Connect with us

National

ബേങ്ക് നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ അഞ്ച് ലക്ഷമായി ഉയര്‍ത്തി

Published

|

Last Updated

ന്യൂഡല്‍ഹി | ബേങ്ക് നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷ്വറന്‍സ്‌
പരിരക്ഷ നിലവിലെ ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്താന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിര്‍ദ്ദേശിച്ചു. നിലവിലുള്ള റിസര്‍വ് ബേങ്ക് നിയമങ്ങള്‍ അനുസരിച്ച് ബേങ്ക് തകര്‍ന്നാല്‍ ഓരോ നിക്ഷേപകനും മുതലിനും പലിശയ്ക്കും പരമാവധി ഒരു ലക്ഷം രൂപയാണ് ഇന്‍ഷ്വര്‍ ചെയ്യപ്പെടുന്നത്. 1993 മുതലാണ് സേവിംഗ്‌സ്, ഫിക്‌സ്ഡ് അക്കൗണ്ടുകളിലെ നിക്ഷേപത്തിന്റെ തുക കണക്കിലെടുക്കാതെ ഒരു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയത്. ഇതിന് മുമ്പ് ഇത് 30,000 രൂപയായിരുന്നു.

ഒരു ബേങ്ക് സാമ്പത്തികമായി പരാജയപ്പെടുകയും നിക്ഷേപകര്‍ക്ക് നല്‍കാന്‍ പണമില്ലാതിരിക്കുകയും ചെയ്താല്‍ ബേങ്ക് നിക്ഷേപത്തിലെ നഷ്ടത്തില്‍ നിന്നുള്ള പരിരക്ഷയാണ് ഡെപ്പോസിറ്റ് ഇന്‍ഷ്വറന്‍സ്‌. പരാജയപ്പെട്ട ബേങ്കിന്റെ എല്ലാ ശാഖകളിലുമുള്ള ഡെപ്പോസിറ്റുകള്‍ ഒരുമിച്ചാണ് ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ നല്‍കുന്നത്.

സ്വകാര്യ, സഹകരണ, ഇന്ത്യയിലെ വിദേശ ബേങ്കുകളുടെ ശാഖകള്‍ ഉള്‍പ്പെടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ബേങ്കുകളും നിക്ഷേപ ഇന്‍ഷ്വറന്‍സ്‌ പദ്ധതിയുടെ പരിധിയില്‍ വരും. സേവിംഗ്‌സ്, ഫിക്‌സഡ്, റിക്കറിംഗ് ഉള്‍പ്പെടെ എല്ലാ വിഭാഗം ബേങ്ക് നിക്ഷേപങ്ങളും ഈ പദ്ധതി പ്രകാരം ഇന്‍ഷ്വര്‍ ചെയ്യപ്പെടുന്നുണ്ട്. റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇന്‍ഷ്വറന്‍സ്‌ ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷനാണ് (ഡി ഐ സി ജി സി) നിക്ഷേപത്തിന് ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ നല്‍കുന്നത്.