Connect with us

International

കിഴക്കന്‍ തുര്‍ക്കിയില്‍ ഭൂചലനം; മൂന്ന് കുട്ടികളുള്‍പ്പടെ ഏഴുപേര്‍ മരിച്ചു

Published

|

Last Updated

അങ്കാറ | കിഴക്കന്‍ തുര്‍ക്കിയില്‍ ഞായറാഴ്ച പകല്‍ 9.23ഓടെയുണ്ടായ ഭൂചലനത്തില്‍ മൂന്നു കുട്ടികളുള്‍പ്പടെ ഏഴുപേര്‍ മരിച്ചു. പരുക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 5.7 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. അയല്‍രാഷ്ട്രമായ ഇറാനിലും ഇതിന്റെ പ്രകമ്പനങ്ങളുണ്ടായി. അവശിഷ്ടങ്ങള്‍ക്കടിയില്‍ ചിലര്‍ കുടുങ്ങിയിട്ടുണ്ട്. തിരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്.

ഇറാനിയന്‍ ഗ്രാമമായ ഹബാഷ് ഇ ഒല്യക്കു സമീപമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. തുര്‍ക്കി-ഇറാന്‍ അതിര്‍ത്തിക്ക് പത്തു കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. പ്രകമ്പനമുണ്ടായ ഇറാനിലെ പശ്ചിമ അസര്‍ബൈജാന്‍ പ്രവിശ്യയില്‍ മരണങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, തുര്‍ക്കി പ്രവിശ്യയായ വാനിലെ നിരവധി ഗ്രാമങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായതായും കെട്ടിടം തകര്‍ന്നതായും വിവരമുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളില്‍ പെടുന്നവയാണ് ഇറാനും തുര്‍ക്കിയും. കിഴക്കന്‍ തുര്‍ക്കിയില്‍ ജനുവരിയിലുണ്ടായ ഭൂകമ്പത്തില്‍ 40 പേര്‍ മരിച്ചിരുന്നു.

Latest