Connect with us

International

ട്രംപ് തിങ്കളാഴ്ച ഇന്ത്യയില്‍: പുതിയ ആണവ കരാറിന് മോദി സര്‍ക്കാര്‍ നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി | അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ വ്യാവസായി സഹകരണം സംബന്ധിച്ച പുതിയ കരാറുകള്‍ക്കൊന്നും സാധ്യതയില്ലെങ്കിലും വീണ്ടുമൊരു ആണവ കരാറിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ആറ് ആണവ റിയാക്ടറുകള്‍ അമേരിക്കയില്‍ നിന്ന് വാങ്ങുന്നതിന് ഇന്ത്യ കരാറിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയുമായുള്ള വ്യാപര കരാറുകളില്‍ വലിയ ഉപാധിവെക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും എന്നാല്‍ തന്റെ ഇപ്പോഴത്തെ സന്ദര്‍ശന വേളയില്‍ അത്തകരം കരാറിന് വലിയ സാധ്യതയില്ലെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ വലിയ കരാറുകള്‍ക്ക് ഇന്ത്യ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയേക്കാവുന്ന ആണവ കരാറാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

മന്‍മോഹന്‍ സിംഗുംഗ് പ്രധാനമന്ത്രിയായിരിക്കെ ഒന്നാം യു പി എ സര്‍ക്കാറാണ് 2006ല്‍ ആണവ കരാര്‍ ഒപ്പുവെച്ചത്. രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് ഒടുവിലായിരുന്നു കരാര്‍. കരാര്‍ പൊതുമിനിമം പരിപാടിയുടെ ലംഘനമാണെന്ന് പറഞ്ഞത് ഇടതുക്ഷം യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു. സര്‍ക്കാര്‍ അവിശ്വാസം നേരിട്ടു. എന്നാല്‍ ആണവ കരാര്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണച്ച ബി ജെ പിയും മറ്റ് എന്‍ ഡി എ കക്ഷികളും സര്‍ക്കാറിനെ രക്ഷിക്കുകയായിരുന്നു.
ആണവറിയാക്ടറുകള്‍ ഇന്ത്യക്ക് നല്‍കാനായിരുന്നു അന്നത്തെ കരാരെങ്കിലും യാഥാര്‍ഥ്യമാകുന്നത് പിന്നെയും നീണ്ടുപോയി. ആ സാഹചര്യത്തിലാണ് ആറ് റിയാക്ടറുകള്‍ കൈമാറുന്നതിനുള്ള പുതിയ ഒരു കരാറിലേക്ക് ഇന്ത്യയും അമേരിക്കയും എത്തുന്നതെന്നാണ് വിവരം.

തിങ്കളാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇന്ത്യയിലെത്തുന്നത്. ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, മരുമകന്‍ ജാറദ് കഷ്‌നര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടാകും.