗത്തിലും കുഞ്ഞുങ്ങളുണ്ട്. ജീവിതത്തിന്റെ നാലിലൊന്നു പോലും കടക്കുന്നതിനു മുമ്പേ കലാപങ്ങളിക്ക് വലിച്ചെറിയപ്പെടുന്ന നിഷ്്കളങ്ക ബാല്യങ്ങൾ.
കലാപകാരികൾ അഗ്നിക്കിരയാക്കിയതിൽ മൂന്ന് സ്‌കൂളുകളുമുണ്ടായിരുന്നു. ശിവ വിഹാറിലെ സ്‌കൂളിനുള്ളിലേക്ക് കലാപകാരികൾ പ്രവേശിച്ചതിനെക്കുറിച്ച് അധ്യാപകരിലൊരാൾ വിശദീകരിക്കുന്നതിങ്ങനെയാണ്. പരീക്ഷകൾ കഴിഞ്ഞ് കുട്ടികൾ ഇറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. എവിടെയോ നിന്നെത്തിയ കലാപകാരികൾ സ്‌കൂളിന്റെ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കയറി.

ഇരുമ്പുദണ്ഡുകളും മുളവടികളും കല്ലുകളും മാരകായുധങ്ങളുമായാണ് ഇവരെത്തിയത്. നിമിഷ നേരം കൊണ്ട് അവർ സ്‌കൂൾ തകർത്തു. എന്തുകൊണ്ടാണ് സ്‌കൂൾ ലക്ഷ്യമാക്കിയതന്നറിയില്ല. അക്രമികൾ പരീക്ഷാ സമയത്താണ് കയറി വന്നതെങ്കിൽ…. ആ സ്ഥിതി ആലോചിക്കാൻ പോലുമാകുന്നില്ല- അധ്യാപകൻ പറഞ്ഞുനിർത്തി. ആക്രമിക്കപ്പെട്ട മറ്റൊരു സ്്കൂൾ സ്ഥിതി ചെയ്യുന്നത് കലാപം താണ്ഡവമാടിയ ബ്രിജിപുരിയിലാണ്. 32 വർഷം പഴക്കമുള്ള മോഡേൺ സ്‌കൂളാണ് ഇവിടെ തകർക്കപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അക്രമികൾ ഇവിടെയത്തിയത്. മണിക്കൂറുകൾ നീണ്ട അക്രമത്തിന് ശേഷം കലാപകാരികൾ തിരിച്ചു പോകുമ്പോൾ ഇവിടെ ഒന്നു ബാക്കിയുണ്ടായിരുന്നില്ല. ബ്ലാക്ക്‌ ബോർഡുകൾ, ചുമരുകൾ, കുട്ടികളുടെ കസേരകൾ, മറ്റ് ഫർണിച്ചറുകൾ എല്ലാം തകർത്തു. ലൈബ്രറിക്ക് തീയിട്ടു. ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളാണ്. എല്ലാം നേരയാക്കി അധ്യായനം പുനരാരാംഭിക്കാൻ സമയം എത്രയെടുക്കുമെന്ന് ഒരു നിശ്ചയവുമില്ലെന്ന് പ്രധാനാധ്യാപിക പറഞ്ഞു. പത്തും പന്ത്രണ്ടും ക്ലാസുകളിലെ കുട്ടികൾക്ക് പ്രധാന പരീക്ഷയാണ്. അവരുടെ ഭാവികൂടിയാണ് കലാപത്തോടെ ആശങ്കയിലായിരിക്കുന്നത്.- അവർ കൂട്ടിച്ചേർത്തു. സ്‌കൂൾ അഗ്നിക്കിരയായ വേളയിൽ ഫയർ ഫോഴ്‌സും പോലീസും ഇവിടെയത്തിയില്ലെന്ന് സ്‌കൂളിലെ സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. എല്ലാം നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. കലാപകാരികൾ തങ്ങളെ ബലമായി തടഞ്ഞുവെച്ചു. എല്ലാം കഴിഞ്ഞു വൈകുന്നേരമാണ് പോലീസും ഫയർഫോഴ്‌സും എത്തിയത്. കലാപങ്ങളും സംഘർഷങ്ങളും ഇങ്ങനെയാണ്. നിഷ്്കളങ്കരായ കുഞ്ഞുങ്ങൾ അടക്കമുള്ള ഒന്നുമറിയാത്തവരാകും ഇരകളായി അവശേഷിക്കപ്പെടുക.