വെടിയുണ്ടകള്‍ കാണാതായ സംഭവം; മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി

Posted on: February 14, 2020 10:58 am | Last updated: February 14, 2020 at 4:57 pm

തിരുവനന്തപുരം | പോലീസ് സേനയില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാന്‍ സനില്‍ കുമാറും പ്രതി. 11 പോലീസുകാരെ പ്രതി ചേര്‍ത്ത് പേരൂര്‍ക്കട പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിലാണ് സനില്‍ കുമാറിന്റെ പേരും ഉള്ളത്. മൂന്നാം പ്രതിയാണ് ഇദ്ദേഹം. എസ് എ പി ക്യാമ്പിലെ ഹവില്‍ദാറായിരുന്ന സനില്‍കുമാറിനായിരുന്നു വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്നത്. വെടിയുണ്ടകളുടെ വിവരങ്ങള്‍ പ്രതികള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെന്ന് എഫ് ഐ ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതീവ സുരക്ഷയോടെയും സൂക്ഷമതയോടെയും കൈകാര്യം ചെയ്യേണ്ട എ കെ 47 തോക്കുകളുടെ തിരകളുടെ കാര്യത്തില്‍ ഉള്‍പ്പടെ വീഴ്ചയുണ്ടായെന്നു കണ്ടെത്തി. കേസില്‍ മാസങ്ങള്‍ക്കു മുമ്പ് തുടങ്ങിയ അന്വേഷണം ഇപ്പോഴും എവിടെയുമെത്തിയിട്ടില്ല.
അതേസമയം, കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടും വരെ സനില്‍ കുമാര്‍ തന്റെ ഗണ്‍മാനായി തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ വ്യക്തമാക്കി.