Connect with us

Editors Pick

കശ്മീർ: ആറ് മാസമായി പുറംലോകം കാണാതെ മൂന്ന് മുൻ മുഖ്യമന്ത്രിമാർ

Published

|

Last Updated

ശ്രീനഗർ | ദാൽ തടാകത്തിൽ ഹൗസ്‌ബോട്ടുകൾ നിരനിരയായി കാണാം. ഗുൽമാർഗിലെ പ്രസിദ്ധമായ മഞ്ഞിൻ ആവരണമുള്ള സ്‌കീ സ്ലോപുകൾ കാലിയാണ്. ഹോട്ടലുകളിലും പരവതാനികളും ഷാളുകളും കുങ്കുമവും മറ്റ് കശ്മീരി ഉത്പന്നങ്ങളും വിൽക്കുന്ന കടകളിലും ആളനക്കം കുറവ്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ആറ് മാസം പിന്നിടുമ്പോൾ കേന്ദ്ര ഭരണ പ്രദേശത്തിന്റെ ചിത്രം ഇങ്ങനെയാണ്. ഇത്തവണത്തെ ശൈത്യം കശ്മീരിനെ മുമ്പില്ലാത്ത വിധം ബാധിച്ചിരിക്കുന്നു.

മൂന്ന് മുൻ മുഖ്യമന്ത്രിമാർ ആഗസ്റ്റ് അഞ്ച് മുതൽ തടവിലാണ്. ജമ്മുകശ്മീരിലൊന്നടങ്കം ഏറെ സ്വാധീനമുള്ള മുഖ്യധാരാ രാഷ്ട്രീയ നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായ ഫാറൂഖ് അബ്ദുല്ല, മകൻ ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരാണ് ആഗസ്റ്റ് അഞ്ച് പുലർച്ചെ മുതൽ കരുതൽ തടങ്കലിലായത്. ഫാറൂഖ് അബ്ദുല്ലക്കെതിരെ വിചാരണ പോലും കൂടാതെ രണ്ട് വർഷം വരെ തടവിലിടാവുന്ന പൊതുസുരക്ഷാ നിയമവും ചുമത്തിയിട്ടുണ്ട്. ഇവരെ എന്ന് മോചിപ്പിക്കുമെന്നതിനുള്ള യാതൊരു സൂചനയുമില്ല.

പാർലിമെന്റംഗം കൂടിയായ ഫാറൂഖ് അബ്ദുല്ലയുടെ കേസ് ഉടനെ പുനരാലോചിക്കില്ല എന്നാണ് ഭരണകൂടം നൽകുന്ന സൂചന. പൊതുസുരക്ഷാ നിയമം അനുസരിച്ചുള്ള തടങ്കൽ മൂന്ന് മാസത്തേക്ക് കൂടി ഡിസംബറിൽ ദീർഘിപ്പിച്ചിരുന്നു. അഞ്ച് തവണ മുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുല്ല സ്വന്തം വസതിയിൽ തന്നെയാണ് കഴിയുന്നത്. വീട് സബ് ജയിലാക്കി മാറ്റിയിരിക്കുകയാണ്.

ഉമർ അബ്ദുല്ലയുടെയും മെഹ്ബൂബ മുഫ്തിയുടെയും കേസുകൾ പുനരാലോചിക്കാൻ യാതൊരു നടപടിയും ആഭ്യന്തര വകുപ്പോ മജിസ്‌ട്രേറ്റുമാരോ ആരംഭിച്ചിട്ടില്ല. സമാധാനത്തിന് വിഘാതമാകുന്നവരെ തടവിലാക്കാൻ സാധിക്കുന്ന 107, 151 വകുപ്പുകൾ പ്രകാരം പ്രത്യേക സബ് ജയിലിലാണ് ഇവർ. വീടുകൾ സബ് ജയിലാക്കുകയായിരുന്നു. ഈ വകുപ്പുകൾ പ്രകാരം പുനരാലോചനയോ മോചനമോ കൂടാതെ ഒരു വർഷം വരെ കരുതൽ തടങ്കലിൽ വെക്കാം. പ്രാദേശിക മജിസ്‌ട്രേറ്റിന്റെ പ്രത്യേക അധികാരത്തിലാണ് ഈ കേസുകൾ. ആഭ്യന്തര വകുപ്പിന്റെയോ മറ്റ് സുരക്ഷാ വിഭാഗങ്ങളുടെയോ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മോചന സാധ്യത മജിസ്‌ട്രേറ്റുമാർക്ക് തീരുമാനിക്കാൻ സാധിക്കുക.

അതിനിടെ, മുതിർന്ന രാഷ്ട്രീയ നേതാവും പീപ്പിൾസ് കോൺഫറൻസ് ചെയർമാനുമായ സജ്ജാദ് ലോണും പി ഡി പി നേതാവ് വഹീദ് പർറയും മോചിതരായി. മെഹ്ബൂബ മുഫ്തിയുടെ അടുത്തയാളാണ് പർറ. ഇരുവരും എം എൽ എ ഹോസ്റ്റലിലായിരുന്നു.
കഴിഞ്ഞ ദിവസം പി ഡി പി മുൻ എം എൽ എ ഇജാസ് മീറും കശ്മീരിലെ പ്രമുഖ വ്യവസായി ശക്കീൽ ഖലന്ദറും മോചിതരായിരുന്നു. സബ് ജയിലാക്കിയ എം എൽ എ ഹോസ്റ്റലിൽ നിലവിൽ 13 രാഷ്ട്രീയ നേതാക്കളാണുള്ളത്.
എല്ലാവരും ആഗസ്റ്റ് അഞ്ച് മുതൽ തടവിലാണ്. മൊത്തം 389 പേർക്കെതിരെയാണ് കശ്മീരിൽ പൊതുസുരക്ഷാ നിയമം ചുമത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. 444 പേർക്കെതിരെയായിരുന്നു ഈ നിയമം ചുമത്താൻ ഉത്തരവുണ്ടായിരുന്നത്. 437 പേർ കരുതൽ തടങ്കലിലുണ്ട്.

സാധാരണ നില കൈവരിക്കാത്തതിനാൽ കശ്മീരിലെ വ്യാപാര മേഖലക്ക് 18,000 കോടി നഷ്ടമുണ്ടായതായി ഡിസംബറിൽ റിപ്പോർട്ടുണ്ടായിരുന്നു. ഐ ടി, ടൂറിസം, ആപ്പിൾ- കുങ്കുമം അടക്കമുള്ള കൃഷി തുടങ്ങിയ മേഖലകളിലെല്ലാം നഷ്ടമാണ്. മഞ്ഞുവീഴ്ച സംബന്ധിച്ച അറിയിപ്പ് യഥാസമയം ലഭിക്കാത്തതിനാൽ മരങ്ങൾ നശിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഗസ്റ്റ് അഞ്ചിന് മുമ്പുള്ള സ്ഥിതിയിലേക്ക് പോകാൻ സമയം ഇനിയുമെടുക്കുമെന്ന് കശ്മീരികൾക്ക് അറിയാമെങ്കിലും തങ്ങളെ വിശ്വാസത്തിലെടുത്ത് ജീവിതം സാധാരണ നിലയിലാക്കണമെന്നാണ് ഇവർക്ക് പറയാനുള്ളത്.
രാഷ്ട്രീയ നേതാക്കളെ മോചിപ്പിച്ച് തിരഞ്ഞെടുപ്പ് നടത്തുകയും നിലവിലെ 2ജി മൊബൈൽ ഇന്റർനെറ്റിന് പകരം സാധാരണ നിലക്കുള്ള ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.