Connect with us

Editorial

തസ്‌ലീമക്ക് ഖദീജ റഹ്മാന്റെ ഉരുളക്കുപ്പേരി

Published

|

Last Updated

ഇസ്‌ലാമിക വസ്ത്രധാരണ രീതിയായ ഹിജാബിനെ അന്ധമായി വിമര്‍ശിക്കുന്നവര്‍ക്ക് വായടപ്പന്‍ മറുപടിയാണ് പ്രശസ്ത സംവിധായകനും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം നല്‍കിയത്. പര്‍ദയും ഹിജാബും ധരിച്ചാണ് ഖദീജ റഹ്മാന്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിന്‍ ട്വീറ്റിലൂടെ ഇതിനെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. എ ആര്‍ റഹ്മാന്റെ സംഗീതം എനിക്ക് വളരെ ഇഷ്ടമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകളെ കാണുമ്പോഴെല്ലാം എനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നു. ഒരു കലാകുടുംബത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകളുടെ ചിന്താഗതിയെ എളുപ്പത്തില്‍ മാറ്റിമറിക്കാന്‍ കഴിയുമെന്നറിയുന്നത് സങ്കടകരമാണെന്നായിരുന്നു തസ്‌ലീമയുടെ ട്വീറ്റ്.

വസ്ത്രധാരണം ഉള്‍പ്പെടെ താന്‍ ജീവിതത്തില്‍ തിരഞ്ഞെടുത്ത വഴികളെക്കുറിച്ച് ഇതുവരെ യാതൊരു കുറ്റബോധവും തോന്നിയിട്ടില്ല. മാത്രമല്ല എന്റെ രീതികളില്‍ ഞാന്‍ സന്തുഷ്ടയാണ്. അതില്‍ അഭിമാനിക്കുകയും ചെയ്യുന്നുവെന്നാണ് ഇതിന് ഖദീജ റഹ്മാന്റെ പ്രതികരണം. ഒരു വര്‍ഷമായി എന്റെ വസ്ത്രധാരണ രീതി ചില ഫെമിനിസ്റ്റുകള്‍ വിവാദമാക്കുന്നു. ഈ രാജ്യത്ത് എന്തെല്ലാം പ്രശ്‌നങ്ങള്‍ നടക്കുന്നു, അതേക്കുറിച്ചൊന്നും പ്രതികരിക്കാതെ അവര്‍ എന്റെ വസ്ത്രത്തിന് പിന്നാലെ കൂടിയിരിക്കുകയാണ്. ഇവര്‍ക്ക് ഫെമിനിസം എന്തെന്ന് അറിയുമോ? യഥാര്‍ഥ ഫെമിനിസമെന്തെന്ന് ഗൂഗിളില്‍ പരതാന്‍ ഞാന്‍ അവരോട് നിര്‍ദേശിക്കുകയാണ്. മറ്റു സ്ത്രീകളെ ഭീഷണിപ്പെടുത്തുകയോ അവരുടെ പിതാക്കന്മാരെ പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കുകയോ ചെയ്യലല്ല ഫെമിനിസമെന്നും ഖദീജ ഓര്‍മിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന “സ്ലം ഡോഗ് മില്യണയറി”ന്റെ പത്താം വാര്‍ഷികാഘോഷത്തിന് ഖദീജ റഹ്മാന്‍ ഹിജാബ് ധരിച്ചു വേദിയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് അവരുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. കണ്ണുകള്‍ മാത്രം പുറത്തു കാണുന്ന തരത്തില്‍ കറുത്ത പട്ടുസാരി ധരിച്ചായിരുന്നു അന്നവര്‍ സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടത്. ആഭാസകരമായ വസ്ത്രധാരണമാണ് പുരോഗമനത്തിന്റെ മാനദണ്ഡമെന്നു വിശ്വസിക്കുന്ന ചില ഫെമിനിസ്റ്റുകള്‍, എ ആര്‍ റഹ്മാന്റെ മകള്‍ “യാഥാസ്ഥിതിക വേഷം” ധരിക്കുമെന്ന് ഒട്ടും നിനച്ചില്ലെന്നും ഇത് കഷ്ടമായിപ്പോയെന്നുമാണ് അന്നതിനെ വിമര്‍ശിച്ചത്. ഉടനെ തന്നെ ഫേസ്ബുക്കിലൂടെ ഖദീജ റഹ്മാന്‍ ഇതിന് മറുപടിയും നല്‍കി. ആരുടെയും നിര്‍ബന്ധപ്രകാരമല്ല ഈ വസ്ത്രധാരണ രീതി ഞാന്‍ തിരഞ്ഞെടുത്തത്, മറിച്ച് സ്വന്തം താത്പര്യ പ്രകാരമാണ്. ജീവിതത്തില്‍ അത്തരം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ബോധവും പക്വതയും തനിക്കുണ്ട്. വസ്ത്രധാരണം ഏതെന്നു തീരുമാനിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. താന്‍ മുഖം മറച്ച് മുഖപടം അണിയുന്നതുമായി മാതാപിതാക്കള്‍ക്ക് ഒരു ബന്ധവുമില്ലെന്നും അവര്‍ വെളിപ്പെടുത്തി. വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന പ്രസ്താവനയുമായി ഖദീജയെ പിന്തുണച്ച് റഹ്മാനും രംഗത്തു വന്നു. എങ്കിലും തസ്‌ലീമയെ പോലുള്ള മുസ്‌ലിം നാമധാരികളായ ചില ഇസ്‌ലാം വിരോധികള്‍ പിന്നെയും ഇത് വിവാദമാക്കുകയായിരുന്നു.

ഇസ്‌ലാമിനെ വിമര്‍ശിക്കാനും പഴഞ്ചനെന്നു മുദ്രകുത്താനുമുള്ള ഒരായുധമാണ് പര്‍ദയും ഹിജാബും ചിലര്‍ക്ക്, പടിഞ്ഞാറിന്റെ വസ്ത്ര സങ്കല്‍പ്പങ്ങളോട് ആഭിമുഖ്യമുള്ളവര്‍ക്കു വിശേഷിച്ചും. വിവേചനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും പുരുഷ മേധാവിത്വത്തിന്റെയും യുക്തിരാഹിത്യത്തിന്റെയും ഉത്പന്നമാണ് അവരുടെ ഭാഷയില്‍ ഇസ്‌ലാമിക വസ്ത്രധാരണ രീതി. സ്ത്രീസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സംവാദങ്ങളിലെല്ലാം മുസ്‌ലിം സ്ത്രീയുടെ വേഷം കടന്നു വരാറുണ്ട്. പര്‍ദ പുരോഗതിക്ക് തടസ്സമാണെന്നാണ് അവരുടെ മുറവിളി.

എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭരണം, അധ്യാപനം, പത്രപ്രവര്‍ത്തനം തുടങ്ങി പൊതുജീവിതത്തിന്റെ വ്യത്യസ്ത തുറകളിൽ സേവനം ചെയ്യുന്ന പര്‍ദധാരിണികളെ അവര്‍ കാണാത്ത ഭാവം നടിക്കുന്നു. പര്‍ദക്ക് കറുപ്പ് നിറവും കറുപ്പ് ചൂടിനെ ആഗിരണം ചെയ്യുന്നതുമാകയാല്‍ മുസ്‌ലിം സ്ത്രീകളെല്ലാം മതാധികാരത്തിന്റെ ചൂടില്‍ എരിയുകയാണെന്നാണ് ഒരു ഇടതുപക്ഷ “ബുദ്ധിജീവി” പര്‍ദയെ വിമര്‍ശിച്ച് എഴുതിയത്. ലോകത്തെങ്ങുമുള്ള പുരുഷ എക്‌സിക്യൂട്ടീവുകള്‍ കറുത്ത കോട്ടാണ് ധരിക്കുന്നതെന്ന യാഥാര്‍ഥ്യം അദ്ദേഹം മനപ്പൂര്‍വം മറന്നു. ക്രിസ്തുമത വിശ്വാസിനികള്‍ പ്രാര്‍ഥനകളിലും കുമ്പസാരവേളയിലും തലയുള്‍പ്പെടെ ശരീരം മുഴുവന്‍ മറക്കണമെന്ന് നിര്‍ബന്ധ ശാസനകളുണ്ട്. സന്യാസിനികളെ സംബന്ധിച്ചിടത്തോളം ജീവിതത്തിലുടനീളം ശിരോവസ്ത്രവും മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങള്‍ നിര്‍ബന്ധമായി മറക്കുന്ന വസ്ത്രധാരണമാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. സിഖ് മതവിശ്വാസികള്‍ എല്ലാ സ്ഥലങ്ങളിലും ശിരോവസ്ത്രം ധരിച്ചുകൊണ്ടാണ് ഹാജരാകുന്നത്. ഇസ്‌ലാമിക വസ്ത്രധാരണ രീതിയില്‍ പഴഞ്ചന്‍ ശൈലിയും അപരിഷ്‌കൃതത്വവും കാണുന്നവര്‍ ഇതിലൊന്നും അങ്ങനെ കാണാറില്ല.

കഥയറിയാതെ തുള്ളുകയാണ് തസ്‌ലീമയെ പോലുള്ള ഫെമിനിസ്റ്റുകള്‍. ഇഷ്ടാനിഷ്ടങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യമാണല്ലോ ഫെമിനിസം ലക്ഷ്യമായി ഉയര്‍ത്തിക്കാട്ടുന്നത്. എങ്കില്‍ എന്തിനാണ് പര്‍ദയെ ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് അത് ധരിക്കാനുള്ള തീരുമാനത്തെ ഇവര്‍ വിമര്‍ശിക്കുന്നതും അവര്‍ക്ക് നേരെ വാളോങ്ങുന്നതും? മാംസളമായ ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് ആഭാസകരമായ വസ്ത്രങ്ങള്‍ ധരിച്ചു പൊതുസ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങാനുള്ള അതിരുവിട്ട സ്വാതന്ത്ര്യം മാത്രമാണോ ഇവര്‍ക്കാവശ്യം. സ്ത്രീസമൂഹം ഇന്നനുഭവിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് അവരുടെ കണ്ണും കാതും നീളാറില്ല. സ്ത്രീപീഡനം പൂര്‍വോപരി വര്‍ധിച്ചു വരികയാണ്. പൗരത്വ നിയമം, നോട്ട് നിരോധനം, പശുഭീകരരുടെ അഴിഞ്ഞാട്ടം തുടങ്ങിയവയും സ്ത്രീസമൂഹത്തെ കൂടി ബാധിക്കുന്ന വിഷയങ്ങളാണ.് ഇതിനെതിരെ തസ്‌ലീമ നസ്‌റിനോ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളോ പ്രതികരിച്ചതായി കണ്ടിട്ടില്ല. ഇസ്‌ലാമിക വസ്ത്രധാരണം കാണുമ്പോള്‍ മാത്രമാണ് ഇവരുടെ പ്രതികരണ ശേഷി ഉണരുന്നത്.

---- facebook comment plugin here -----

Latest