Connect with us

Articles

ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം പോലെ

Published

|

Last Updated

രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സമ്മതിക്കുന്നതായിരുന്നു സര്‍വേ എങ്കിലും ആ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാനുള്ള വകുപ്പ് ബജറ്റിലുണ്ടായില്ല എന്നതാണ് വസ്തുത. രാജ്യം നേരിടുന്ന കാതലായ സാമ്പത്തിക പ്രതിസന്ധികളെ ഏതാനും ആദായ നികുതി ഇളവുകള്‍ കൊണ്ട് മറച്ചു പിടിക്കുകയാണ് ധനമന്ത്രി ചെയ്തിട്ടുള്ളത്. ആദായ നികുതിയില്‍ ഇളവുണ്ടാക്കിയത് ഹ്രസ്വ ബജറ്റിന്റെ തുടര്‍ച്ചയേ ആകുന്നുള്ളൂ.

ഡല്‍ഹി തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി എത്തുന്ന ബജറ്റില്‍ ഡല്‍ഹിയിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാകത്തില്‍ മധ്യവര്‍ഗത്തിന് ഒരു “സുഖിപ്പിക്കല്‍” നീക്കം പ്രതീക്ഷിക്കപ്പെട്ടിരുന്നു. കൂടെ, കോര്‍പറേറ്റുകള്‍ക്ക് പ്രീണനത്തിനു മുകളില്‍ പ്രീണനവും പ്രതീക്ഷിക്കപ്പെട്ടിരുന്നത് തന്നെ. എന്നാല്‍, സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള ദീര്‍ഘകാല നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഈ സാഹചര്യത്തില്‍ ഒരു ധനമന്ത്രിക്ക് ഇതില്‍പരം എന്താകുമെന്ന തരത്തിലുള്ള “പ്രശംസ” ചില മാധ്യമ ചര്‍ച്ചകള്‍ മനപ്പൂര്‍വം സൃഷ്ടിച്ചെടുത്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യത്തിനു തീര്‍പ്പുണ്ടാക്കുന്ന ബജറ്റ് എന്ന ബി ജെ പി പ്രചാരണത്തിനു കുടപിടിക്കുകയാണ് അത്തരം നിരീക്ഷണങ്ങള്‍. രാജ്യത്ത് ഒരുതരത്തിലുള്ള സാമ്പത്തിക മാന്ദ്യവുമില്ലെന്ന് തുറന്ന് സമ്മതിക്കാന്‍ വിമ്മിഷ്ടം കാണിച്ച ആളുകള്‍ക്ക് പ്രതിസന്ധിയുണ്ടെന്ന് ഇപ്പോഴെങ്കിലും പറയാന്‍ പറ്റിയല്ലോ എന്നത് മാത്രമാണ് സമാധാനം.
ആദായ നികുതി കുറച്ചാല്‍ ജനങ്ങളുടെ കൈയില്‍ താരതമ്യേന കൂടുതല്‍ കാശുണ്ടാകുമെന്നത് നേരാണ്. എന്ന് കരുതി ഉപഭോഗം, വിനിമയം, വിപണനം, ഉത്പാദനം എന്നിങ്ങനെ എല്ലാം വര്‍ധിക്കുമെന്ന് കണക്കുകൂട്ടുന്നത് ശുദ്ധ അസംബന്ധമാണ്. ഇങ്ങനെ കരുതുന്നില്ലെങ്കില്‍ കാര്‍ഷിക- വ്യാവസായിക- സേവന മേഖലകളിലുള്ള നിലവിലെ പ്രശ്നങ്ങളെ കൃത്യമായി അഭിമുഖീകരിക്കണമായിരുന്നു. അതുണ്ടായില്ലല്ലോ.

കാര്‍ഷിക മേഖലയോടുള്ള സമീപനങ്ങള്‍ നോക്കാം. കാര്‍ഷിക രംഗത്ത് സമൃദ്ധി കൊണ്ടുവരാന്‍ 16 ഇന പരിപാടികള്‍ നടപ്പാക്കുമെന്ന് പറഞ്ഞിരിക്കുന്നു. ഇതുവരെ നടപ്പാക്കുമെന്ന് പറഞ്ഞതൊന്നും നടന്നു കണ്ടിട്ടില്ലാത്തതുകൊണ്ട് ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം പോലെ എന്തെങ്കിലും പറയാനാണെങ്കില്‍ ബജറ്റ് വേണോ എന്നതാണ് ചോദ്യം. പി എം കിസാന്‍ വഴി 14.5 കോടി കര്‍ഷകര്‍ക്ക് 6,000 രൂപ വിതരണം ചെയ്യുന്ന പദ്ധതി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രഖ്യാപിച്ചിരുന്നു. അതാകട്ടെ പറഞ്ഞതിന്റെയും പകുതി ആളുകള്‍ക്ക് മാത്രമേ തുക വിതരണം ചെയ്യപ്പെട്ടുള്ളൂ.

കര്‍ഷക ആത്മഹത്യക്ക് പരിഹാരം നിര്‍ദേശിക്കാനായില്ല. 2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് പറഞ്ഞ ബജറ്റില്‍ അതെങ്ങനെയെന്ന് വ്യക്തമല്ല. 15 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ വരും സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടാകുമെന്ന് വാഗ്ദാനം നല്‍കുമ്പോള്‍ കൂടുതല്‍ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുമെന്ന് പ്രഖ്യാപിക്കുക കൂടിയാണ് ധനമന്ത്രി ചെയ്തത്. കാരണം, വിളകള്‍ക്ക് മൂല്യം വര്‍ധിപ്പിക്കാന്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തില്‍ എടുത്ത വായ്പ കര്‍ഷകര്‍ എങ്ങനെ തിരിച്ചടക്കും?

അഴിമതി രഹിതമായ സര്‍ക്കാറിന്റെ കൂടെ, സര്‍ക്കാറില്‍ വിശ്വാസമുള്ള പൗരന്മാരും പ്രബുദ്ധരായ യുവതയും ആത്മാഭിമാനമുള്ള സ്ത്രീകളും വിദ്യാസമ്പന്നരായ തലമുറയും സുരക്ഷിതമായ രാജ്യവുമാണ് രാജ്യത്തിന്റെ ശക്തിയെന്നും അത് മോദി സര്‍ക്കാര്‍ നടപ്പാക്കിയെന്നും പല തവണ പല രൂപത്തില്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു നിര്‍മലാ സീതാരാമന്‍. എന്നാല്‍ രാജ്യത്തിന്റെ യാഥാര്‍ഥ്യം മോദി സര്‍ക്കാറിന്റെ അവകാശവാദത്തിനെതിരാണ്.
മാധ്യമങ്ങളുടെ ലജ്ജാകരമായ വിധേയത്വം മൂലം ഈ സര്‍ക്കാറിന്റെ അഴിമതിക്കഥകള്‍ ഒരു ചര്‍ച്ചയാക്കാത്തതിന്റെ ആനുകൂല്യം ബി ജെ പി മുതലെടുക്കുന്നു എന്നത് മാറ്റിവെച്ചാല്‍ റാഫേല്‍ ഇടപാടിലെ അപാകതകളെ കുറിച്ചുയര്‍ന്ന ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പോരാത്തതിന് മുങ്ങിക്കപ്പല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങള്‍ നിലനില്‍ക്കുന്നു. ഇലക്ടറല്‍ ബോണ്ടാകട്ടെ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയും “നിയമവിധേയമായ” ജനാധിപത്യ അട്ടിമറിയുമാണ്.

അതുപോലെ, പൗരന്മാരുടെ വിശ്വാസം ഉറപ്പുവരുത്തുമെന്ന് പറയുമ്പോള്‍ ധനമന്ത്രി കണ്ണടച്ചു ഇരുട്ടാക്കുകയാണ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെമ്പാടും വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോഴാണ് ഇത്. മതത്തിന്റെ പേരില്‍, ഭക്ഷണത്തിന്റെ പേരില്‍, വസ്ത്രത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് വിധേയമാകുന്ന ജനങ്ങളുടെ ഭയമല്ലാതെ വേറെന്താണ് സര്‍ക്കാര്‍ നേടിയിട്ടുള്ളത്? ഉന്മേഷവും ആര്‍ജവവുമുള്ള യുവത രാജ്യത്തിന്റെ കരുത്താണെന്ന് ധനമന്ത്രി പറയുമ്പോള്‍ രാജ്യത്തെ യുവാക്കളില്‍ സിംഹഭാഗവും തൊഴില്‍ രഹിതരാണെന്ന കാര്യം മറന്നു. ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാന്‍ എന്ത് ചെയ്യാമെന്ന് ആലോചിക്കുക പോലുമുണ്ടായില്ല ബജറ്റില്‍. സ്ത്രീ സുരക്ഷയുടെ കാര്യം പറഞ്ഞതാകട്ടെ സ്‌കൂളുകളില്‍ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികള്‍ എന്റോള്‍ ചെയ്യുന്നു എന്ന കണക്കുകള്‍ പറഞ്ഞാണ്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ പറ്റി ഒന്നും പറഞ്ഞില്ല. മാതൃമരണ നിരക്ക് അയല്‍ രാജ്യങ്ങളേക്കാള്‍ കൂടിയതിനെ പറ്റിയും പരാമര്‍ശമില്ല; പരിഹാരമില്ല.
ആദായ നികുതിയില്‍ ഇളവ് നല്‍കിയതടക്കം ബജറ്റില്‍ നിക്ഷേപകരെ ആകര്‍ഷിക്കുമെന്ന് പറഞ്ഞ് നടത്തിയ ഒരു പ്രഖ്യാപനവും ഫലവത്തായിട്ടില്ല എന്ന സൂചന കൂടിയാണ് ഇന്നലെ സ്റ്റോക് മാര്‍ക്കറ്റുകളിലുണ്ടായ തകര്‍ച്ച. ഇന്ത്യയുടെ സാമ്പത്തിക രംഗം മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന നിക്ഷേപകരുടെയും സംരംഭകരുടെയും ഭയം മാറ്റാന്‍ വേണ്ട ഒന്നും ബജറ്റിലുണ്ടായിട്ടില്ലെന്ന് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു എന്നുകൂടി വായിക്കണം.

രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളും അവയുടെ ഓഹരികളും വിറ്റുതുലക്കാമെന്ന് സര്‍ക്കാര്‍ ധരിച്ചു വെച്ചിരിക്കുന്നത് തന്നെ അപകടമാണ്. ബി എസ് എന്‍ എല്‍, എയര്‍ ഇന്ത്യ, ബി പി സി എല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പുറമെ എല്‍ ഐ സിയിലുള്ള സര്‍ക്കാര്‍ ഓഹരികൂടി തീരുമാനമാക്കാനാണ് നീക്കം. എല്ലാം വിറ്റുമുടിച്ച് അവസാനം രാജ്യമെങ്കിലും ബാക്കിയുണ്ടാകുമോ എന്ന് ആളുകള്‍ ചോദിക്കുന്നത് വെറും പരിഹാസം മാത്രമല്ല. രാജ്യത്തിന്റെ തുറമുഖങ്ങള്‍ സ്വകാര്യവത്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവന എത്ര ലാഘവത്തോടെയാണ് ധനമന്ത്രി വായിച്ചത്. അങ്ങേയറ്റം നയതന്ത്രപരമായ നീക്കങ്ങളും സുരക്ഷാ കരുതലുകളും വേണ്ട തുറമുഖങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് പതിച്ചു കൊടുക്കുമെന്നാണ് തീരുമാനം. രാജ്യ സുരക്ഷയാണ് സുപ്രധാനം എന്ന സര്‍ക്കാര്‍ വാദത്തിന് കടക വിരുദ്ധമാണ് ഇത്.

ഒരു ലക്ഷം ഗ്രാമങ്ങള്‍ക്ക് ഭാരത് നെറ്റ് വഴി ഫൈബര്‍ ടു ദി ഹോം ഇന്റര്‍നെറ്റ് കൊണ്ടുവരുമെന്ന് പറയുന്നത് ലോകത്തേറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് ബന്ദ് ചെയ്ത സര്‍ക്കാറാണ്.
മാന്ദ്യം പിടിപെട്ട രാജ്യത്തിന് വേണ്ടത് പ്രാവര്‍ത്തികമാകുന്ന പദ്ധതികളും നടപ്പാക്കാനുള്ള യുക്തിഭദ്രമായ മാര്‍ഗങ്ങളുമാണ്. ഈ സര്‍ക്കാറിന്റെ രാഷ്ട്രീയ നയം പോലെത്തന്നെ ഒന്നിനെ നശിപ്പിച്ച് ഒന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുക എന്നതാണ് സാമ്പത്തിക സമീപനവും എന്നത് പലവുരു മന്ത്രിയുടെ അവതരണത്തില്‍ കാണാമായിരുന്നു. അതിലൊന്നാണ് സാങ്കേതിക രംഗത്തെ ഏറ്റവും നൂതനമായ സംരംഭങ്ങള്‍ ആകര്‍ഷിപ്പിക്കാനുള്ള പദ്ധതിയെ സംബന്ധിച്ച് നടത്തിയ പരാമര്‍ശം. ഇ കൊമേഴ്സുകളും മറ്റും ഉയര്‍ത്തിയ വെല്ലുവിളികളില്‍ നിന്ന് ഇടത്തരം കച്ചവടക്കാര്‍ക്ക് അതിജീവനം സാധ്യമായിട്ടില്ല എന്നത് ഇവിടെ ചേര്‍ത്തിവായിക്കണം. സാമ്പ്രദായിക കച്ചവട, വാണിജ്യ രംഗത്തിന് നൂതന സംരംഭങ്ങള്‍ പകരമാകുമെന്ന് പറയുന്ന മന്ത്രിക്ക് സാമ്പ്രദായിക രംഗത്തുള്ളവരെ എങ്ങനെ പുനരധിവസിപ്പിക്കണമെന്ന് നിര്‍ദേശിക്കാന്‍ കഴിയാതെ പോയി. ഇത് അവരുടെ രാഷ്ട്രീയമായ കാഴ്ചപ്പാടിന്റെ അപാകത കൊണ്ടുകൂടിയാണ്.

കൃഷി ചെയ്യാതെ ഒഴിഞ്ഞു കിടക്കുന്ന വയലുകളിലും പാടങ്ങളിലും സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും അത്തരത്തില്‍ ഒരു നശീകരണ നയത്തിന്റെ ഫലമാണ്. വിളകള്‍ക്ക് മതിയായ മൂല്യം ഉറപ്പു വരുത്താന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൊടുക്കുന്ന പുതിയ ഉപാധി “ഇനിയും മെച്ചപ്പെട്ട വരുമാനത്തിന്” വേണ്ടി കാര്‍ഷികവൃത്തി ഉപേക്ഷിക്കണമെന്നാണ്. അതോടെ രാജ്യത്ത് അന്നത്തിന് പകരം സൗരോര്‍ജം കൃഷിചെയ്യുമെന്നര്‍ഥം. എന്നാല്‍ വിതക്കുന്നതും കൊയ്യുന്നതും അദാനിയുടെ സൗരോര്‍ജ കമ്പനിയായിരിക്കും എന്നത് വേറെ കാര്യം.

Latest