Connect with us

Editorial

മന്ത്രിയുടെ വിശദീകരണ ശേഷവും അവ്യക്തത ബാക്കി

Published

|

Last Updated

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വിശദീകരണവുമായി രംഗത്തു വന്നെങ്കിലും കേന്ദ്ര ബജറ്റ് പ്രവാസ മേഖലയില്‍ സൃഷ്ടിച്ച ആശങ്ക വിട്ടൊഴിയുന്നില്ല. പ്രവാസികളെ ഇന്ത്യയിലെ വരുമാന നികുതിയുടെ പരിധിയില്‍ കൊണ്ടുവരാനും പ്രവാസി പദവി കണക്കാക്കുന്ന ദിനങ്ങളുടെ എണ്ണം കുറക്കാനുമുള്ള കേന്ദ്ര ബജറ്റ് നിര്‍ദേശങ്ങളാണ് പ്രവാസ ലോകത്ത് ആശങ്ക സൃഷ്ടിച്ചത്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ നികുതിയില്ലാത്ത ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ ഇന്ത്യയില്‍ നികുതി അടക്കേണ്ടിവരും. നികുതിയില്ലാത്ത രാജ്യങ്ങളായ യു എ ഇ, സഊദി തുടങ്ങിയ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരെയാണ് ഇതു സാരമായി ബാധിക്കുക.
നിലവില്‍ 182 ദിവസം വരെ പുറത്തു കഴിയുന്നവര്‍ക്ക് എന്‍ ആര്‍ ഐ ആനുകൂല്യം ലഭിക്കുന്നുണ്ട്. പുതിയ ബജറ്റ് നിര്‍ദേശമനുസരിച്ച് 240 ദിവസം വിദേശത്തു കഴിയണം. ഇതുപ്രകാരം പ്രവാസികള്‍ എന്ന നിലക്ക് നികുതി ഇല്ലാതെ നാട്ടില്‍ താമസിക്കാന്‍ കഴിയുന്ന ദിവസങ്ങളുടെ എണ്ണം കുറയും. 182 ദിവസമായിരുന്നത് 120 ദിവസമായാണ് കുറച്ചത്. വര്‍ഷത്തില്‍ 120 ദിവസം പ്രവാസി പരിഗണനയില്‍ ഇന്ത്യയില്‍ താമസിക്കാം. ബാക്കി ജോലി ചെയ്യുന്ന വിദേശ രാജ്യത്തുണ്ടാകണം. അവധിക്കും മറ്റും നാട്ടില്‍ വരുന്ന പ്രവാസികള്‍ 120 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിച്ചാല്‍ ഇന്ത്യന്‍ പൗരനായി കണക്കാക്കി ആദായ നികുതി ഈടാക്കും.

ഇതിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമായതോടെയാണ് ധനമന്ത്രി വിശദീകരണവുമായി രംഗത്തു വന്നത്. പ്രവാസികളുടെ വിദേശത്തെ ജോലിയില്‍ നിന്നോ ബിസിനസില്‍ നിന്നോ ഉള്ള വരുമാനത്തിന് ഇന്ത്യയില്‍ നികുതി നല്‍കേണ്ടതില്ല. ഇന്ത്യയില്‍ ചെയ്യുന്ന ബിസിനസില്‍ നിന്നോ ജോലിയില്‍ നിന്നോ ഉള്ള വരുമാനത്തിന് മാത്രം നല്‍കിയാല്‍ മതി. വിദേശത്ത് സമ്പാദിക്കുന്ന പണത്തിന് ഇന്ത്യയില്‍ നികുതി ഏര്‍പ്പെടുത്തുമെന്ന വ്യാഖ്യാനം ശരിയല്ല. പ്രവാസി പദവി ദുരുപയോഗം ചെയ്ത് ഇന്ത്യയില്‍ നിന്ന് നേടുന്ന വരുമാനത്തിനു നികുതി അടക്കാതെ പലരും ഒഴിഞ്ഞു മാറുന്നുണ്ടെന്നും ഇത്തരക്കാരുടെ നികുതിവെട്ടിപ്പ് തടയാനാണ് ഇങ്ങനെയൊരു വ്യവസ്ഥ വെച്ചതെന്നും മന്ത്രി വിശദീകരിച്ചു. എന്നാല്‍ പ്രവാസികളുടെ ഇന്ത്യയിലെ ബിസിനസ്, തൊഴില്‍ വരുമാനങ്ങള്‍ക്ക് നികുതി വേണമെന്നത് നേരത്തേയുള്ള വ്യവസ്ഥയാണെന്നിരിക്കെ ഈ വിശദീകരണത്തിലൂടെ മന്ത്രി ഉദ്ദേശിച്ചതെന്തെന്നു അവ്യക്തം. പ്രതിഷേധം തണുപ്പിക്കാനുള്ള വാചകക്കസര്‍ത്ത് എന്നതിലപ്പുറം ഇതില്‍ കാര്യമായൊന്നുമില്ല.

പ്രവാസികള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്തുന്നതും നാട്ടിലെ താമസ ദിനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കുന്നതും രാജ്യത്തിന്റെ വിശിഷ്യാ കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക് കനത്ത ആഘാതമാകുമെന്നും ഈ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയിട്ടുണ്ട്. മധ്യപൂര്‍വേഷ്യന്‍ നാടുകളില്‍ ജോലി ചെയ്യുന്ന കേരളീയര്‍ അവരുടെ നാട്ടില്‍ വീടും കുടുംബവുമുള്ളവരും കുടുംബ കാര്യങ്ങള്‍ക്കായി ഇടക്കിടെ നാട്ടില്‍ വന്നു പോകുന്നവരുമാണ്. നികുതി ഒഴിവാക്കാന്‍ മനഃപൂര്‍വം നാട്ടില്‍ നിന്ന് വിട്ടു നില്‍ക്കുന്നവരുടെ വിഭാഗത്തില്‍ പെട്ടവരല്ല ഇവരൊന്നും. നാട്ടിലെ താമസ പരിധി 120 ദിവസമായി കുറക്കുന്നത് ഇവരെ പ്രയാസത്തിലാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രവാസികള്‍ക്കിടയില്‍ ഇന്ത്യയില്‍ നിന്ന് വരുമാനമുണ്ടാക്കുന്നവര്‍ തുലോം കുറവാണ്.

ബഹുഭൂരിഭാഗവും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാണ് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് ജീവിതത്തിന്റെ നല്ല പങ്കും വിദേശ രാജ്യങ്ങളില്‍ കഠിനാധ്വാനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്. ഇവരില്‍ പത്ത് ശതമാനം പോലും വരില്ല നികുതി നല്‍കാനുള്ള വരുമാനം സമ്പാദിക്കുന്നവര്‍. എന്നിട്ടും പ്രവാസികളെ നികുതി വെട്ടിപ്പുകാരാക്കുന്ന തരത്തിലുള്ള മന്ത്രിയുടെ വിശദീകരണം കടന്ന കൈയായിപ്പോയി. ബജറ്റില്‍ കോര്‍പറേറ്റുകള്‍ക്കടക്കം വന്‍തോതില്‍ ആദായ നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കെയാണ് പ്രവാസികളോടുള്ള ഈ ദ്രോഹമെന്നത് ശ്രദ്ധേയമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി കാലത്ത് ഇന്ത്യ പിടിച്ചുനിന്നത് പ്രവാസി പണം കൊണ്ടാണെന്നും രാജ്യത്തെ കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും പ്രവാസ ലോകത്ത് നിന്ന് ലഭിക്കുന്ന വിഹിതം വളരെ വലുതാണെന്നും കേന്ദ്ര സര്‍ക്കാര്‍ വിസ്മരിക്കരുത്.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളേക്കാള്‍ കേരളത്തെയാണ് ബജറ്റ് നിര്‍ദേശം കൂടുതല്‍ ബാധിക്കുക. 30 ലക്ഷത്തോളം കേരളീയരെ ഇത് ബാധിക്കുമെന്നാണ് കണക്ക്.

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ, കാര്‍ഷിക മേഖലകളിലെ സമൂല മാറ്റത്തില്‍ പ്രവാസി സാമ്പത്തിക വ്യവസ്ഥയുടെ പങ്ക് വളരെ വലുതാണ്. പ്രവാസികള്‍ ഇന്ത്യയിലേക്കയക്കുന്ന പണത്തിന്റെ ഭൂരിഭാഗവും കേരളത്തിലേക്കാണ് വരുന്നത്. ഒന്നേകാല്‍ ലക്ഷം കോടി രൂപയാണ് കേരളത്തില്‍ മാത്രം എന്‍ ആര്‍ ഐ അക്കൗണ്ട് വഴി വര്‍ഷം പ്രതി എത്തുന്നത്. പുതിയ ബജറ്റ് നിര്‍ദേശങ്ങള്‍ ഈ പണത്തിന്റെ വരവ് വന്‍തോതില്‍ കുറയാനിടയാക്കും. അത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്കു തന്നെ കനത്ത ആഘാതമാകും. ഈ ലക്ഷ്യം കൂടിയുണ്ടോ ബജറ്റ് നിര്‍ദേശത്തിനു പിന്നിലെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയോടുള്ള പിണറായി സര്‍ക്കാറിന്റെ ശക്തമായ വിയോജിപ്പിനെ തുടര്‍ന്ന് കേരളത്തിനുള്ള പദ്ധതി വിഹിതം നിഷേധിച്ചും നികുതി വിഹിതവും കടപരിധിയും വന്‍തോതില്‍ വെട്ടിക്കുറച്ചും സംസ്ഥാനത്തെ ഞെക്കിക്കൊല്ലുകയാണല്ലോ മോദി സര്‍ക്കാര്‍. ഇതിന്റെ തുടര്‍ച്ചയായിക്കൂടായ്കയില്ല ബജറ്റ് നിര്‍ദേശം.

ലോകത്തൊരു രാജ്യവും പ്രവാസികളോട് കാണിക്കാത്ത കടുത്ത ദ്രോഹമാണ് ബജറ്റിലെ രണ്ട് നിര്‍ദേശങ്ങളും. ഇതിനെതിരെ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് പ്രവാസി സംഘടനകള്‍. ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന ധനമന്ത്രിയുടെ വിശദീകരണം ഇതിനു പരിഹാരമല്ല. തെറ്റ് മനസ്സിലാക്കി അത് തിരുത്താനുള്ള വിവേകമാണ് സര്‍ക്കാര്‍ കാണിക്കേണ്ടത്.

Latest