Connect with us

Editors Pick

അജിന്റെ രക്തം നിലവിളിക്കുന്നു; കോട്ടമുറിക്കൽ വീട്ടിൽ കണ്ണീരടങ്ങുന്നില്ല

Published

|

Last Updated

അജിന്റെ പിതാവ് ഷിജോയും ഷിജോയുടെ മാതാപിതാക്കളായ ചാക്കോ, മേരി എന്നിവരും വള്ളിയാട്ടെ വീട്ടിൽ

കോഴിക്കോട് | കോട്ടമുറിക്കൽ വീട്ടിൽ കണ്ണീർ അടങ്ങിയിട്ടില്ല. ഹാസ്ബസ്‌റ്റോസ് ഷീറ്റ് മേഞ്ഞ കൂരയുടെ കോലായയിൽ ഇരുന്ന് 75കാരനായ ചാക്കോക്ക് ജീവനില്ലാതെ കൊണ്ടുവന്ന പേരക്കുട്ടിയുടെ മുഖം മറക്കാനാകുന്നില്ല.
ജനുവരി 25ന് കോഴിക്കോട് വെള്ളിമാട്കുന്ന് സർക്കാർ ഹോം ഫോർ മെന്റലി ഡെഫിഷ്യന്റ് ചിൽഡ്രനിൽ തല്ലേറ്റു മരിച്ച ഏഴ് വയസ്സുകാരൻ അജിന്റെ വീടാണിത്. താമരശ്ശേരിക്ക് സമീപം കൈതപ്പൊയിൽ വള്ളിയാട് എന്ന വിദൂര കുടിയേറ്റ ഗ്രാമത്തിൽ റബ്ബർ മരങ്ങൾക്കിടയിലാണ് ഈ കൂര.
നിർമാണ തൊഴിലാളിയായ ഷിജോ ജെയിംസും അച്ഛൻ ചാക്കോ എന്ന ജെയിംസും അമ്മ മേരിയും ഇവിടെ കഴിയുന്നു. മാനസികാരോഗ്യം തകർന്ന ഭാര്യ നിത്യ മാനന്തവാടിയിലെ അവരുടെ വീട്ടിലാണ്. ആറ് വയസ്സ് വരെ അജിൻ വളർന്ന വീടാണിത്. തടിച്ച തലയുമായി പിറന്ന അജിൻ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടിയാണെന്ന് ഡോക്ടർമാർ വിധിച്ചെങ്കിലും കുടുംബം ആദ്യജാതനെ ഹൃദയത്തിലേറ്റി ലാളിച്ചു. നിർത്താതെ കരഞ്ഞിരുന്ന കുഞ്ഞ് അപ്പാപ്പൻ ചാക്കോയുടെ സാമീപ്യത്തിൽ കരച്ചിലടക്കി കിടന്നു.

“ഞാൻ എപ്പോഴും അടുത്തു വേണമായിരുന്നു. എന്നാലവൻ കരയില്ല. എന്നെ അത്രമാത്രം പ്രിയമായിരുന്നു. ഞാൻ എങ്ങോട്ടും പോകാതെ കുഞ്ഞിനെ നോക്കിയിരുന്നു. കിടന്ന കിടപ്പിൽ നിന്ന് എണീക്കാനാകാത്ത അവൻ പതിയെ എണീക്കാൻ പഠിച്ചു. അഞ്ച് വയസ്സൊക്കെ ആയപ്പോൾ അവൻ “അപ്പാ” എന്ന് അവ്യക്തമായി വിളിച്ചപ്പോൾ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു.” സങ്കടം അടക്കാനാകാതെ ചാക്കോയുടെ വാക്കുകൾ മുറിഞ്ഞു.

മകൻ ഷിജോയുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയും മുമ്പ് നിത്യയുടെ മനോനില താറുമാറായി. അപ്പോഴേക്കും നിത്യ ഗർഭിണിയായിരുന്നു. ബുദ്ധിപരമായ വെല്ലുവിളിയുള്ള കുട്ടിയെ വീടിന് നൽകിയ ശേഷം അവർ മനോനില വീണ്ടെടുത്തു. അടുത്ത കുട്ടിക്ക് കൂടി ജന്മം നൽകിയ ശേഷം അവർ വീണ്ടും കടുത്ത മാനസികാരോഗ്യ തകരാറിനിരയായി. രണ്ടാമത്തെ കുട്ടി അമലിനെ ഭാര്യ വീട്ടുകാർ വയനാട്ടിലെ ഒരു കോൺവെന്റിൽ ചേർത്തു.
അജിൻ അച്ഛന്റെയും മുത്തച്ഛന്റെയും മുത്തശ്ശിയുടേയും പരിലാളനയിൽ കോട്ടമുറിക്കൽ വീട്ടിൽ കഴിയുന്നതിനിടെ രണ്ട് വർഷം മുമ്പ് ഒരു നാൾ പൊടുന്നനെ നിത്യയും അവരുടെ അമ്മയും ഓടിക്കിതച്ചു വന്നു. അവർക്ക് അജിനെ വേണമായിരുന്നു. ചാക്കോയുടെ നിലവിളിയെ ഗൗനിക്കാതെ ഇട്ടവസ്ത്രത്തോടെ അവർ കുഞ്ഞിനെ എടുത്തു കൊണ്ടുപോയി. കുഞ്ഞിനെ കാണാൻ നിത്യയുടെ മാനന്തവാടി മാങ്ങനാടി കോളനിയിലെ വീട്ടിൽ പലവട്ടം പോയെങ്കിലും നിത്യ കാണാൻ അനുവദിച്ചില്ലെന്ന് ഷിജോ പറയുന്നു. പണം ലഭിച്ചാൽ മകൾ എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പോകുമെന്നതിനാൽ പണം അയക്കേണ്ടെന്ന് നിത്യയുടെ പിതാവ് പറഞ്ഞു.

അതിനിടെ അജിനെയുമെടുത്ത് വീടുവിട്ടിറങ്ങിയ നിത്യയേയും കുഞ്ഞിനെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുഞ്ഞിനെ കോടതി വഴി വെള്ളിമാട്കുന്ന് സർക്കാർ ഹോം ഫോർ മെന്റലി ഡെഫിഷ്യന്റ് ചിൽഡ്രൻ എന്ന സ്ഥാപനത്തിലും നിത്യയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചുവെന്നാണ് ഷിജോ പറയുന്നത്. രണ്ട് മാസം മുമ്പാണ് ഈ വിവരങ്ങൾ കോട്ടമുറിക്കൽ വീട്ടിൽ അറിയുന്നത്. കുഞ്ഞിനെ ഒരു നോക്കുകാണാനുള്ള വഴികൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് നിത്യയുടെ അച്ഛൻ കുഞ്ഞു വെള്ളിമാട്കുന്നിലെ കേന്ദ്രത്തിൽ മരിച്ചു എന്ന വിവരം വിളിച്ചറിയിക്കുന്നത്. ഷിജോയും അച്ഛൻ ചാക്കോയും മെഡിക്കൽ കോളജ് മോർച്ചറിയിൽ ഓടിയെത്തി കുഞ്ഞിനെ കണ്ടു. അപ്പോൾ അവന്റെ ദേഹമാസകലം പരുക്കായിരുന്നു. തലയുടെ പിന്നിൽ, നെഞ്ചിൽ, കാലിൽ, കവിളിൽ എല്ലാം പരുക്കുണ്ടായിരുന്നതായി ചാക്കോ പറയുന്നു. വെറുംകൈകൊണ്ട് കുട്ടികൾ അടിച്ചാൽ ആ ഇളം ശരീരത്തിൽ ഇത്രയും മുറിവുകൾ ഉണ്ടാകുമോ എന്നാണ് ചാക്കോ ചോദിക്കുന്നത്.

“അവനെ പോലെ മനസ്സിന് വളർച്ചയില്ലാത്ത കുഞ്ഞുങ്ങളാണ് കൊലപ്പെടുത്തിയതെങ്കിൽ അവരോട് ദൈവം പൊറുക്കട്ടെ, ഇനിയും ആരെയും കൊല്ലാതിരിക്കാനുള്ള മാനസിക വളർച്ച അവർക്ക് ദൈവം നൽകട്ടെ…” അജിന്റെ ശവകുടീരത്തിൽ വെച്ച് എല്ലാ ദിവസവും പ്രാർഥിക്കുന്നത് അതാണെന്ന് ചാക്കോ പറയുന്നു.

“എന്നാലും ഞങ്ങളുടെ കുഞ്ഞിന്റെ മരണത്തിന് മാനസിക വളർച്ചയുള്ള ആരൊക്കെയോ ഉത്തരവാദികളാണ്. അവരുടെ ജോലി പോക്കിയതുകൊണ്ട് കുഞ്ഞിനെ തിരിച്ചു കിട്ടില്ല. എന്നാലും ഇനി ഒരു കുഞ്ഞിനും ഇങ്ങനെ ഒരവസ്ഥയുണ്ടാവരുത്. അന്വേഷിക്കുമെന്നും നടപടിയുണ്ടാകുമെന്നും കലക്്ടറും ഉദ്യോഗസ്ഥരും മോർച്ചറിക്ക് മുമ്പിൽ നിന്ന് പറഞ്ഞു. മരിച്ചിട്ട് അഞ്ചാറ് ദിവസമായി. ഇന്നുവരെ ആരും ഈ വീടിന്റെ പടികയറി വന്നിട്ടില്ല. ഞങ്ങൾക്ക് പരാതിയില്ല. കോടതിയുടെയും നിയമത്തിന്റെയും പിന്നാലെ നടക്കാൻ ഞങ്ങളില്ല. ആ കുഞ്ഞിന്റെ രക്തം നിലവിളിക്കുന്നത് ഇപ്പോഴും ഞങ്ങൾക്ക് കേൾക്കാം…” ചാക്കോ ചുവരിലെ ദൈവ രൂപത്തിലേക്ക് നോക്കി നിലവിളിക്കുകയായിരുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest