Connect with us

National

കെജ്‌രിവാളിനെ പ്രശംസിക്കുന്നത് കോണ്‍ഗ്രസ് വിട്ട ശേഷം മതി; ദിയോരക്കെതിരെ മാക്കന്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റ അരവിന്ദ് കെജ്‌രിവാളിനെ പ്രശംസിച്ച കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോരയെ കടന്നാക്രമിച്ച് സഹ പ്രവര്‍ത്തകന്‍ അജയ് മാക്കന്‍. അധികം അറിയപ്പെടാത്തതും സ്വാഗതാര്‍ഹവുമായ വസ്തുത എന്ന പേരില്‍ ദിയോര ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് മാക്കനെ ചൊടിപ്പിച്ചത്. കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാറിന് റവന്യൂ വരുമാനം 60,000 കോടിയിലേക്ക് ഇരട്ടിപ്പിക്കാനും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ മിച്ച റവന്യൂ നിലനിര്‍ത്താനും സാധിച്ചെന്നായിരുന്നു ദിയോരയുടെ ട്വീറ്റ്.

വസ്തുതകള്‍ക്ക് നിരക്കാത്ത ഇത്തരം പ്രചാരണങ്ങള്‍
ദിയോര പാര്‍ട്ടി വിട്ട ശേഷം മാത്രം നടത്തണമെന്ന്‌ മാക്കന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരണകാലത്ത് 14.87 ശതമാനമായിരുന്ന റവന്യൂ വരുമാനം കെജ്‌രിവാളിന്റെ കാലത്ത് 9.90 ആയി കുറയുകയാണുണ്ടായതെന്ന് ദിയോറയും പരാമര്‍ശത്തിന് മറുപടിയായി മാക്കന്‍ ട്വീറ്റ് ചെയ്തു.

ഫെബ്രുവരി എട്ടിന്റെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് സര്‍ക്കാര്‍ നടത്തിയ പ്രവൃത്തികളും അതിനു ചെലവിട്ട പണത്തിന്റെ കണക്കുമടങ്ങിയ റിപ്പോര്‍ട്ട് കെജ്‌രിവാള്‍ പുറത്തുവിട്ടിരുന്നു. മിച്ചവരുമാനമുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് ഡല്‍ഹിയെന്ന കംപ്ര്‌ടോളര്‍ ഓഫ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടും കെജ്‌രിവാള്‍ പരാമര്‍ശിച്ചിരുന്നു. ജനങ്ങള്‍ നല്‍കിയ പണം ചെലവ് വെട്ടിച്ചുരുക്കിയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും അവര്‍ക്കു തന്നെ തിരിച്ചു നല്‍കിയെന്ന് മറ്റു പാര്‍ട്ടികളുടെ വിമര്‍ശനങ്ങളോടു പ്രതികരിക്കവെ കഴിഞ്ഞ വര്‍ഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു.