Connect with us

Articles

നിറയൊഴിച്ചിട്ടും മരിക്കാത്ത ‘ശത്രു'

Published

|

Last Updated

ഹിന്ദുരാഷ്ട്രവാദത്തിന്റെ ഉന്മാദം പിടിപെട്ട വര്‍ഗീയ വാദികളാണ് ഗാന്ധിജിയെ കൊന്നത്. അവര്‍ ഗാന്ധി വധത്തിലൂടെ മനുഷ്യത്വത്തെയും മതനിരപേക്ഷതയെയും ഉന്മൂലനം ചെയ്തു. ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാനുള്ള തങ്ങളുടെ അജന്‍ഡക്ക് മഹാത്മാവ് എതിരായതു കൊണ്ടാണ് ഈ മഹാപാതകം അവര്‍ ചെയ്തത്. ആര്‍ എസ് എസും ഹിന്ദു വര്‍ഗീയ വാദികളും എന്തെല്ലാം ന്യായങ്ങള്‍ നിരത്തിയാലും ഗാന്ധിജിയെ കൊന്നത് ഹിന്ദു മഹാസഭയുമായും ആര്‍ എസ് എസുമായും ബന്ധപ്പെട്ട ഹിന്ദുത്വ വര്‍ഗീയ വാദികളായിരുന്നുവെന്നത് അനിഷേധ്യമായ ചരിത്ര വസ്തുതയാണ്.

ഹിന്ദുക്കളും മുസ്‌ലിംകളും ഉള്‍പ്പെട്ട എല്ലാ വിഭാഗം ജനങ്ങളും സംസ്‌കാരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യൻ റിപ്പബ്ലിക് എന്നായിരുന്നു ഗാന്ധിജിയുടെ വീക്ഷണം. ഹിന്ദു – മുസ്‌ലിം മൈത്രിയില്ലാതെ സ്വരാജ് നേടാന്‍ ആകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്ന ഗാന്ധിജിയെ ഹിന്ദുമഹാ സഭയും ആര്‍ എസ് എസും ശത്രുവായിട്ടാണ് കണ്ടത്. ഹിന്ദു റിപ്പബ്ലിക്കിനെയും മുസ്‌ലിം റിപ്പബ്ലിക്കിനെയും തള്ളിക്കളഞ്ഞ ഗാന്ധിജി മതനിരപേക്ഷമായ ഒരു പ്രാതിനിധ്യ റിപ്പബ്ലിക്കിനു വേണ്ടി ജനങ്ങളെയാകെ അണിനിരത്തുകയായിരുന്നു. ഇതാണ് ഹിന്ദുത്വ വാദികളെ ഗാന്ധിയെ ഉന്മൂലനം ചെയ്യുന്നതിലേക്കെത്തിച്ചത്.

ചുരുങ്ങിയത് അഞ്ച് തവണയെങ്കിലും സംഘ്പരിവാര്‍ ഗാന്ധിയെ വധിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. 1948 ജനുവരി 20ന് നടന്ന കൊലപാതക ശ്രമത്തില്‍ പിടിയിലായ ഹിന്ദു വര്‍ഗീയ വാദികളില്‍ നിന്നാണ് ഗാന്ധി വധത്തിനുള്ള ആസൂത്രണത്തെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.
നാഥുറാം വിനായക് ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും വിഷ്ണു രാമകൃഷ്ണകാര്‍ക്കറെയും ഗാന്ധി വിദ്വേഷം കൊണ്ട് തിളക്കുകയായിരുന്നു. ഗാന്ധിയെ ഇല്ലാതാക്കിയാല്‍ മാത്രമേ ഹിന്ദുരാഷ്ട്ര നിര്‍മാണം സാധ്യമാകൂ എന്ന സവര്‍ക്കറുടെ സ്റ്റഡി ക്ലാസുകളാണ് ഇവരെ ഉന്മാദികളായ കൊലപാതകികളാക്കി മാറ്റിയത്. ഗാന്ധി വധത്തിലെ പ്രതികളായ ശങ്കര്‍ കിസയ്യ, നാരായണ്‍ ആപ്‌തെ, സവര്‍ക്കര്‍, ഗോഡ്‌സെ, വിഷ്ണു കാര്‍ക്കറെ, ഗോള്‍വാള്‍ക്കര്‍ എന്നിവര്‍ ഒന്നിച്ചുള്ള ഫോട്ടോകള്‍ അന്വേഷണ സംഘം കണ്ടെത്തുകയും അക്കാലത്തെ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതാണല്ലോ.

[irp]

ഗോഡ്‌സെക്ക് ആര്‍ എസ് എസുമായി യാതൊരു ബന്ധവുമില്ലെന്ന് ഗീബല്‍സിയന്‍ രീതിയില്‍ ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുകയാണ് സംഘ്പരിവാര്‍. എന്നാല്‍ അവരുടെ വാദങ്ങളെയും ആവര്‍ത്തിച്ചുള്ള നിഷേധങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടാണ് 1991 ജൂണ്‍ അഞ്ചിന് പുണെയിലെ ഒരു പത്രസമ്മേളനത്തില്‍ ഗോപാല്‍ ഗോഡ്‌സെ തന്റെ സഹോദരന്‍ നാഥുറാം ഗോഡ്‌സെ ആര്‍ എസ് എസ് വളണ്ടിയര്‍ ആയിരുന്നുവെന്ന് പ്രസ്താവിച്ചത്. ഗാന്ധി വധത്തില്‍ നാഥുറാമിന്റെ കൂട്ടുപ്രതിയും ജീവപര്യന്തം ശിക്ഷ അനുഭവിച്ചയാളുമാണ് ഗോപാല്‍ ഗോഡ്‌സെ.

നാഥുറാം ഗോഡ്‌സെയുടെ ജീവിതവും ഹിന്ദുത്വ രാഷ്ട്രീയ ചരിത്രവും പരിശോധിച്ചാല്‍ ഗാന്ധി വധത്തിനു പിറകില്‍ ഹിന്ദുത്വ വാദികള്‍ക്കുള്ള പങ്ക് കൃത്യമായി തന്നെ മനസ്സിലാക്കാന്‍ കഴിയും. സവര്‍ക്കറുമായുള്ള കൂടിക്കാഴ്ചയും സമ്പര്‍ക്കവുമാണ് ഗോഡ്‌സെയുടെ ജീവിതത്തെയാകെ മാറ്റിയത്. അദ്ദേഹം ഹിന്ദുത്വത്തിന്റെ വക്താവും പ്രയോക്താവുമായിരുന്ന സവര്‍ക്കറില്‍ തന്റെ ഗുരുവിനെ കണ്ടെത്തി. 1937ല്‍ സവര്‍ക്കര്‍ വീട്ടുതടങ്കലില്‍ നിന്ന് മോചിതനായതോടെ അദ്ദേഹത്തിന്റെ പര്യടനങ്ങളില്‍ ഗോഡ്‌സെ സന്തത സഹചാരിയായി മാറി. 1938ല്‍ ഹിന്ദുമഹാസഭ ഹൈദരാബാദിലേക്ക് നയിച്ച പ്രതിഷേധ മാര്‍ച്ചില്‍ ആദ്യ ബാച്ചിന്റെ ലീഡര്‍ ഗോഡ്‌സെയായിരുന്നു. ഗാന്ധിവധം നടപ്പാക്കിയതിന്റെ അണിയറ പ്രവര്‍ത്തകര്‍ മുഴുവന്‍ ഹിന്ദു മഹാസഭയുടെയും ആര്‍ എസ് എസിന്റെയും ബുദ്ധി കേന്ദ്രങ്ങളായിരുന്നു. ആര്‍ എസ് എസും ഹിന്ദു മഹാസഭയും ഗാന്ധിവധം രാജ്യമെമ്പാടും മധുരം വിതരണം ചെയ്തു കൊണ്ടാണ് ആഘോഷിച്ചത്.

1964 നവംബര്‍ 12ന് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് ജയില്‍ മോചിതരായ വിഷ്ണു കാര്‍ക്കറെ, മദന്‍ലാല്‍ പഹ്വ എന്നിവര്‍ക്ക് പുണെയില്‍ ഏര്‍പ്പെടുത്തിയ സ്വീകരണ യോഗം സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളുടെ വേദിയായി. സ്വീകരണ യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തിയ ബാലഗംഗാധര തിലകന്റെ പേരക്കുട്ടി ജി പി കേത്കര്‍ ഗാന്ധി വധിക്കപ്പെടുമെന്ന് നേരത്തേ തന്നെ ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തി. ഹിന്ദു ജനതയുടെയും ഹിന്ദു രാഷ്ട്രത്തിന്റെയും താത്പര്യമായിരുന്നു ഗാന്ധിയുടെ വധമെന്നും ആ കൃത്യം നിര്‍വഹിച്ചവര്‍ ദേശീയ പുരുഷന്മാരുമാണെന്നാണ് കേത്കര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞത്.

ജി പി കേത്കര്‍ ആര്‍ എസ് എസിന്റെ രൂപവത്കരണത്തിന് ആശയപരിസരം ഒരുക്കിയ കേസരി ഉള്‍പ്പെടെയുള്ള പത്രങ്ങളുടെ എഡിറ്ററായിരുന്നു. കേസരിയിലാണ് മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും ഫാസിസ്റ്റ് സംഘടനകളെ പരിചയപ്പെടുത്തിയും പുകഴ്ത്തിയും ലേഖനങ്ങളും റിപ്പോര്‍ട്ടുകളും വന്നത്. ആര്‍ എസ് എസ് രൂപവത്കരണത്തിന്റെ ബുദ്ധികേന്ദ്രമായ ഡോ. മുഞ്‌ജേയെപോലുള്ളവര്‍ ഈ പത്രത്തിലെ സ്ഥിരം എഴുത്തുകാരായിരുന്നു. ഈയൊരു വെളിപ്പെടുത്തലോടെയാണ് ഗാന്ധിവധത്തെ കുറിച്ച് പുനരന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നത്. കേന്ദ്ര സര്‍ക്കാറിന് മേല്‍ വലിയ സമ്മര്‍ദം ദേശീയതലത്തില്‍ ഉണ്ടായതോടെയാണ് ജസ്റ്റിസ് ജീവന്‍ലാല്‍ കപൂറിനെ കമ്മീഷനായി നിയമിക്കുന്നത്. ആര്‍ എസ് എസിന്റെയും ഹിന്ദുമഹാസഭയുടെയും ആസൂത്രിതമായ നീക്കങ്ങള്‍ മനസ്സിലാക്കുന്നതിലും തടയുന്നതിലും ഭരണകൂടം പരാജയപ്പെട്ടത് മൂലമാണ് രാജ്യത്തിന് ഏറ്റവും വിലപ്പെട്ട ഒരു ജീവന്‍ നഷ്ടപ്പെട്ടതെന്ന് കപൂര്‍ കമ്മീഷന്‍ കുറ്റപ്പെടുത്തുകയുണ്ടായി. എല്ലാ അന്വേഷണങ്ങളും ഗാന്ധി വധത്തില്‍ പ്രത്യക്ഷവും പരോക്ഷവുമായ ഹിന്ദു മഹാസഭയുടെയും ആര്‍ എസ് എസിന്റെയും പങ്കിനെ സൂചിപ്പിക്കുന്നുണ്ട്. ഗോഡ്‌സെ ആര്‍ എസ് എസുകാരനായിരുന്നുവെന്നതും ഗാന്ധി വധത്തിന് പരിസരമൊരുക്കിയത് സംഘ്പരിവാര്‍ സംഘടനകളായിരുന്നുവെന്നതും അനിഷേധ്യമായ ചരിത്ര വസ്തുതയാണ്.