Connect with us

Religion

ബസ്വറയിലെ പ്രഭാനാളം

Published

|

Last Updated

ഹിജ്റ മൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വൈജ്ഞാനിക രംഗത്തും ഭൗതിക രംഗത്തും നേതൃസ്ഥാനം മുഅ്തസിലുകൾക്കായിരുന്നു. അബ്ബാസി ഖലീഫമാരായിരുന്ന ഖലീഫ മുഅ്തസിമും ഖലീഫ വാസിഖും മുഅ്തലസിയത്തിന്റെ പ്രധാന വക്താക്കളായിരുന്നു. അവരുടെ കാലശേഷം വന്ന ഖലീഫ മുതവക്കിൽ മുഅ്തസലി ആശയങ്ങളോട് എതിരായിരുന്നു. ഭരണപക്ഷത്തും നേതൃസ്ഥാനത്തും നിലയുറപ്പിച്ച മുഅ്തസിലുകളെ ഖലീഫ മുതവക്കിൽ ഓരോന്നായി ഇല്ലാതെയാക്കി. എങ്കിലും വൈജ്ഞാനിക മേഖലയിൽ മുഅ്തസലികൾ നിറഞ്ഞുനിന്നു. മഹാനായ ഇമാം ഹമ്പൽ (റ) മുഅ്തസലി ആശയങ്ങളെ എതിർത്ത് രക്തസാക്ഷിത്വം വഹിച്ചതിന് ശേഷം ഹമ്പലി പണ്ഡിന്മാർ ഖുർആൻ സൃഷ്ടിയാണെന്ന വാദത്തെ ഖണ്ഡിക്കുന്നതിൽ മാത്രം ഒതുങ്ങിക്കൂടി. ചിന്താപരമായ മേഖലയിലും ഭൗതിക വിജ്ഞാന മേഖലകളിലും ആധിപത്യം പുലർത്താൻ അഹ്‌ലുസ്സുന്നത്തിന് സാധിക്കാതെ നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇമാം അശ്അരി (റ) കടന്നുവരുന്നത്.

[irp]

ജനനം

ഇസ്‌ലാമിക ഭരണകൂടമായ അബ്ബാസിയ ഭരണകാലത്ത് ഇറാഖിലെ പ്രധാനപ്പെട്ട പട്ടണമായ ബസ്വറയിൽ ഹിജ്‌റ 260 (എ ഡി 857) ലാണ് മഹാനവറുകൾ ജനിക്കുന്നത് (1).

കുടുംബം

പ്രസിദ്ധ സ്വഹാബിയും നബി(സ്വ)യുടെ സ്‌നേഹിതൻ എന്നറിയപ്പെട്ട അബൂ മൂസൽ അശ്അരി(റ)യുടെ സന്താനപരമ്പരയിൽ എട്ടാമത്തെ പുത്രനുമായ ഇസ്മാഈൽ എന്നവരാണ് ഇമാമിന്റെ പിതാവ്. അല്ലാഹു പ്രിയം വെക്കുകയും അല്ലാഹുവിനെ പ്രിയം വെക്കുന്നവരുമായ ഒരു സമുദായം വരുമെന്ന് ഖുർആനിൽ ഒരു സൂക്തം ഇറങ്ങിയപ്പോൾ ആ സമുദായം ഇദ്ദേഹത്തിന്റെ സന്താന പരമ്പരയിൽ വരുന്നവരാണെന്ന് മുഹമ്മദ് നബി (സ്വ) അബൂ മൂസൽ അശ്അരി (റ)യിലേക്ക് ചൂണ്ടി പറഞ്ഞു. ഇത് മഹാനവറുകളുടെ കുടുംബ പാരമ്പര്യം വളരെ വ്യക്തമാക്കുന്ന സംഭവമാണ്.

പഠനം

മഹാനവർകൾ വളരെ ചെറിയ പ്രായത്തിൽ തന്നെ അറിവിന്റെ പാതയിലേക്ക് പ്രവേശിച്ചവരായിരുന്നു. പഠനത്തിന്റെ തുടക്കം മുഅ്തസലിയായ അബൂ അലിജുബ്ബായിൽ നിന്നാണ്. 40 വർഷം ഇദ്ദേഹത്തിൽ നിന്ന് ധാരാളം മുഅ്തസലി ആശയങ്ങൾ പഠിക്കുകയും സംവാദങ്ങൾ നടത്തുകയും ചെയ്തു. ഹദീസിൽ സക്കരിയ ബിനു യഹിയ സ്സാജി (റ)യും കർമശാസ്ത്രത്തിൽ ഇമാമിന് സുറൈജിയുമായിരുന്നു പ്രധാന ഗുരുക്കന്മാർ.

[irp]

സൽപാതയിലേക്ക്

ഒരു റമസാൻ ആദ്യ പത്തിൽ അദ്ദേഹം സ്വപ്‌നത്തിൽ നബി(സ്വ)യെ കണ്ടു, അവിടുന്ന് പറഞ്ഞു: “അലിയെ എന്നിൽ നിന്ന് നിവേദനം ചെയ്ത വിശ്വാസികളെ സഹായിക്കുക, അതാണ് സത്യം”. ആശങ്കാകുലനായി അദ്ദേഹം ഉറക്കിൽ നിന്ന് ഉണർന്നു. എന്നാൽ രണ്ടാമത്തെ പത്തിലും ഇതാവർത്തിച്ചു. റമസാൻ 27ന് നബി (സ്വ)യെ വീണ്ടും സ്വപ്‌നത്തിൽ കണ്ടു. നബിതങ്ങൾ ചോദിച്ചു. “എന്റെ നിർദേശം നീ എന്ത് ചെയ്തു? “അദ്ദേഹം മറുപടി പറഞ്ഞു: “ഇൽമുൽ കലാമിനെ ഉപേക്ഷിക്കുകയും കിതാബിനെയും സുന്നത്തിനെയും മുറുകെപ്പിടിക്കുകയും ചെയ്തിരിക്കുന്നു”. അപ്പോൾ നബി(സ്വ) ചോദിച്ചു. ഞാൻ നിന്നോട് അങ്ങനെയല്ലല്ലോ നിർദേശിച്ചത്, എന്നിൽ നിന്ന് നിവേദനം ചെയ്തവരെ സഹായിക്കാനല്ലേ പറഞ്ഞത്. അതാണ് സത്യവതി എന്ന് നബി (സ്വ) പറഞ്ഞു. 30 വർഷം കൊണ്ട് പഠിച്ചെടുത്ത മസ്അലകളും തെളിവുകളും വെറുമൊരു സ്വപ്‌നത്തിന് പേരിൽ ഉപേക്ഷിക്കുകയോ? എന്ന് മഹാൻ മറുപടി പറഞ്ഞു. ശേഷം നബി (സ്വ) പരിശ്രമിക്കാൻ പറയുകയും ആശീർവദിക്കുകയും ചെയ്തു. ശേഷം രണ്ടാഴ്ചയോളം ജനസമ്പർക്കം ഒഴിവാക്കി തനിച്ചിരിക്കുകയും പള്ളി മിമ്പറിൽ കയറി ഇങ്ങനെ പ്രസ്താവിക്കുകയും ചെയ്തു: “ഇത്രയും കാലം ജനസമ്പർക്കം ഒഴിവാക്കി തനിച്ച് ജീവിക്കാനുള്ള കാരണം സത്യം എന്തെന്നറിയാതെ വിഷമത്തിലായത് കൊണ്ടായിരുന്നു, എന്നാൽ ഇപ്പോൾ എനിക്ക് സത്യമായ വഴി ഏതെന്ന് അല്ലാഹു വ്യക്തമാക്കി തന്നിരിക്കുന്നു. തുടർന്ന് ഈ വസ്ത്രം ഊരിയതു പോലെ ഞാൻ എന്റെ പൂർവ ആശയങ്ങളെ ഊരിക്കളഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു അദ്ദേഹത്തിന്റെ വസ്ത്രം ഊരിക്കളഞ്ഞു. അവിടെ നിന്ന് അഹ്്ലുസ്സുന്നത്തി വൽ ജമാഅയുടെ ആശയാദർശങ്ങൾ അടങ്ങുന്ന ധാരാളം കിതാബുകൾ ജനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു (2). ഇങ്ങനെയാണ് അദ്ദേഹം അഹ്‌ലുസുന്നത്തി വൽജമാഅയിലേക്ക് കടന്നുവരുന്നത്.

ജീവിതം

എല്ലാ നൂറ്റാണ്ടിന്റെ തുടക്കത്തിലും ആ നൂറ്റാണ്ടിനെ നയിക്കാൻ അനുയോജ്യരായ മുജദ്ദിദിനെ അള്ളാഹു നിയമിക്കും. അശ്അരി ഇമാമിന്റെ കാലഘട്ടത്തിലെ മുജദ്ദിദ് അദ്ദേഹം തന്നെയായിരുന്നുവെന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. മഹാനവറുകൾ കർമപരമായി ശാഫിഈ മദ്ഹബുകാരനാണ്. എന്നാൽ, ചിലർ മഹാനവർകൾ മാലികി മദ്ഹബുകാരനാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് ശരിയല്ല. കാരണം അദ്ദേഹം ശാഫിഈ മദ്ഹബുകാരനാണ് എന്നതിന് ഒരുപാട് തെളിവുകൾ സുബ്കി ഇമാം അദ്ദേഹത്തിന്റെ കിതാബിൽ ഉദ്ധരിക്കുന്നുണ്ട്. മഹാനവർകൾ 20 വർഷം ഇശാഇന്റെ വുളൂ (അംഗശുദ്ധീകരണം) കൊണ്ട് സുബ്ഹി നിസ്‌കരിച്ചവരായിരുന്നു. വളരെ സൂക്ഷ്മ ജീവിതം നയിച്ചവരുമായിരുന്നു. ഒരു വർഷം വെറും 27 ദിർഹം മാത്രമേ ചെലവാക്കാറുണ്ടായിരുന്നോള്ളൂ.

കൃതികൾ

മുന്നൂറോളം കൃതികൾ രചിച്ചിട്ടുണ്ടെങ്കിലും വളരെ കുറഞ്ഞ കൃതികൾ മാത്രമേ ഇന്ന് ശേഷിക്കുന്നുള്ളൂ. മഹാനവറുകളുടെ കൃതികൾ അധികവും മുഖ്തസലി ഖണ്ഡനമാണ്. അൽ ഉംദ ഫി റുഅ്യ്യ, അൽ ഇബാന ഫീ ഉസൂലുദ്ദീൻ അനഖഌ അലാജുബ്ബായി, അൽ മൂജസ് എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.

മരണം

വിശ്വാസി സമൂഹത്തിന് ഒരുപാട് സംഭാവനകൾ നൽകിയ മഹാനവർകളുടെ മരണം വിശ്വാസികൾക്ക് തീരാദുഃഖമായിരുന്നു. മരണ വർഷത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും പ്രബലമായത് ഹിജ്‌റ 324 ആണ്.

1, 2 ത്വബകാത്ത് അശ്ശായൽ കുബ്‌റ 3/347
അവലംബം
ത്വബകാതുശ്ശാഫിഈ അൽകുബ്‌റ
വഫയാതുൽ അഅ്‌യാൻ 3/284
കശ്ഫുള്ളുനൂൻ 5/542

ഫൈസൽ തുവ്വക്കാട്
faisaltkd426@gmail.com

---- facebook comment plugin here -----

Latest