Connect with us

Articles

ജറൂസലം വില്‍ക്കാനുള്ളതല്ല

Published

|

Last Updated

ട്രംപ് ഒന്ന് മനസ്സിലാക്കണം. ജറൂസലം വില്‍പ്പനക്കുള്ളതല്ല. നിങ്ങളുടെ ഗൂഢാലോചനാ ഇടപാട് വിജയിക്കില്ല. മുന്‍കാലങ്ങളിലെ പോലെ ഈ ഗൂഢാലോചനയും ഫലസ്തീനികള്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയും- ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വാക്കുകളാണിത്. യു എസ് പ്രസിഡന്റ് പുതുതായി മുന്നോട്ട് വെച്ച ഫലസ്തീന്‍ സമാധാന പദ്ധതിയുടെ പശ്ചാത്തലത്തില്‍ അറബ് ലീഗിന്റെ സുപ്രധാന യോഗത്തിന് തൊട്ടുമുമ്പാണ് അബ്ബാസ് ഇങ്ങനെ പ്രതികരിച്ചത്. അറബ് ലീഗില്‍ നിന്ന് എന്ത് തീരുമാനമാണ് ഉണ്ടാകാന്‍ പോകുന്നത് എന്നതിന്റെ സൂചന കൂടിയായിരുന്നു അബ്ബാസിന്റെ ഈ വാക്കുകള്‍. ചരിത്രത്തിലെ ഏറ്റവും ധീരമായ സ്വരം ലീഗില്‍ നിന്ന് പുറപ്പെട്ടു. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഫലസ്തീന്‍- ഇസ്‌റാഈല്‍ സമാധാന പദ്ധതി അംഗീകരിക്കില്ല. അത് വഞ്ചനാപരമാണ്. ഇതേ നിലപാടാണ് ഇറാനും തുര്‍ക്കിയും ലബനാനും ജോര്‍ദാനുമെല്ലാം മുന്നോട്ട് വെച്ചത്. പാശ്ചാത്യര്‍ ഇസ്‌റാഈലിനെ അറബികളുടെ മണ്ണില്‍ സ്ഥാപിച്ചത് മുതല്‍ തുടരുന്ന കൊടും ചതിയുടെ തുടര്‍ച്ച മാത്രമാണ് ട്രംപ് പദ്ധതിയെന്ന് ആര്‍ക്കും മനസ്സിലാകും. യു എന്നിനോ മറ്റ് അന്താരാഷ്ട്ര ഏജന്‍സികള്‍ക്കോ ഒരിക്കലും

അംഗീകരിക്കാനാകാത്ത വ്യവസ്ഥകളാണ് അതിലുള്ളത്. എന്നിട്ടും എന്തുകൊണ്ട് ഇത്തരമൊരു നിര്‍ദേശം തികച്ചും ഏകപക്ഷീയമായി മുന്നോട്ട് വെക്കുന്നു? ഉത്തരം വ്യക്തമാണ്. ഇത് നടപ്പാക്കാനുള്ള പദ്ധതിയല്ല, ഒരു സന്ദേശമാണ്. ഫലസ്തീന്‍ ജനത സ്വപ്‌നം കാണുന്നത് അവസാനിപ്പിക്കാനുള്ള സന്ദേശം. ജറൂസലം തലസ്ഥാനമാകുമെന്ന സ്വപ്‌നം. 1967ന് മുമ്പുള്ള അതിര്‍ത്തിയെങ്കിലും സ്ഥാപിക്കപ്പെടണമെന്ന സ്വപ്‌നം. പടിഞ്ഞാറന്‍ കരയില്‍ (വെസ്റ്റ്ബാങ്ക്) നിന്ന് കവര്‍ന്നെടുത്ത മണ്ണ് തിരികെക്കിട്ടുമെന്ന സ്വപ്‌നം. കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ നീണ്ട ഇസ്‌റാഈല്‍ മതിലുകള്‍ ചുറ്റേണ്ടതില്ലാത്ത കാലം വരുമെന്ന സ്വപ്‌നം. ഫലസ്തീന്‍ ജനതയെ ജീവിക്കാനും പോരാടാനും പ്രേരിപ്പിക്കുന്ന സ്വപ്‌നങ്ങളാണ് ഇവ. പുറത്തേക്ക് തുറക്കുന്ന ഒരു റോഡ് കൊണ്ട് തൃപ്തിയടയുന്നതല്ല അവരുടെ സ്വാതന്ത്ര്യ ദാഹം. അതുകൊണ്ട് ഹമാസ് പ്രഖ്യാപിച്ചിരിക്കുന്നു: സായുധ പോരാട്ടം തുടരും. ഫലസ്തീന്‍ അതോറിറ്റി യു എന്നിനെ സമീപിക്കാനിരിക്കുകയാണ്. യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുമായി അവര്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.

1967 മുതല്‍ ഇസ്‌റാഈല്‍ പിടിച്ചടക്കിയ മുഴുവന്‍ പ്രദേശങ്ങളും അവര്‍ക്ക് കാലാകാലത്തേക്കും പതിച്ചു നല്‍കുന്നുവെന്നതാണ് ട്രംപ് പ്ലാനിനെ അങ്ങേയറ്റം അപകടകരമാക്കുന്നത്. ഇസ്‌റാഈല്‍ അധിനിവേശത്തിന്റെ ചരിത്രമറിയുന്ന ഒരാളും ഇത് അംഗീകരിച്ചു കൊടുക്കില്ല. ഐക്യരാഷ്ട്ര സഭ ഫലസ്തീനിനെ രണ്ടായി വിഭജിച്ചത് 1947 നവംബര്‍ 29നാണ്. ഇസ്‌റാഈല്‍ രാഷ്ട്രം ഔദ്യോഗികമായി നിലവില്‍ വന്നത് 1948 മെയ് 15നും. ഇതിനിടക്കുള്ള സമയത്ത് സയണിസ്റ്റ് സായുധ ഗ്രൂപ്പുകളും സൈന്യവും ഫലസ്തീന്റെ 75 ശതമാനവും കൈയടക്കി കഴിഞ്ഞിരുന്നുവെന്നാണ് റാല്‍ഫ് ഷൂമാനെപ്പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. 7,80,000 ഫലസ്തീനികളെയാണ് ആട്ടിയോടിച്ചത്.

1956ലെ യുദ്ധത്തില്‍ ഗാസാ മുനമ്പും സിനായും ഇസ്‌റാഈല്‍ പിടിച്ചടക്കി. രക്ഷാസമിതി പ്രമേയം 242ന്റെയും 338ന്റെയും ബലത്തില്‍ യു എന്‍ സേനയെ വിന്യസിച്ചതോടെ 1957ല്‍ സിനായിക്ക് മേലുള്ള അധികാരം ഇസ്‌റാഈല്‍ ഉപേക്ഷിച്ചു. 1960കളില്‍ അറബ് ദേശീയത അതിന്റെ ഏറ്റവും വിപ്ലവകരമായ നിലയിലേക്ക് വളര്‍ന്നു. ഫലസ്തീന്‍ വിമോചനത്തിനായി സംസാരിച്ച ഈജിപ്ഷ്യന്‍ നേതാവ് അബ്ദുല്‍ നാസറിന് വലിയ പിന്തുണ ലഭിച്ച ഘട്ടമായിരുന്നു അത്. ഈ ആത്മവിശ്വാസത്തില്‍ 1967 മെയില്‍ നാസര്‍ ശക്തമായ ചില ഉത്തരവുകള്‍ ഇറക്കി. സിനായിയില്‍ നിന്ന് യു എന്‍ സേന പിന്‍വാങ്ങണമെന്നായിരുന്നു ഒരു ഉത്തരവ്. ഇസ്‌റാഈല്‍ കപ്പലുകളെ അദ്ദേഹം തടയുകയും ചെയ്തു. ഇതോടെ ജൂണില്‍ ജൂതരാഷ്ട്രം ബോംബാക്രമണം തുടങ്ങി. നാസറിന്റെയും ജോര്‍ദാന്റെയും സൈന്യം ഛിന്നഭിന്നമായി. വെറും 132 മണിക്കൂറിനുള്ളില്‍ സിറിയയില്‍ നിന്ന് ജൂലാന്‍ കുന്നുകളും ജോര്‍ദാനില്‍ നിന്ന് വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറൂസലമും ഈജിപ്തില്‍ നിന്ന് ഗാസയും സിനായിയും ജൂതരാഷ്ട്രം പിടിച്ചടക്കി.

നിര്‍ദിഷ്ട ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ട കിഴക്കന്‍ ജറൂസലമടക്കമുള്ള പ്രദേശങ്ങളില്‍ അന്ന് ഇസ്‌റാഈല്‍ നടത്തിയ അധിനിവേശത്തെ എല്ലാ അന്താരാഷ്ട്ര സമിതികളും കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി തള്ളിപ്പറയുകയാണ്. എന്നാല്‍ അമേരിക്ക മാത്രം അതിന് തയ്യാറായില്ല.

ബരാക് ഒബാമ തന്റെ ഒന്നാമൂഴത്തില്‍ നടത്തിയ അറബ് യാത്രക്കിടെ 1967ന് മുമ്പുള്ള അതിര്‍ത്തിയില്‍ ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് പറഞ്ഞിരുന്നു. അന്ന് അമേരിക്കയിലെ ജൂത ലോബിയും ഇസ്‌റാഈല്‍ പക്ഷപാതികളും ഒബാമയെ വിമര്‍ശം കൊണ്ട് മൂടി. സത്യത്തില്‍ ഒബാമ പുതുതായി ഒന്നും പഞ്ഞിട്ടില്ല. ചരിത്ര (കു)പ്രസിദ്ധമായ ഓസ്‌ലോ കരാറിലെ വ്യവസ്ഥ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്.
ഇന്ന് ട്രംപ് പ്ലാന്‍ ഓസ്‌ലോ കരാര്‍ റദ്ദാക്കിയിരിക്കുന്നു. ഇസ്‌റാഈലിലെ താത്കാലിക പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹുവാണുള്ളത്. ഏറ്റവും കൂടുതല്‍ ജൂത കുടിയേറ്റ സമുച്ചയങ്ങള്‍ പണിതത് നെതന്യാഹുവിന്റെ ഭരണകാലത്താണ്. 2017 ഫെബ്രുവരിയില്‍ നെസ്സറ്റ് പാസ്സാക്കിയ “റഗുലേഷന്‍ ബില്‍” ഇക്കാലം വരെ നടന്ന ഭൂമിക്കൊള്ളകളെ മുഴുവന്‍ നിയമപരമാക്കുന്നതായിരുന്നു. 1948 മുതല്‍ 1967 വരെയുള്ള യുദ്ധങ്ങളില്‍ പിടിച്ചടക്കിയ മുഴുവന്‍ ഫലസ്തീന്‍ പ്രദേശങ്ങളിലെയും ജൂത കുടിയേറ്റ സമുച്ചയങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതാണ് ഈ ബില്‍. 2018ല്‍ സ്റ്റേറ്റ് ലോ പാസ്സാക്കി ഇസ്‌റാഈല്‍ സമ്പൂര്‍ണ ജൂതരാഷ്ട്രമായി കഴിഞ്ഞിരിക്കുന്നു. അവിടെയുള്ള ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും രണ്ടാം കിട പൗരന്‍മാരായി പ്രഖ്യാപിക്കുന്നതാണ് ഈ നിയമം. ഇതൊക്കെ ചെയ്ത് മഹത്തായ ദേശീയ നേതാവിന്റെ പരിവേഷം സ്വയം എടുത്തണിഞ്ഞ നെതന്യാഹു പക്ഷേ, അഴിമതിക്കേസുകളില്‍ കുടുങ്ങി ഉഴലുകയാണിപ്പോള്‍. ഒന്നാം വട്ട തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ രണ്ടാം വട്ട തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് ജൂതരാഷ്ട്രം. അമേരിക്കയിലാണെങ്കില്‍ ട്രംപ് ഇംപീച്ച്‌മെന്റ് നടപടി നേരിടുന്നു. അവിടെയും രണ്ടാമൂഴത്തിലേക്ക് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് തന്റെ മരുമകന്‍ ജേഡ് കുഷ്‌നറെ പശ്ചിമേഷ്യയിലേക്ക് അയച്ച് “നന്നായി ഗൃഹപാഠം” ചെയ്ത് ട്രംപ് സമാധാന പദ്ധതി മുന്നോട്ട് വെച്ചിരിക്കുന്നത്.
അന്താരാഷ്ട്ര കരാറുകളുടെ നഗ്നമായ ലംഘനമാണ് ട്രംപ് പ്ലാന്‍. രാഷ്ട്രത്തിന്റെ അതിരുകള്‍ നിര്‍ണയിക്കുമ്പോള്‍ അതത് രാഷ്ട്രത്തിലെ ജനങ്ങള്‍ക്ക് സ്വയം നിര്‍ണയാവകാശം വകവെച്ച് കൊടുക്കേണ്ടതുണ്ട്. ഇവിടെ നെതന്യാഹുവും അദ്ദേഹത്തിന്റെ എതിരാളിയായ ഗാന്റസും ട്രംപും ചേര്‍ന്നാണ് ഈ പ്ലാനിനായി ചര്‍ച്ച നടത്തിയതും ഇത് പ്രഖ്യാപിച്ചതും. യു എന്‍ രക്ഷാ സമിതിയുടെ 2334ാം പ്രമേയത്തിന്റെ ലംഘനമാണിത്.

ഇസ്‌റാഈല്‍ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങിയ ശേഷമേ ദ്വിരാഷ്ട്ര ചര്‍ച്ച തുടങ്ങാന്‍ തന്നെ പാടുള്ളൂ എന്നാണ് 2334ന്റെ അന്തസ്സത്ത. ഇസ്‌റാഈല്‍ രൂപവത്കരണം ബ്രിട്ടന്റെ ബാധ്യതയാക്കി മാറ്റിയ ബാല്‍ഫര്‍ പ്രഖ്യാപനത്തിന് പോലും എതിരാണ് ട്രംപ് പ്ലാൻ. ജൂതേതര സമൂഹത്തിന്റെ മതപരമായ വ്യക്തിത്വം തകർക്കരുതെന്ന് ബാൽഫർ പറയുന്നുണ്ട്.
ഇസ്‌റാഈലിന്റെ തലസ്ഥാനമായി ജറൂസലം അംഗീകരിക്കുന്ന ഉത്തരവില്‍ ഒപ്പുവെച്ചയാളാണ് ട്രംപ്. മസ്ജിദുല്‍ അഖ്‌സ സ്ഥിതി ചെയ്യുന്ന ഇടമാണ് ജറൂസലം. ഇന്ന് ജറൂസലമിന് ചുറ്റും ഇസ്‌റാഈല്‍ കൂറ്റന്‍ മതില്‍ പണിതിരിക്കുന്നു. ആ മതില്‍ക്കെട്ടിന് പുറത്തുള്ള ഇടുങ്ങിയ അബൂദിസ് പട്ടണമാണ് ട്രംപ് പ്ലാനില്‍ ഫലസ്തീന്‍ തലസ്ഥാനമായി നിര്‍ദേശിക്കുന്നത്. ഇതിനേക്കാള്‍ അപമാനകരമായി എന്തുണ്ട്? കിഴക്കന്‍ ജറൂസലം പൂര്‍ണമായി ഫലസ്തീന്റെ ഭാഗമാകുകയും പടിഞ്ഞാറന്‍ കരയില്‍ നിന്ന് ഇസ്‌റാഈല്‍ പൂര്‍ണമായി പിന്‍വാങ്ങുകയും ചെയ്യുമ്പോള്‍ മാത്രമേ സ്വതന്ത്ര ഫലസ്തീന്‍ സാധ്യമാകുകയുള്ളൂ. 50 ബില്യണ്‍ ഡോളര്‍ ഫലസ്തീന്റെ വികസനത്തിന് ആദ്യഗഡുവായി നല്‍കാമെന്നാണ് ട്രംപ് പറയുന്നത്. ജറൂസലം വില്‍ക്കാനുള്ളതല്ല. ഫലസ്തീന്‍ പുറംപോക്കല്ല.

മുസ്തഫ പി എറയ്ക്കല്‍
musthafalogam@gmail.com

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്