Connect with us

Sports

ദേശീയ സീനിയർ വനിതാ ഹോക്കി എ ഡിവിഷൻ ഫൈനലിസ്റ്റുകളെ ഇന്നറിയാം

Published

|

Last Updated

കൊല്ലം | ദേശീയ സീനിയർ വനിതാ ഹോക്കി എ ഡിവിഷൻ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനൽ പോരാട്ടങ്ങൾ ഇന്ന് നടക്കും. ആദ്യ സെമിയിൽ സായി (സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) മധ്യപ്രദേശ് ഹോക്കി അക്കാദമിയെ നേരിടും.
ഉച്ചക്ക് രണ്ട് മണിക്കാണ് ആദ്യ സെമിഫൈനൽ. രണ്ടാം സെമിയിൽ ഹരിയാനക്ക് മഹാരാഷ്ട്രയാണ് എതിരാളി. വൈകീട്ട് നാലിനാണ് രണ്ടാം സെമിഫൈനൽ.

ടൂർണമെന്റിൽ നിലവിലെ വെങ്കല മെഡൽ ജേതാക്കളാണ് ഹരിയാന. ടൂർണമെന്റിലെ റണ്ണേഴ്‌സപ്പ് കൂടിയായ മധ്യപ്രദേശിനെ ആദ്യ ക്വാർട്ടർ ഫൈനലിൽ കീഴടക്കിയാണ് സായി(സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യുടെ സെമിപ്രവേശം. സായി(സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഇതാദ്യമായാണ് സെമിയിൽ കടക്കുന്നത്. പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി സെമിയിലെത്തിയത്. ഇത് നാലാം തവണയാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി സെമിയിലെത്തുന്നത്. കന്നി ഫൈനലാണ് മധ്യപ്രദേശ് ഹോക്കി അക്കാദമിയുടെയും സായിയുടെയും ലക്ഷ്യം. വാശിയേറിയ ക്വാർട്ടറിൽ ഒഡീഷയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപിച്ചാണ് ഹരിയാന സെമിയിലേക്ക് ചുവടുവെച്ചത്.

ഇതുവരെ എട്ട് ഗോൾ നേടിയ മഹാരാഷ്ട്രയുടെ റുതുജ പിസാലാണ് ടൂർണമെന്റിലെ ഗോൾ നേട്ടക്കാരികളിൽ ഒന്നാമതുള്ളത്.
നാളെ വൈകീട്ട് നാലിനാണ് ടൂർണമെന്റിലെ കിരീടപ്പോരാട്ടം. ഉച്ചക്ക് രണ്ടിന് ലൂസേഴ്‌സ് ഫൈനലും നടക്കും.

Latest