പാരിസ്ഥിതിക ഭൂമികയിൽ വിരിഞ്ഞ കവിതകൾ

ബിംബങ്ങൾ കൊണ്ട് സമ്പന്നമാണ് പല കവിതകളും. ഭാഷാ ലാളിത്യവും, കാവ്യഭാഷയും കവിതയെ കൂടുതൽ ആകർഷകവും ജനകീയവുമാക്കുന്നു. 'ഹരിത കവിതകൾ' എന്ന ശീർഷകത്തിൽപ്പെടുത്താൻ പറ്റിയ കുറേ കവിതകൾ ഈ സമാഹാരത്തിൽ വായിച്ചെടുക്കാം. പ്രകൃതിപക്ഷത്തേക്ക് ചാഞ്ഞുനിൽക്കുന്ന കവിതകൾ.
അതിഥി വായന
Posted on: February 23, 2020 2:14 pm | Last updated: February 29, 2020 at 2:16 pm
പെൺകുട്ടി ഒരു ചിത്രശലഭമാകുന്നു | അബ്ദുള്ള പേരാമ്പ്ര

“പെൺകുട്ടി ഒരു ചിത്രശലഭമാണ്’ അബ്ദുള്ള പേരാമ്പ്രയുടെ പുതിയ കവിതാ സമാഹാരം. ഇരുപത്തഞ്ച് കവിതകളടങ്ങിയ ഈ സമാഹാരം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. ആദ്യ കവിതയാണ് ശീർഷക കവിത. സമൂഹവും മാധ്യമവും നിരന്തരം ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീ പീഡനം തന്നെയാണ് ഇതിലെ പ്രതിപാദ്യവും. സ്‌കൂൾ വിട്ടിട്ടും വീടണയാത്ത പെൺകുട്ടി, ഒടുവിൽ, ഇരുൾ വീണ നേരത്ത് ജഡമായി തിരിച്ചെത്തുന്ന ദാരുണരംഗം കവിതയായി വാർന്നുവീഴുന്നതു നോക്കൂ:
“ആധി പെയ്യുന്ന വീട്ടിലേക്ക്
നിലവിളിക്കൊപ്പമെത്തിയ
ഒരു നിശാശലഭം
ചിറകു കൊഴിഞ്ഞുവീണു.’
“ഡയറിയിൽ കുറിച്ചത്’ എന്ന കവിത, പടിയിറങ്ങിപ്പോയ ആ നല്ല കാലത്തെക്കുറിച്ചോർത്താണ് പരിതപിക്കുന്നത്. ചെരുപ്പില്ലാതെ നടന്ന ഇടവഴിയും വയൽവരമ്പും കാലപ്രവാഹത്തിൽ എന്നേ ഒലിച്ചുപോയി. മനുഷ്യൻ പ്രകൃതിയോടു കാട്ടുന്ന ക്രൂരതയുടെ ബാക്കിപത്രം! ചേമ്പില ചൂടിയ ബാല്യം, വീടു വിട്ടിറങ്ങിയ ഓട്ടുകിണ്ടി എന്നിവയൊന്നും ഇനി തിരിച്ചുകിട്ടില്ല, എന്നോർത്ത് കവി വിങ്ങുകയും വിതുമ്പുകയും ചെയ്യുമ്പോൾ ആ നഷ്ടബോധം അനുവാചകരിലും പടക്കുകയാണ്, പതിന്മടങ്ങായി!

“അറവുമൃഗം’ ശ്രദ്ധേയമായ മറ്റൊരു കവിതയാണ്. കൊല്ലപ്പെടുന്നതിന് മുമ്പ് ആ സാധുമൃഗം എത്രയോ തവണ കരഞ്ഞിട്ടുണ്ടാകുമത്രേ. അറവുകത്തി “ഒരു പൂവായ് മാറട്ടെ’ എന്ന് പ്രാർഥിച്ചിട്ടുണ്ടാകുമെന്ന് കവി പറയുന്നു. ഈ ഭൂമിയെ അത്ര എളുപ്പത്തിൽ ഉപേക്ഷിച്ചുപോകാൻ ആർക്കും കഴിയില്ല, അത് കേവലമൊരു മൃഗമായാൽ പോലും.
“പല മരണങ്ങൾ’ നമ്മോട് പറയുന്നത് കണ്ടുകൊണ്ടിരിക്കേ മാഞ്ഞുപോകുന്ന പച്ചപ്പിനെക്കുറിച്ചാണ്, പ്രകൃതിയെക്കുറിച്ചാണ്. മരങ്ങൾ, കുന്നുകൾ, കാടുകൾ, പുഴകൾ എന്നിവ ഇല്ലാതാകുന്നതിലുള്ള ആദിയും അമർഷവുമാണ് രോഷ കവിതയായി കത്തിക്കുന്നത്! പ്രകൃതിയുടെ താളം പിഴക്കുമ്പോൾ പിഴുതെറിയപ്പെടുന്നത് മനുഷ്യരെത്തന്നെയാണെന്ന നഗ്നസത്യം ഓർമപ്പെടുത്തുന്ന കവിത. ഇരുണ്ട കാട് ഷോപ്പിംഗ് മാളുകളായതിന്റെ വേവലാതി പങ്കുവെക്കുമ്പോൾ, വായനക്കാരുടെ മനസ്സിലും വലിയ ചലനങ്ങളും ചൂഴികളുമുണ്ടാകുന്നുണ്ട്. നമുക്ക് ആ കവിതയിലേക്ക് വരാം:
“അവിടെനിന്ന് കാതോർത്താൽ കേൾക്കാം
പക്ഷിക്കരച്ചിലുകൾ.
മുറിവേറ്റ വേട്ടമൃഗത്തിന്റെ
പരക്കം പാച്ചിൽ.’
“ഉമ്മറത്തെ ഓട്ടുകിണ്ടി ചായ്പിലേക്ക് വലിച്ചെറിഞ്ഞപോലെ’ എന്ന് കവി…
മുമ്പുണ്ടായിരുന്ന നെൽപ്പാടം ഇല്ലാതായതോർത്താണ്.
“നെൽപ്പാടം നികത്തി
കളിക്കളം തീർത്തതിന്റെ ഉദ്ഘാടനമാണ്
പോയില്ലെങ്കിൽ ആളുകളെന്തു പറയും
അതിനാൽ മാത്രം
ഒരു മരണവീട്ടിലേക്കെന്നമാതിരി
പടിയിറങ്ങുന്നു ഞാൻ.’

നമുക്കെല്ലാം അങ്ങനെയാണ്. ആളുകളെന്തു പറയും? എന്തു വിചാരിക്കും? എന്നു കരുതി, തെറ്റാണെന്നറിഞ്ഞിട്ടും, നാം ആ വഴിതന്നെ സഞ്ചരിക്കുന്നു! പിന്തുടരുന്നു! ഭൂരിപക്ഷത്തിന്റെ അഭിപ്രായം ശരിയല്ല എന്ന് പൂർണ ബോധ്യമുണ്ടായിട്ടും, അത് മനസ്സില്ലാമനസ്സോടെ അംഗീകരിക്കേണ്ടിവരുന്ന ഗതികേട്. ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കവിതയായി എനിക്ക് തോന്നിയത് “പല മരണങ്ങൾ’ ആണ്. പല മരണങ്ങൾക്കും മൂകസാക്ഷികളാകേണ്ടിവരുന്ന ഹതഭാഗ്യരാണ് നമ്മൾ.
“ആ പുരകെട്ട്’ ഗൃഹാതുരത ഉണർത്തുന്ന മനോഹരമായ മറ്റൊരു കവിതയാണ്
“തെങ്ങോലപ്പച്ചയായി
ഓർമയിലുണ്ടിന്നും
പടിയിറങ്ങിപ്പോയ ആ പുരകെട്ട്.’
പഴയ തലമുറയിലെ ആളുകളുടെ മനസ്സിൽ ഇന്നും ആ പുരകെട്ട് കരിച്ചോലയും പച്ചോലയും മായാതെ തങ്ങിനിൽപ്പുണ്ട്. ഒപ്പം നാവിൻതുമ്പിൽ സ്വാദിഷ്ടമായ ചക്കപ്പുഴുക്കും, ഇഴയടുപ്പമുള്ള കൂട്ടായ്മയും സൗഹൃദവും.
“ഉറക്കം വരാതെ കിടക്കുമ്പോൾ
ആകാശ നക്ഷത്രങ്ങളെ
ഇനി കാണാൻ കഴിയില്ലയോ എന്ന സങ്കടത്താൽ
കണ്ണു കലങ്ങി കരഞ്ഞതോർക്കുന്നു.’
മണ്ണിന്റെ മണവും ചൂരുമുള്ള മനോഹരമായ വരികൾ! ഗൃഹാതുരതയുടെ മധുരവും കയ്പും പകരുന്ന വേറെയും കവിതകൾ ഈ സമാഹാരത്തിലുണ്ട്.
“മുയലിറച്ചി’, പ്രകൃതിയോട് മനുഷ്യൻ കാട്ടിക്കൂട്ടുന്ന കൈയേറ്റങ്ങളുടെ മറ്റൊരു വികൃതമുഖമാണ് വരച്ചുകാട്ടുന്നത്. ‘ വേട്ടയാടി കിട്ടിയ കാട്ടിറച്ചി ഭക്ഷിച്ചപ്പോൾ കാടിന്റെ രുചി, കൈയിൽ പേരറിയാത്ത കാട്ടുവള്ളി ചുറ്റിപ്പടരുന്നു! തൊണ്ടയിൽ “നീരുറവ പായുന്നു.’ ആമാശയത്തിൽ വെള്ളച്ചാട്ടം നൃത്തമാടുന്നു! ഒടുവിൽ തീന്മേശ കാടായി മാറുന്ന അവസ്ഥ!. അവിടെ മൃഗങ്ങളുടെ നിലവിളിയും പറവകളുടെ ചിറകടിയും കേൾക്കാം! ഒപ്പം മനസ്സ് പതറുകയും മനഃസാക്ഷി കുത്തി മുറിവേൽപ്പിക്കുകയും ചെയ്യുന്നു. പരിസ്ഥിതി കാവ്യ ബോധത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കവിത.
കവി, ഗദ്യകാരൻ, നോവലിസ്റ്റ്, കഥാകാരൻ, വിവർത്തകൻ, ബാലസാഹിത്യകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ അബ്ദുള്ള പേരാമ്പ്രയുടെ ഈ കവിതാ സമാഹാരത്തിലെ മുഴുവൻ കവിതകളും വായിച്ചുകഴിയുമ്പോൾ ഒരു നഷ്ടബോധം നമ്മെ വേട്ടയാടും. എന്താണത്? കൊഴിഞ്ഞുപോയ ആ നല്ല നാളുകൾ ഇനി ഒരിക്കലും തിരിച്ചുവരില്ലല്ലോ എന്നോർത്താകാം. അല്ലെങ്കിൽ പ്രകൃതിയെ ഹൃദയത്തോട് ചേർത്തുപിടിക്കുമ്പോഴും, അതിനെ സംരക്ഷിക്കാൻ കഴിയാതെ നിസ്സഹായനായി മാറിനിൽക്കേണ്ടി വരുന്നല്ലോ എന്ന ആധി കൊണ്ടുമാകാം.
വി എം ഗിരീഷിന്റെ പ്രൗഢവും പഠനാർഹവുമായ മുഖക്കുറിപ്പും ഡോ. സോമൻ കടലൂരിന്റെ മനോഹരമായ പിൻകുറിപ്പും അബ്ദുള്ളയുടെ കവിതാ സമാഹരത്തിന് അലങ്കാരമാണ്. ബിംബങ്ങൾ കൊണ്ട് സമ്പന്നമാണ് പല കവിതകളും. ഭാഷാ ലാളിത്യവും, കാവ്യഭാഷയും കവിതയെ കൂടുതൽ ആകർഷകവും ജനകീയവുമാക്കുന്നു. “ഹരിത കവിതകൾ’ എന്ന ശീർഷകത്തിൽപ്പെടുത്താൻ പറ്റിയ കുറേ കവിതകൾ ഈ സമാഹാരത്തിൽ വായിച്ചെടുക്കാം. പ്രകൃതിപക്ഷത്തേക്ക് ചാഞ്ഞുനിൽക്കുന്ന കവിതകൾ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പാരിസ്ഥിതിക ഭൂമികയിൽ വിരിഞ്ഞ കവിതകൾ തന്നെയാണിത്.

ബാലകൃഷ്ണൻ എടക്കയിൽ
edakkayil [email protected]