Connect with us

International

ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 88 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

Published

|

Last Updated

ടോക്കിയോ | കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജപ്പാനിലെ യോകോഹാമയില്‍ നങ്കൂരമിട്ട ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് ലൈനര്‍ കപ്പലിലെ യാത്രക്കാരില്‍ ബുധനാഴ്ച 88 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 542 ആയി. 2020 ഫെബ്രുവരി മൂന്നിന് കപ്പലില്‍ കയറിയ 3,700 പേരില്‍ 2,404 പേരാണ് നിരീക്ഷണത്തിന് വിധേയരായത്. യാത്രക്കാരെ കപ്പലില്‍ നിന്ന് മോചിപ്പിക്കാന്‍ ജപ്പാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഏറ്റവും പുതിയ പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയത്.

വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന കപ്പലിലെ യാത്രക്കാര്‍ക്ക് മനശാസ്ത്രജ്ഞരുമായി ബന്ധപ്പെടുന്നതിനായി ജപ്പാന്‍ സര്‍ക്കാര്‍ രണ്ടായിരത്തോളം സൗജന്യ ഐ ഫോണുകള്‍ വിതരണം ചെയ്തിട്ടുണ്ട്. കപ്പലിലെ ഓരോ കാബിനിലും ഒരു ഐഫോണ്‍ എന്ന തോതിലാണ് വിതരണം ചെയ്തതെന്ന് ജപ്പാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ, കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,873 ആയി. ഔദ്യോഗിക കണക്കനുസരിച്ച് 73,335 പേര്‍ക്കാണ് നിലവില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയില്‍ മാത്രം 72,438 പേരിലാണ് രോഗം കണ്ടെത്തിയത്. തിങ്കളാഴ്ച മാത്രം 2048 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 1933 പേരും ഹുബെ പ്രവിശ്യയിലാണ്.