Connect with us

Kerala

കെ സുരേന്ദ്രന്‍ ചുമതലയേറ്റു; സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് മുതിര്‍ന്ന നേതാക്കള്‍

Published

|

Last Updated

തിരുവനന്തപുരം |  ബി ജെ പിയിലെ വിഭാഗീയതയും നേതാക്കള്‍ക്കിടയിലുള്ള ശത്രുതയും വ്യക്തമാക്കി പുതിയ സംസ്ഥാന പ്രസിഡന്റായുള്ള കെ സുരേന്ദ്രന്റെ സ്ഥാനാരോഹണം. നഗരത്തിലെ റോഡ്‌ഷോക്ക് ശേഷം കുന്നുകുഴിയിലെ ബി ജെ പി ആസ്ഥാനത്ത് നടന്ന സ്ഥാനാരോഹണ ചടങ്ങിലാണ് ഒരു വിഭാഗം നേതാക്കള്‍ വിട്ടുനിന്നത്. സുരേന്ദ്രന്‍ ഉള്‍പ്പെടുന്ന വി മുരളീധരന്‍ ഗ്രൂപ്പിന്റെ എതിര്‍ വിഭാഗമായ കൃഷ്ണദാസ് പക്ഷത്തെ നേതാക്കളാണ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ചടങ്ങിനെത്തിയില്ല.

കൃഷ്ണദാസ് വിഭാഗത്തെ നേതാവായ എം ടി രമേശ് റെയില്‍വേ സ്‌റ്റേഷനിലെ സ്വീകരണത്തില്‍ പങ്കെടുത്ത ശേഷം സ്ഥാനാരോഹണ ചടങ്ങിന് നില്‍ക്കാതെ മടങ്ങി. മറ്റൊരു ജനറല്‍ സെക്രട്ടറിയായ എ എന്‍ രാധാകൃഷ്ണന്‍ ഏറെ വൈകിയാണ് ചടങ്ങിനെത്തിയത്. ഇതില്‍ കുമ്മനം രാജശേഖരന്‍ ഒഴികെയുള്ള പേരുകള്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു.

നേരത്തെ സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കുകയും പിന്നീട് ഈ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പിന്നീട് പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ലഭിച്ചിട്ടില്ല. ഇതില്‍ ആര്‍ എസ് എസിലടക്കം കടുത്ത അതൃപ്തി നിലനില്‍ക്കുന്നുണ്ട്. കുമ്മനത്തെ സംസ്ഥാന വൈസ് പ്രസിഡന്റാക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. കെ സുരേന്ദ്രനേക്കാള്‍ സീനിയറായ നേതാക്കളാണ് ശോഭാ സുരേന്ദ്രനും എ എന്‍ രാധാകൃഷ്ണനും. ഇവരെ അവഗണിച്ച് താരതമ്യേന ജൂനിറയറായ സുരേന്ദ്രന് പ്രസിഡന്റ് സ്ഥാനം നല്‍കുകയായിരുന്നു.

ചില സംസ്ഥാന നേതാക്കള്‍ വിട്ടുനിന്നെങ്കിലും സുരേന്ദ്രന്റെ ഗ്രൂപ്പ് നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍, മുന്‍മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ഒ രാജഗോപാല്‍, പി പി മുകുന്ദന്‍ എന്നിവര്‍ സ്ഥാനാരോഹണ ചടങ്ങിനെത്തി. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ നേതൃത്വത്തില്‍ സുരേന്ദ്രനെ സ്വീകരിച്ച് റോഡ് ഷോയുടെ അകമ്പടിയോടെ ബി ജെ പി ആസ്ഥാനത്ത് എത്തിക്കുകയായിരുന്നു.

 

 

---- facebook comment plugin here -----

Latest