ടിപ്പു വര്‍ഗീയ വാദിയല്ല; യഥാര്‍ഥ വിശ്വാസി- എം ജി എസ്

Posted on: January 28, 2020 9:45 am | Last updated: January 28, 2020 at 11:29 am

കോഴിക്കോട് |  മൈസൂര്‍ രാജാവായിരുന്ന നല്ല വിശ്വാസിയായിരുന്നെന്നും അദ്ദേഹം ഒരിക്കലും ഒരു വര്‍ഗീയവാദിയായിരുന്നില്ലെന്നും പ്രമുഖ ചരിത്രകാരന്‍ എം ജി എസ് നാരായണന്‍. മലബാര്‍ ക്രിസ്ത്യന്‍ കോളജും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സംയുക്തമായി നടത്തിയ എറുഡൈറ്റ് സ്‌കോളര്‍ ഇന്‍ റസിഡന്‍സ് പ്രഭാഷണ പരമ്പരയില്‍ ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടിപ്പുവിനെ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോഴായിയരുന്നു പ്രമുഖ ചരിത്രകാരന്റെ പ്രതികരണം. തികഞ്ഞ വിശ്വാസിയായിരുന്നു. അദ്ദേഹം വര്‍ഗീയ ഇടപെടല്‍ നടത്തിയിട്ടില്ല. വിശ്വാസികളെയെല്ലാം വര്‍ഗീയ വാദികളായി കാണാനാകില്ലെന്നും എം ജി എസ് പറഞ്ഞു.

ടിപ്പുവിന്റെ ജയന്തി ആഘോഷിക്കുന്നത് കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാര്‍ തടയാന്‍ ശ്രമിക്കുകയും അദ്ദേഹത്തെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമം നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് എം ജി എസിന്റെ അഭിപ്രായം ശ്രദ്ധേയമാകുന്നത്.

പരിപാടിയില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഗോഡ്‌വിന്‍ സാമ്രാജ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. അഞ്ചു ദിവസം നീളുന്ന പ്രഭാഷണ പരമ്പര മലബാര്‍ ക്രിസ്ത്യന്‍ കോളജിന് പുറമെ, കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ്, ഫറൂഖ് കോളജ്, മീഞ്ചന്ത ആര്‍ട്‌സ് കോളജ്, പി എസ് എം ഒ കോജ് എന്നിവിടങ്ങളിലായാണ് നടക്കുക.