Connect with us

National

ബി ജെ പി നേതാക്കള്‍ക്കെതിരായ പരാതികളില്‍ മൗനം; താഹിര്‍ ഹുസൈനെതിരെ കൊലക്കുറ്റത്തിന് കേസ്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യ തലസ്ഥാനം ഹിന്ദുത്വ ഭീകരര്‍ ചുട്ടെരിക്കുമ്പോള്‍ നിസ്സംഗ സമീപനം പുലര്‍ത്തിയ ഡല്‍ഹി പോലീസ് കേസെടുക്കുന്നതിലും ഏകപക്ഷീയ സമീപനം തുടരുന്നു. ആക്രമത്തിന് കൂട്ടുനിന്നെന്ന് ചൂണ്ടിക്കാട്ടി എ എ പി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സംഘര്‍ഷത്തിന് ഇടയാക്കിയ പ്രകോപന പ്രസംഗങ്ങള്‍ നടത്തിയ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍ എന്നീ ബി ജെ പി നേതാക്കള്‍ക്കെതിരെ നിരവധി പരാതികളുണ്ടായിട്ടും കേസെടുക്കാന്‍ തയ്യാറാകാതിരിക്കെയാണ് പോലീസിന്റെ പുതിയ നീക്കം. സംഘര്‍ഷത്തിനിടെ ഐ ബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊല്ലപ്പെട്ട സംഭവത്തിലാണ് താഹിര്‍ ഹുസൈനെതിരെ കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ താഹിറിന്റെ വീട്ടില്‍ പോലീസ് റെയ്ഡും നടത്തി. വീട് പോലീസ് സീല്‍ ചെയ്തു.

ഐബിയില്‍ ട്രെയിനി ഓഫീസര്‍ ആയിരുന്ന അങ്കിതിന്റെ മൃതദേഹം ചാന്ദ് ബാഗിലെ ഒരു ഓടയില്‍ നിന്നാണ് കണ്ടെടുത്തത്. അങ്കിതിനെ കൊന്നത് താഹിറിന്റെ നേതൃത്വത്തിലാണെന്ന് കുടുംബം ആരോപിച്ചിരുന്നു. താഹിര്‍ ഹുസൈന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുകളില്‍ നിന്നാണ് അങ്കിതിനു നേര്‍ക്ക് കല്ലേറുണ്ടായതെന്നും ഇവര്‍ പറഞ്ഞിരുന്നു.