Connect with us

National

'പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാനാവുന്നില്ലെങ്കില്‍ ഭരണഘടന കത്തിച്ചു കളയണം': നിര്‍ഭയയുടെ മാതാവ്

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നീണ്ടുപോകുന്നതില്‍ കോടതിയെയും സര്‍ക്കാറിനെയും കുറ്റപ്പെടുത്തി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ മാതാവ് ആശാദേവി. തങ്ങളുടെ വധശിക്ഷ അടുത്തൊന്നും നടപ്പിലാകില്ലെന്ന തരത്തില്‍ പ്രതികള്‍ വെല്ലുവിളി നടത്തുകയാണ്. കോടതിയും സര്‍ക്കാരും കുറ്റവാളികള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. പ്രതികളുടെ ശിക്ഷ ഉടന്‍ നടപ്പിലാക്കാനാവുന്നില്ലെങ്കില്‍ ഭരണഘടന തന്നെ കത്തിച്ചുകളയണമെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും ആശാദേവി പറഞ്ഞു.

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ട് പട്യാല കോടതി ഉത്തരവിട്ടതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. സംസാരിക്കുന്നതിനിടെ അവര്‍ പൊട്ടിക്കരഞ്ഞു. പ്രതികള്‍ നിയമ വ്യവസ്ഥയെ പരിഹസിക്കുകയാണ്. ഈ നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് ഒരു വിലയുമില്ലാത്ത അവസ്ഥയാണ്. ഈ വ്യവസ്ഥയില്‍ വിശ്വാസമില്ലാതാവുകയാണ്.
കേസിലെ നാലു പ്രതികളുടെ വധശിക്ഷ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ നീട്ടിവെക്കുന്നതായാണ് കോടതി വിധിച്ചത്. വധശിക്ഷ ഫെബ്രുവരി ഒന്നിനു നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ തിഹാര്‍ ജയിലില്‍ നടക്കുന്നതിനിടെയാണ് പ്രതികളായ അക്ഷയ് കുമാറിന്റെയും വിനയ് ശര്‍മയുടെയും ഹരജി പരിഗണിച്ച് കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.