Connect with us

National

മൂന്നാമതും ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി കെജ്രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Published

|

Last Updated

ന്യൂഡല്‍ഹി |  ബി ജെ പിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ രാജ്യ തലസ്ഥാനത്ത് നിന്നും തൂത്തെറിഞ്ഞ അരവിന്ദ്് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എ എ പി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്്ത് അധികാരമേല്‍ക്കും. രാംലീല മൈതനായില്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകരെ സാക്ഷിനിര്‍ത്തിയാകും കെജ്രിവാള്‍ മൂന്നാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. കെജ്‌രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാനെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദം ഉന്നയിച്ചു. അദ്ദേഹത്തിന്റെ വസതിയില്‍ പാര്‍ട്ടി എം എല്‍ എമാര്‍ക്കൊപ്പമെത്തിയാണ് തനിക്കുള്ള എം എല്‍ എമാരുടെ പിന്തുണ കത്ത് കൈമാറിയത്.

പുതിയ സര്‍ക്കാറില്‍ ആരൊക്കെ മന്ത്രിയാകണമെന്നത് സംബന്ധിച്ച് എ എ പി നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഡല്‍ഹി പോലെത്തെ ചെറിയ ഒരു സംസ്ഥാനത്ത് കൂടുതല്‍ മന്ത്രിമാര്‍ വേണ്ടെന്നതാണ് കെജ്രിവാള്‍ അടക്കമുള്ളവരുടെ നിലപാട്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ തവണത്തേതിന് സമാനമായ ചെറിയ ഒരു മന്ത്രിസഭയാകും ഇത്തവണയുമുണ്ടാകുക. മനീഷ് സിസോദിയയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലുണ്ടായ വിദ്യാഭ്യാസ വിപ്ലവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അതിഷി മര്‍ലേന പുതുമുഖമായി മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പാണ്. എ എ പിക്കായി ചാനല്‍ ചര്‍ച്ചകളില്‍ തിളങ്ങുന്ന രാഘവ് ചന്ദയും മന്ത്രിസഭയിലുണ്ടാകും. കൂടാതെ മനീഷ് സിസോദിയ, ഗോപാല്‍ റായ്, സോംനാഥ് ഭാരതി, തുടങ്ങിയവര്‍ സുപ്രധാന വകുപ്പുകളുടെ മന്ത്രിമാരായുണ്ടാകും.

കഴിഞ്ഞ തവണ 67 സീറ്റില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി ഇക്കുറി 62 സീറ്റ് നേടിയാണ് അധികാരം നിലനിര്‍ത്തിയത്. കഴിഞ്ഞ തവണ മൂന്ന് സീറ്റില്‍ വിജയിച്ച ബി ജെ പിക്ക് ഇക്കുറി എട്ട് സീറ്റ് മാത്രമാണ് നേടാനായത്.
അതിനിടെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയ ശേഷം ക്ഷേത്ര സന്ദര്‍ശനത്തിന് പോയി മടങ്ങുകയായിരുന്ന എ എ പി എം എല്‍ എ നരേഷ് യാദവിന് നേരെ വധ ശ്രമമുണ്ടായി. നരേഷ് യാദവിന്റെ വാഹന വ്യൂഹത്തിന് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊലപ്പെടുകയും മറ്റൊരാള്‍ക്ക ്ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഒരാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അക്രമത്തിന്റെ കാരണം വ്യക്തമല്ല.