Connect with us

National

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും ; കേന്ദ്ര സര്‍ക്കാര്‍ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ഭയ കേസ് പ്രതികളുടെ മരണ വാറന്റ് സ്റ്റേ ചെയ്ത നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. വാചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഏഴ്ദിവസത്തിനുള്ളില്‍ സാധ്യമായ എല്ലാ നിയമനടപടികളും പ്രതികള്‍ പൂര്‍ത്തിക്കായക്കണമെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു .ഇതോടെ പ്രതികളുടെ വധശിക്ഷ വൈകുമെന്ന് ഉറപ്പായി.

മരണ വാറന്റ് സ്റ്റേ ചെയ്തതിനെതിരെ കേന്ദ്ര സര്‍ക്കാറിന് കോടതിയെ സമീപിക്കാമെന്നും പ്രതികളെല്ലാം ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ടവരാണെന്നും പറഞ്ഞ കോടതി ഇവരുടെ ശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്നാണ് അഭിപ്രായമെന്നും വ്യക്തമാക്കി. പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തത് പിന്‍വലിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ കക്ഷിചേര്‍ന്നിട്ടുള്ള എല്ലാവരുടെയും വാദങ്ങള്‍ കേട്ട ശേഷം ഉത്തരവു പുറപ്പെടുവിക്കുന്നതു ഫെബ്രുവരി രണ്ടിനു ജസ്റ്റിസ് സുരേഷ് കൈഠ് മാറ്റിവച്ചിരുന്നു.

ശിക്ഷ വൈകിപ്പിക്കാന്‍ പ്രതികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ എ പി സിങ്, റെബേക്ക ജോണ്‍ എന്നിവര്‍ ഹാജരായി. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവുന്നത് രണ്ട് ദിവസം മുന്‍പു മാത്രമാണെന്നും മരണ വാറന്റിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിചാരണക്കോടതിയെ സമീപിച്ചിരുന്നില്ലെന്നും റെബേക്ക ജോണ്‍ ബോധിപ്പിച്ചു.

Latest