Connect with us

Uae

ഫുജൈറയിലെ കാളപ്പോര്

Published

|

Last Updated

കാളപ്പോരിനെക്കുറിച്ച് കേൾക്കാത്തവർ വളരെ കുറവായിരിക്കും. പ്രത്യേകിച്ചും കാളപ്പോരെന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന രാജ്യം സ്‌പെയിനായിരിക്കും. എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമായ ഒരു കാളപ്പോര് നടക്കുന്ന മറ്റൊരു ഇടമുണ്ട്. യു എഇയിലെ ഫുജൈറ. അജ്മാൻ, ഷാർജ, റാസ് അൽ ഖൈമ തുടങ്ങി യു എ ഇ യുടെ വിവിധ എമിറേറ്റുകളിൽ നിന്നും കൂടാതെ ഒമാൻ, ഖത്തർ തുടങ്ങി വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും മത്സരത്തിന് കാളപ്രേമികൾ എത്താറുണ്ട്. ഫുജൈറ കൂടാതെ ഒമാനിലും ഇത്തരം കാളപ്പോര് നടക്കാറുണ്ട്. എന്നാൽ സ്‌പെയിനിലെ കാളപ്പോരിൽ നിന്നും നമ്മുടെ തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിൽ നിന്നും വിഭിന്നമായ ഒരിനമാണ് ഫുജൈറയിലെ കാളപ്പോര്.

എ ഡി 1624- 1648 കാലഘട്ടങ്ങളിൽ പോർച്ചുഗീസ് അധീനതയിലായിരുന്നു ഫുജൈറ. ആ കാലഘട്ടത്തിലാണ് കാളപ്പോര് എന്ന കായിക വിനോദം ഉടലെടുത്തത്. അതല്ല ഇത് അതിനേക്കാൾ നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നതായി വിശ്വസിക്കുന്ന തദ്ദേശീയരും കുറവല്ല. ലാറ്റിനമേരിക്കൻ കാളപ്പോര് പ്രത്യേകം പരിശീലനം ആവശ്യമുള്ളതാണ്. ഇത് കാളയുടെ മരണത്തിൽ കലാശിക്കുന്ന വിനോദമാണ്. കാളപ്പോര് നടക്കുന്ന അരീനയിലേക്ക് കാളയെ തുറന്ന് വിടുന്നു. ഇറുകിയ അലംകൃതമായ വസ്ത്രങ്ങൾ ധരിച്ച മാറ്റഡോർ (കാളപ്പോരിൽ ഏർപ്പെടുന്ന ആൾ) ചുകപ്പ് ഷീറ്റ് വീശി കാളയെ വിറളിപിടിപ്പിക്കുന്നു. കാളയുടെ ആക്രമണം മുഴുവൻ ചുകപ്പ് ഷീറ്റിലേക്കാണ്. തുടർന്ന് രണ്ടോ മൂന്നോ മാറ്റഡോർസ്വേറെയും ഇറങ്ങും. കാളപ്പോര് അവസാന ഘട്ടത്തിൽ എത്തുന്നതോടെ മുതുകിൽ നിരവധി ചെറിയ അലങ്കരിച്ച അമ്പുകൾ കൊണ്ട് കുത്തിയാണ് കാളയെ കീഴ്‌പെടുത്തുന്നത്. ഹൃദയവും ശ്വാസ കോശവും തകരാറിലാകുന്ന കാളരക്തം ഛർദിച്ച് ചാവുന്നു. സ്പാനിഷ് കാളപ്പോര് തികച്ചും ക്രൂരമായ ഒരു വിനോദമാണ്. ഇത് വളരെ മാരകമായ ഒരു വിനോദമാണ്. കാളപ്പോരിനിടെ പലപ്പോഴും മറ്റഡോറുകൾ മരിച്ചു വീഴുക പതിവാണ്. എന്നാൽ ചില പോർച്ചുഗീസ് കാളപ്പോരുകളിൽ കൊല്ലുന്നതിന് പകരം കാളകളെ ഏതാനും മറ്റഡോറുകൾ ചേർന്ന് കൊമ്പിന് പിടിച്ചുകീഴടക്കുന്ന രീതിയും ഉണ്ട്. കാളയെ കൊല്ലാതെയുള്ള വിനോദങ്ങൾ വിരളമാണ്. എന്നാൽ തമിഴ് നാട്ടിലെ ജെല്ലിക്കെട്ട് പഴയ രാജവംശങ്ങളുടെ വിനോദത്തിന്റെ പിന്തുടർച്ചയാണ്. രാജാക്കന്മാർ പെൺമക്കൾക്ക് ഉചിതരായ രാജകുമാരന്മാരെ കണ്ടെത്തുന്നതിന് ജെല്ലിക്കെട്ട് നടത്തിയിരുന്നു. കരുത്തന്മാരായ കാളക്കൂറ്റന്മാരെ തങ്ങളുടെ കായിക ബലം കൊണ്ട് മാത്രമല്ലാതെ തന്ത്രങ്ങൾ കൊണ്ട് കൂടി കീഴ്‌പ്പെടുത്തുന്ന ചെറുപ്പക്കാരെ പ്രജാപതികൾ മക്കൾക്ക് ഭർത്താവായി സ്വീകരിച്ചിരുന്നു. രാജ കുമാരന്മാർ അല്ലാത്തവർക്കും പങ്കെടുക്കാവുന്ന മത്സരങ്ങളും ചില രാജാക്കന്മാർ നടത്തിയിരുന്നു.

[irp]

ഫുജൈറയിലെ കാളപ്പോര് കാളകൾ തമ്മിൽ മാത്രം യുദ്ധം കുറിക്കുന്ന വിനോദമാണ്. ഇതിൽ കാളകൾ മരിക്കുന്നില്ല. വിശാലമായ കാളപ്പോരിന്റെ റിംഗിന് പരിസരത്ത് ചെന്നാൽ തന്നെ നിങ്ങൾ അൽപം പേടിച്ചു പോകും. ജീവിതത്തിൽ കണ്ടിട്ടില്ലാത്തത്രയും വലിയ കൂറ്റൻ കാളകൾ റിംഗിനു ചുറ്റുമായി പരിസരങ്ങളിൽ മരത്തണലിൽകെട്ടിയിയിടപ്പെട്ടിരിക്കുന്നു. മണലും ചെമ്മണ്ണും കലർന്ന ഫുജൈറയിലെ മണ്ണിൽ അവ ചുര മാന്തി കൊണ്ടിരിക്കുന്നു. ഇടക്കിടെ പരിസരം വിറപ്പിച്ചു കൊണ്ട് മുക്രയിടുന്നു. കാളകളുടെ വർണ- വൈവിധ്യവും വലിപ്പവും പൂഞ്ഞയുടെ ഭംഗിയുമൊക്കെ ആസ്വദിക്കണമെങ്കിൽ നിങ്ങൾ ഫുജൈറയിലെ കാളപ്പോര് സന്ദർശിക്കണം. കറുപ്പ്, ചുകപ്പ്, ഇളംചുകപ്പ്, വെള്ള, വെള്ളയിൽ പുള്ളി, ഇളം മഞ്ഞ, ക്രീം തുടങ്ങി വിവിധ വർണങ്ങളിലും തൂക്കത്തിലുമുള്ള കാളകൾ. കൂടുതൽ ആക്രമണ കാരികൾ ചുകപ്പും കറുപ്പുമാണെങ്കിലും വലിപ്പം കൊണ്ട് വെളുത്ത കാളകളാണ് മുന്നിൽ. ഇവയിൽ പുള്ളിയോട് കൂടിയവയാണ് കൂടുതൽ ബലവന്മാർ.
അംഗത്തിനായുള്ള കാത്തു നിൽപ്പിൽ കാളകൾ അക്ഷമരാണ്. അക്രമാസക്തരാണെന്നു തന്നെ പറയാം. ഇടയ്ക്കിടെതാടയും കൊമ്പും കുലുക്കി ആകാശത്തേയ്ക്ക് നോക്കി മുക്രയിടുന്നു. ഇവയുടെ ശക്തി ക്ഷയിക്കാതിരിക്കാൻ കാളകൾക്ക് രതി സാധ്യമാക്കാറില്ല. ഏറെക്കുറെ തുല്യശക്തരായ കാളകളെയാണ് ഒരേസമയം അങ്കത്തിനിറക്കുക. ബലവാന്മാരായ കാളകൾ തമ്മിൽ കൊന്പ് പിണയ്ക്കുന്നതിന്റെയും മണ്ണിൽ ചുര മാന്തുന്നതിന്റെയും സീൽക്കാരങ്ങളും ആളുകളുടെ ആർപ്പു വിളികളും കൊണ്ട് അന്തരീക്ഷം ശബ്ദായമാനം.
പരാജിതനായ കാല സ്വമേധയാ പിൻവാങ്ങുന്നു. അക്രമണോൽസുകത വർധിച്ചു പോരിൽ നിന്ന് പിൻവാങ്ങാത്തകാളകളെ ചിലപ്പോൾ നിരവധി ജോക്കികൾ ചേർന്ന് കയർ കെട്ടി പിടിച്ചു മാറ്റുന്നതും കാണാം. ചെറിയ മുറിവുകളും നേരിയ രക്തച്ചൊരിച്ചിലുകളും ഒഴിച്ചാൽ ഫുജൈറയിലെ കാളപ്പോര് വളരെ സുരക്ഷിതമാണ്. കാളകൾ തമ്മിലുള്ള പോര് മൂർച്ഛിക്കുമ്പോൾ ജോക്കികൾ അവയെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കും. അതോടെ അടുത്ത മത്സരക്കാരുടെ ഊഴമായി. മത്സരത്തിൽ ജയിക്കുന്ന കാളകൾക്ക് പൊന്നും വിലയാണ്. ലക്ഷക്കണക്കിന് ദിർഹം വിലക്ക് വിജയിച്ച കാളകളെ ലേലം ചെയ്‌തെടുക്കാൻ ആളുകൾ രംഗത്തുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും ഈ പരമ്പരാഗത കായിക വിനോദം ആളുകൾ ആവേശത്തോടെ കൊണ്ടാടുന്നു.

പുന്നയൂർക്കുളം സെയ്‌നുദ്ദീൻ
peeyes10@gmail.com

---- facebook comment plugin here -----

Latest