Connect with us

Ongoing News

കമ്പളക്കളത്തിലെ ബോൾട്ടുമാർ

Published

|

Last Updated

കർണാടകയിലെ പരമ്പരാഗത കായിക വിനോദമായ കമ്പളയോട്ട മത്സരം ഇപ്പോൾ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ലോകത്തിലെ വേഗ രാജാവ് ഉസൈൻ ബോട്ട് തീർത്ത വേഗ റെക്കോർഡ് പോത്തോട്ട മത്സരത്തിലൂടെ ശ്രീനിവാസ ഗൗഡയും പിന്നീട് നിഷാന്ത് ഷെട്ടിയും മറികടന്നതോടെയാണ് നിമിഷങ്ങൾക്കുള്ളിൽ കാളയോട്ട മത്സരം ഇന്ത്യൻ ജനതയുടെ ശ്രദ്ധാകേന്ദ്രമായി മാറിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ദക്ഷിണ കന്നഡയിലെ ഐയ്ക്കള ഗ്രാമത്തിൽ നടന്ന കാളയോട്ട മത്സരത്തിലൂടെയാണ് നിർമാണത്തൊഴിലാളിയായ ശ്രീനിവാസ ഗൗഡ ഇന്ത്യൻ ജനതയുടെ മുഴുവൻ ശ്രദ്ധയും നേടിയത്. ശ്രീനിവാസ ഗൗഡ എന്ന നിർമാണത്തൊഴിലാളിയിലെ ഉസൈൻ ബോൾട്ടിനെ പുറത്തു കൊണ്ടു വന്നത് കാളയോട്ട മത്സരമായിരുന്നു. മംഗളൂരുവിൽ നിന്ന് മുപ്പത് കിലോമീറ്റർ അകലെയുള്ള ഐക്കള ഗ്രാമത്തിൽ നടന്ന കാളയോട്ട മത്സരത്തിൽ കാളയുടെ വാലിൽ പിടിച്ച് ഈ 28കാരൻ ഓടിയെത്തിയത് ഉസൈൻ ബോൾട്ട് സൃഷ്ടിച്ച ലോക റെക്കോർഡിനെ മറികടന്നായിരുന്നു. വെറും 13.62 സെക്കൻഡിലായിരുന്നു ഗൗഡ ഓടിയെത്തിയത്. ഇതിൽ 100 മീറ്റർ പൂർത്തിയാകാനെടുത്തത് വെറും 9.55 സെക്കൻഡാണ്. ലോകത്തിലെ വേഗ രാജാവ് ജമൈക്കയുടെ ലോക റെക്കോർഡുകാരൻ ഉസൈൻ ബോൾട്ട് 100 മീറ്റർ പിന്നിടാൻ എടുത്ത സമയം 9.58 സെക്കൻഡ് ആണെന്നിരിക്കെയാണ് ഗൗഡ ഇത് മറികടന്നത്. ഇതോടെ, ഒരു രാത്രി കൊണ്ട് ഇന്ത്യൻ അത്‌ലറ്റിക്‌സിലെ മിന്നുംതാരമായി ശ്രീനിവാസ ഗൗഡ മാറുകയായിരുന്നു.

ഗൗഡയെ മറികടന്ന് നിഷാന്ത് ഷെട്ടി

ഗൗഡയെ സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്ത്യൻ ജനത നെഞ്ചേറ്റുന്നതിനിടയിലാണ് കഴിഞ്ഞ ഞായറാഴ്ച വേന്നൂരിൽ നടന്ന സൂര്യ-ചന്ദ്ര ജോഡുകാരെ കമ്പള മത്സരത്തിൽ ഉഡുപ്പിക്ക് സമീപമുള്ള ബജഗോളി ജോഗിബെട്ടു സ്വദേശിയായ നിഷാന്ത് ഷെട്ടിയെന്ന കമ്പളയോട്ടക്കാരൻ ഗൗഡയെ മറികടന്ന് പുതിയ റെക്കോർഡ് സൃഷ്ടിച്ചത്. 143 മീറ്റർ ദൂരം 13.68 സെക്കൻഡിൽ പൂർത്തിയാക്കിയ നിഷാന്ത് ഷെട്ടി ഇതിൽ 100 മീറ്റർ പിന്നിടാനെടുത്തത് വെറും 9.51 സെക്കൻഡുകൾ മാത്രമായിരുന്നു. 0.04 സെക്കൻഡിലാണ് ശ്രീനിവാസ ഗൗഡയെ നിഷാന്ത് ഷെട്ടി മറികടന്നത്. ശ്രീനിവാസ ഗൗഡ, നിഷാന്ത് ഷെട്ടി എന്നിവരെ കൂടാതെ ഇരുവതൂർ ആനന്ദ് (9.57 സെക്കൻഡ്), അകേരി സുരേഷ് ഷെട്ടി (9.57 സെക്കൻഡ്) എന്നിവരും സീസണിൽ 100 മീറ്റർ പിന്നിട്ടത് 10 സെക്കൻഡിൽ താഴെയായിരുന്നു. നിഷാന്ത് ഷെട്ടി ഒന്നാമതെത്തിയ ഇതേ കമ്പളപ്പാടത്ത് ആനന്ദും സുരേഷും മത്സരിച്ചിരുന്നു. കഴിഞ്ഞ വർഷം മധ്യപ്രദേശിൽ നിന്നുള്ള കർഷകനും ഇതുപോലെ വാർത്താപ്രാധാന്യം നേടിയിരുന്നു. നൂറ് മീറ്റർ ദൂരം നഗ്‌നപാദനായി 11 സെക്കൻഡിൽ ഓടിയ രാമേശ്വർ ഗുജാറായിരുന്നു കായിക മന്ത്രാലയത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റിയത്. ഉടൻ തന്നെ ടി ടി നഗർ സ്റ്റേഡിയത്തിൽ സായി പരിശീലകരുടെ നേതൃത്വത്തിൽ രാമേശ്വറിന് ട്രയൽസ് സംഘടിപ്പിച്ചു. എന്നാൽ, പെട്ടെന്നുണ്ടായ പ്രശസ്തിയുടെ സമ്മർദത്തിൽ രാമേശ്വറിന് പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞില്ല.

കായിക ലോകത്തിന്റെ പ്രതീക്ഷ

ശ്രീനിവാസ ഗൗഡയുടെ മികച്ച പ്രകടനം ശ്രദ്ധയിൽപ്പെട്ട കേന്ദ്ര കായിക മന്ത്രി കിരൺ റിജ്്ജു ഗൗഡയെ സ്‌പോർട്‌സ് അതോറിറ്റിയിലേക്ക് ക്ഷണിച്ച് കായിക ക്ഷമത പരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ സായി ട്രയൽസിന് ക്ഷണിക്കുകയും ചെയ്തു. എന്നാൽ, ഇതിന് സാവകാശം തേടിയിരിക്കുകയാണ് ശ്രീനിവാസ ഗൗഡ. ലോകതാരങ്ങൾക്കൊപ്പം മാറ്റുരച്ചാണ് ട്രാക്കിൽ ഉസൈൻ ബോൾട്ട് വിജയിച്ചതെന്നും എനിക്ക് പാടങ്ങളിൽ മാത്രമേ ഓടാൻ കഴിയൂവെന്നും ഗൗഡ പറയുന്നു. രണ്ടും താരതമ്യപ്പെടുത്താനാവില്ല. അതൊരു ട്രാക്ക് ഇവന്റാണ്. എനിക്ക് ഒരു മാസത്തേക്ക് നേരത്തെ ഏറ്റ ഉത്തരവാദിത്തങ്ങളുണ്ട്. കമ്പള സീസൺ കഴിഞ്ഞാൽ സായി ട്രയൽസിൽ പങ്കെടുക്കാൻ തയ്യാറാണെന്നും ഗൗഡ പറഞ്ഞു. പുതിയ വേഗ റെക്കോർഡ് സൃഷ്ടിച്ചതിന് കർണാടക സർക്കാർ മൂന്ന് ലക്ഷം രൂപ ഗൗഡക്ക് പാരിതോഷികമായി സമ്മാനിക്കുകയും ചെയ്തിരുന്നു.

കർണാടത്തിലെ കായികമത്സരം

കർണാടകയിലെ നെൽപ്പാടങ്ങളിൽ വർഷങ്ങളായി നടന്നുവരുന്ന ഒരു പരമ്പരാഗത കായിക വിനോദമാണ് കമ്പള എന്ന പേരിൽ അറിയപ്പെടുന്ന കാളയോട്ട മത്സരം. മുൻ വർഷങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഇത്. പോത്തുകളെ ഉപയോഗിച്ചുള്ള കമ്പളക്കെതിരെ കഴിഞ്ഞ കാലങ്ങളിൽ ശക്തമായ വിമർശനമുയർന്നിരുന്നു. മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതയാണ് ഇതെന്ന് ആരോപിച്ച് മൃഗ സ്‌നേഹികളുടെ സംഘടനയായ പെറ്റ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കർണാടകയിൽ കാളയോട്ട മത്സരം നിരോധിച്ചെങ്കിലും ചില നിബന്ധനകൾക്ക് വിധേയമായി മത്സരം നടത്താൻ സർക്കാർ അനുവദിക്കുകയായിരുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ ഭൂപ്രഭുക്കളാണ് എല്ലാ വർഷവും കമ്പള മത്സരങ്ങൾ സംഘടിപ്പിക്കാൻ മുൻകൈ യെടുക്കുന്നത്. 18 കമ്പള സമിതികളാണ് കർണാടകയിൽ നിലവിൽ മത്സരങ്ങൾ സംഘടിപ്പിച്ച് വരുന്നത്. നവംബറിൽ ആരംഭിച്ച് മാർച്ച് വരെ നീണ്ടുനിൽക്കുന്നതാണ് കമ്പള ഉത്സവ കാലം.

രമേശൻ പിലിക്കോട്
r.pilicode@gmail.com