Connect with us

Kerala

ചന്ദ്രന്റെ സന്തോഷത്തില്‍ പങ്ക്‌ചേരാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും; ലൈഫ് മിഷന്‍ വീടുകളുടെ പ്രഖ്യാപനം വൈകിട്ട്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. തിരുവനന്തപും കരകുളം സ്വദേശി ചന്ദ്രന്റെ വീട്ടിലാണ് മുഖ്യമന്ത്രിയെത്തിയത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എസി മൊയ്തീനും ഒപ്പം രാവിലെ എട്ടരയോടെയാണ് മുഖ്യമന്ത്രി ചന്ദ്രന്റെയും കുടുബത്തിന്റേയും സന്തോഷത്തില്‍ പങ്കുചേരാനെത്തിയത്. പാലുകാച്ച് ചടങ്ങില്‍ പങ്കെടുത്താണ് പിണറായി വിജയന്‍ മടങ്ങിയത്.സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ആറു സെന്റില്‍ നാല് ലക്ഷം സര്‍ക്കാര്‍ ഫണ്ട് കൂടി ഉപയോഗപ്പെടുത്തിയാണ് വീട് പണി പൂര്‍ത്തിയായത്.

“സംസ്ഥാനത്തിന്റെ ഓരോ മുക്കും മൂലയും വലിയ സന്താഷത്തിലാണ് . എല്ലാവരും ആഹ്‌ളാദിക്കുന്ന ദിവസമാണിന്ന് . രണ്ട് ലക്ഷത്തി പതിനാലായിരം പേര്‍ക്കാണ് അടച്ചുറപ്പുള്ള സ്വന്തം വീട് ഉണ്ടാകുന്നത്. ആത്മനിര്‍വൃതിയാണ് എല്ലാവര്‍ക്കും. കുടുംബാംഗങ്ങളുടേയും നാടിന്റേയും സന്തോഷത്തില്‍ എല്ലാവര്‍ക്കും അണിചേരാം”- മുഖ്യമന്ത്രി പറഞ്ഞു

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. സംസ്ഥാനതലപരിപാടിക്ക് പുറമേ ലൈഫ് മിഷന്‍ വഴി വീട് കിട്ടിയവരുടെ സംഗമം പഞ്ചായത്ത് തലത്തിലും നടത്തുന്നുണ്ട്. ലൈഫ് മിഷന്‍ പദ്ധതിപ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ പ്രഖ്യാപനം ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.