Connect with us

Ongoing News

ഹസൻ മൻതോയെ വായിക്കുമ്പോൾ...

Published

|

Last Updated

ഇന്ത്യ നേരിട്ട ഏറ്റവും വിഷമകരവും വേദനാജനകവുമായ കാലഘട്ടമായിരുന്നു ഇന്ത്യാ- പാക് വിഭജനം. ഒട്ടേറെ ജീവനുകൾ നഷ്ടമാക്കിയ, മതത്തിന്റെ പേരിൽ മനുഷ്യരുടെ ചോര ചിന്തിയ കാലം. വിഭജനത്തിന്റെയും വർഗീയതയുടെയും പേരിൽ ഇരകളാക്കപ്പെടുന്ന സാധാരണ മനുഷ്യരുടെ കണ്ണീരിന്റെയും ചോരയുടെയും പൊള്ളുന്ന കഥകളെഴുതിയ പ്രശസ്ത ഉറുദു- ഹിന്ദി സാഹിത്യകാരൻ സാദത്ത് ഹസൻ മൻതോയുടെ കഥകൾക്ക് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ അവസ്ഥയിൽ ഏറെ പ്രാധാന്യമുണ്ട്. “ഇന്ത്യയെ രക്ഷിക്കണമെന്ന് പറയുന്ന ആളുകളിൽ നിന്ന് ഇന്ത്യയെ രക്ഷിക്കേണ്ടതുണ്ട് എന്നതാണ് വസ്തുത.” സാദത്ത് ഹസൻ മൻതോയുടെ ഈ വാക്കുകൾ ഇന്ന് ഏറെ പ്രസക്തമാണ്.
അദ്ദേഹത്തിന്റെ തോബാ ടേക്‌സിംഗ് എന്ന കഥ തുടങ്ങുന്നത് തന്നെ ഇന്ത്യാ- പാക് വിഭജനകാലത്തെ കുറിച്ചുള്ള വ്യത്യസ്തമായ ചിന്തയിൽ നിന്നാണ്. ഇന്ത്യാ- പാക് വിഭജനത്തിന്റെ പൊള്ളിക്കുന്ന കഥകളാണ് സാദത്ത് ഹസൻ മൻതോയുടെത്. അതിൽ ഉൾപ്പെടുന്ന കഥയാണ് തോബാ ടേക്‌സിംഗ്. വിഭജനം എന്നത് എന്താണെന്ന് പോലും തിരിച്ചറിയാതെ മുസൽമാനും സിക്കനും ഹൈന്ദവനും പരസ്പരം കെട്ടിപ്പിടിക്കുന്ന കാഴ്ചകാണാം. കഥയിൽ ഒട്ടേറെ കഥാപാത്രങ്ങൾ വന്നുപോകുന്നുണ്ട്, ലാഹോറിൽ നിന്നുള്ള ഹിന്ദു വക്കീൽ തന്റെ പ്രേമ പരാജയത്തെത്തുടർന്ന് ഭ്രാന്തനാകുകയായിരുന്നു. കാമുകി അയാളെ ഉപേക്ഷിച്ചുവെങ്കിലും അയാൾ അവളെ ഓർത്തു കരഞ്ഞുകൊണ്ടിരുന്നു. ഇന്ത്യയെ വെട്ടിമുറിച്ചു ഇന്ത്യയും പാക്കിസ്ഥാനുമാക്കിയ നേതാക്കളെ ശകാരം പറഞ്ഞുകൊണ്ടിരുന്നു. മത- രാഷ്ട്രീയ വിചാരങ്ങൾ മനുഷ്യരെ പരസ്പരം ചുട്ടുകൊല്ലുമ്പോൾ നമ്മൾ അസാധാരണരെന്നും ഭ്രാന്തരെന്നും പറന്നയുന്നവരിൽ ഉണ്ടാകുന്ന മാനവികത പോലും നമ്മളിൽ ഉണ്ടാകാറില്ല എന്ന യാഥാർഥ്യം ഇതിലൂടെ വായിച്ചെടുക്കാം. ഭ്രാന്തന്മാരെ ലോറിയിൽ കയറ്റി പരസ്പരം കൈമാറുന്ന രംഗം വൈകാരികതയോടെ വായിച്ചെടുക്കുമ്പോൾ ഭ്രാന്തുള്ളവരുടെ മനസികാവസ്ഥക്കൊപ്പമാണ് എഴുത്തുകാരൻ സഞ്ചരിക്കുന്നത്. നമുക്കൊന്നും ഭ്രാന്തില്ല എന്നത് തന്നെയല്ലേ ഇന്നീ ലോകത്തിന്റെ പ്രശ്നം എന്നത് കഥ വായിക്കുന്നവരിൽ ഉണ്ടാകാം.

മൻതോയുടെ ഏറെ ചർച്ചചെയ്യപ്പെട്ട കഥയാണ് തുറക്കൂ (കോൽദോ). കോൽദോ എന്ന കഥ അന്നത്തേയും ഇന്നത്തെയും യാഥാർഥ്യത്തെ തുറന്നുകാണിക്കുന്നു. അത്ര സുഖകരമായ കാഴ്ചയല്ല, വേദനയില്ലാതെ മറ്റൊന്നും അതിലില്ല. സഹായിക്കാനെന്ന് പറഞ്ഞുവരുന്ന സന്നദ്ധപ്രവർത്തകരായ എട്ട് യുവാക്കൾ സീനത്തിനെ ലോറിയിൽ കൊണ്ടുപോകുമ്പോൾ സിറാജുദ്ദീൻ അതറിയാതെ സക്കീനയെ കുറിച്ച് ചോദിക്കുന്ന ഭാഗം വല്ലാതെ വേദനിപ്പിക്കും. വിഭജനം നൽകിയ വേദനിപ്പിക്കുന്ന നേർചിത്രമാണിക്കഥ. കാലിൽ വെടിയേറ്റ് വീട്ടിലേക്ക് ഏന്തിവലിച്ചു കേറിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന തന്റെ ഭാര്യയുടെ മൃതദേഹം കണ്ടാൽ ഏതൊരാൾക്കും സമനില തെറ്റില്ലേ? ശരീഫൻ എന്ന കഥയിലൂടെ സഞ്ചരിക്കുമ്പോൾ പൗരത്വ ബില്ലിന്റെ പേരിൽ യു പിയിൽ വെടിയേറ്റ് വീണവരുടെ കരച്ചിൽ കേൾക്കുന്നു എങ്കിൽ അതിൽ അത്ഭുതപ്പെടേണ്ടതുണ്ടോ? വർഗീയ കലാപങ്ങൾ പലപ്പോഴും സ്ത്രീകളെയാണ് ഇരകളാക്കുക, ഭാര്യയും ശരീഫൻ എന്ന മകളും ക്രൂരമായി കൊല്ലപ്പെട്ട വേദനിക്കുന്ന കാഴ്ചയുടെ ചോരച്ചാലിലൂടെ നടക്കേണ്ടിവരുന്ന കഥയാണ് ശരീഫൻ. പുറത്തിറങ്ങിയ അയാൾ സ്വന്തം ഭാര്യയുടെ ശവത്തിലേക്കും നോക്കിയില്ല. കഥ അവസാനിക്കുമ്പോൾ മതഭ്രാന്ത് എത്രകണ്ട് മനുഷ്യനെ മനുഷ്യനല്ലാതാക്കുമെന്നു കാണാം.

ഏതൊരു വിഭജനവും നൽകുന്നത് പൊള്ളുന്ന വേദനയാണ്. അന്ന് സാദത്ത് ഹസൻ മൻതോ പൊള്ളിച്ച കഥകളുടെ നീറ്റൽ ഇന്നും അനുഭവിക്കേണ്ടി വരുമോ? ഈ കഥകളും സമകാലിക രാഷ്ട്രീയ അവസ്ഥയും ഒരുപോലെ പൊള്ളിക്കുന്നു. “സ്വാതന്ത്ര്യത്തിനുവേണ്ടി, രക്തസാക്ഷി, യോമേ ഇസ്തക് ലാൽ, രാം ഖേരാവൻ, മാനഹാനി” ഇങ്ങനെ ഒട്ടേറെ കഥകൾ സാദത്ത് ഹസൻ മൻതോയുടേതായി ഉണ്ട്. ഓരോ കഥയും ഈ കാലഘട്ടത്തിൽ വായിച്ചെടുക്കുമ്പോൾ അതിന്റെ പ്രസക്തി ഏറിവരികയാണ്. യുദ്ധത്തെക്കുറിച്ച് മൻതോ തന്നെ പറഞ്ഞ വാക്കുകൾ ശ്മശാനത്തിൽ പോലും പണപ്പെരുപ്പം ഉണ്ടാക്കാനേ ഉതകൂ എന്നാണ്, മനുഷ്യന്റെ വേദന അവിടെ വിഷയമേ അല്ല. രാഷ്ട്രീയ തീരുമാനങ്ങൾക്ക് ആയാൽ പോലും മനുഷ്യന്റെ ജീവിതത്തെ പറിച്ചുകളയുന്ന ഏതൊരു തീരുമാനവും മനുഷ്യവിരുദ്ധമാണ് എന്ന യാഥാർഥ്യം അതിന്റെ ഏറ്റവും വേദന നിറച്ചുകൊണ്ടു തന്നെ കഥകളിൽ ഒരുക്കിയെന്നതാണ് ഈ കഥകളുടെ പ്രത്യേകത.