ആഘോഷമില്ല, മുദ്രാവാക്യം മാത്രം

'ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ...' എന്നാണ് ഭരണഘടന വായിച്ചു തുടങ്ങുന്നത്. അതിനെ "ഞങ്ങൾ ഇന്ത്യയിലെ ഹിന്ദുക്കൾ' എന്ന് മാറ്റിയെഴുതുക എന്നതാണ് ആർ എസ് എസിന്റെ ലക്ഷ്യം. അതിന്റെ തുടർച്ചയിൽ അധികാരം ഞങ്ങൾ ഇന്ത്യയിലെ സവർണ ഹിന്ദുക്കൾക്കാണെന്നും അവർ എഴുതിവെക്കും.
Posted on: January 26, 2020 11:25 am | Last updated: January 26, 2020 at 11:25 am

രാജ്യം രൂപകൽപ്പന ചെയ്യപ്പെട്ടതിന്റെ ഏഴുപതാം വാർഷികം, രൂപകൽപ്പന ചെയ്യപ്പെട്ട വിധത്തിൽ രാജ്യം മുന്നോട്ടുപോകുമോ എന്ന ആശങ്ക വലിയ തോതിൽ ഉയരുന്ന ഘട്ടത്തിലാണ് ആഘോഷിക്കപ്പെടുന്നത്. ആഘോഷിക്കുക എന്നത് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ബാധ്യതയാണ്. അതവർ നിർവഹിക്കുമ്പോൾ ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനതയിലെ വലിയൊരു വിഭാഗം തെരുവിലാണ്. അതാണ് ഈ വാർഷികത്തിന്റെ വലിയ പ്രത്യേകത.

ജനാധിപത്യ, മതനിരപേക്ഷ രാഷ്ട്രമായി ഇന്ത്യൻ യൂനിയനെ നിർവചിക്കുന്ന ഭരണഘടനയെ തിരുത്തണമെന്ന് ആഗ്രഹിക്കുന്ന സങ്കുചിത- വർഗീയ രാഷ്ട്രീയം അധികാരം കൈയാളുകയും ഭരണഘടനയെ തിരുത്താനുള്ള പ്രക്രിയക്ക് തുടക്കമിടുകയും ചെയ്ത വർഷമാണ് കടന്നുപോയത്. ആ നീക്കങ്ങൾ കൂടുതൽ ഊർജിതമായി തുടരുമെന്ന സൂചന ഭരണകൂടം നൽകുകയും ചെയ്യുന്നു. ഇന്ത്യൻ യൂനിയനെന്ന സങ്കൽപ്പത്തെയല്ല, എല്ലാ വിഭാഗം ജനങ്ങളും ഹൈന്ദവ പാരമ്പര്യത്തെ അംഗീകരിക്കുന്ന അഖണ്ഡ ഭാരതമെന്ന സ്വപ്‌നത്തെയാണ് താലോലിക്കുന്നത് എന്ന് രാഷ്ട്രീയ സ്വയം സേവക് സംഘും (ആർ എസ് എസ്) അതിൽ നിന്ന് പൊട്ടിമുളച്ച സംഘടനകളും പ്രഖ്യാപിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. അതിലേക്ക് മുന്നേറാൻ പാകത്തിലുള്ള രാഷ്ട്രീയാധികാരം അവർക്ക് ഇത്രയും കാലമുണ്ടായിരുന്നില്ല. അത് ഇപ്പോഴുമില്ലെങ്കിലും ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ അവർ ആരംഭിച്ചുകഴിഞ്ഞു. അഖണ്ഡഭാരതമെന്നത് സ്വപ്‌നമായി ശേഷിക്കുമെങ്കിലും ഹിന്ദു രാഷ്ട്രമായി പരിവർത്തിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം.

ചരിത്രത്തെ കാവിവത്കരിച്ചും പുരാണേതിഹാസങ്ങളിലെ ഭാവനകളെ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെ പ്രാഗ്‌രൂപമായി ചിത്രീകരിച്ചും ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്‌ലിംകൾ രാജ്യവിരുദ്ധരാണെന്ന് പ്രചരിപ്പിച്ചും ഭൂരിപക്ഷ വർഗീയതയെ ആളിക്കത്തിക്കാൻ നിരന്തരം ശ്രമിച്ചിരുന്നു ഇക്കൂട്ടർ. അതിലൂടെ അധികാരത്തിലേക്കുള്ള വഴിതുറന്ന സംഘ് പരിവാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിൽ നിർത്താനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തിയത്. അതിന്റെ തുടർച്ചയിൽ ഭരണഘടനയെ അട്ടിമറിക്കാനുള്ള നടപടികളിലേക്ക് അവർ കടക്കുകയാണ്. ഭരണഘടനയെ ഉപയോഗപ്പെടുത്തിത്തന്നെ അതിനെ മറികടക്കുക എന്നതാണ് ഒന്ന്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ആ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിച്ചപ്പോൾ നമ്മളതു കണ്ടു. ഭരണഘടന ജനങ്ങൾക്ക് പ്രദാനം ചെയ്തിരിക്കുന്ന അവകാശങ്ങളെ നിയമനിർമാണങ്ങളിലൂടെ മറികടക്കുക എന്നതാണ് മറ്റൊരു വഴി. മുത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതിയുടെ വിധി വന്നതിന് പിറകെ നടത്തിയ നിയമ നിർമാണമാണ് ആദ്യത്തെ ഉദാഹരണം. അതിന് പിറകെയാണ് പൗരത്വ നിയമ ഭേദഗതിയും പൗരത്വപ്പട്ടികയും രാജ്യവ്യാപകമാക്കുമെന്ന പ്രഖ്യാപനം.

നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത വിലയിരുത്തുന്ന പരമോന്നത കോടതി, യുക്തിസഹമായ ക്രമപ്പെടുത്തലുകൾക്കുള്ള അധികാരം ഭരണകൂടത്തിനുണ്ട് എന്ന് അംഗീകരിക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കുന്നുണ്ട് നരേന്ദ്ര മോദി സർക്കാർ. ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവൻ ഹിന്ദുത്വ അജന്‍ഡ നടപ്പാക്കുന്നതിനുള്ള ഉപകരണങ്ങളാക്കി മാറ്റിയിട്ടുണ്ട് എന്നതാണ് ആ പ്രതീക്ഷയുടെ ആധാരം. ബാബരി ഭൂമി കേസിൽ, ഭൂമി ഹിന്ദുക്കൾക്ക് കൈമാറണമെന്നും അവിടെ രാമക്ഷേത്രം നിർമിക്കണമെന്നും പരമോന്നത കോടതി വിധിക്കുമ്പോൾ ഭാവിയിലെ നീതിനിർവഹണം ഏത് വിധത്തിലായിരിക്കുമെന്നതിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകൂടിയാണ് നൽകപ്പെട്ടത്. സമ്പൂർണമായ അധികാരം കൈവശത്തിലില്ലാതിരിക്കെ തന്നെ ഭരണഘടനയെ അട്ടിമറിക്കാൻ തീവ്ര ഹിന്ദുത്വ അജന്‍ഡകളിൽ ഊന്നുന്ന ഭരണകൂടം ശ്രമം തുടങ്ങുകയും അതിന് തടയിടാനുള്ള ഇച്ഛാശക്തി തങ്ങൾക്കില്ലെന്ന് ഭരണഘടനാ സ്ഥാപനങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്ന അവസ്ഥ എന്നത് ഇന്ത്യൻ യൂനിയനെപ്പോലെ വൈവിധ്യങ്ങളുടെ കലവറയായ ഒരു രാജ്യത്തെ സംബന്ധിച്ച് ഭീഷണമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഹിന്ദുത്വ എന്ന ഒറ്റച്ചരടിലേക്ക് എല്ലാവരെയും കോർക്കാനുള്ള നീക്കം ഇപ്പോൾ ഭീഷണിപ്പെടുത്തുന്നത് രാജ്യ ജനസംഖ്യയിൽ 19 ശതമാനത്തോളം വരുന്ന മുസ്‌ലിംകളെയാണ്. അവരാണ് രാജ്യത്തെ ന്യൂനപക്ഷങ്ങളിൽ ഏറ്റവും വലിയ വിഭാഗമെന്നതുകൊണ്ടുതന്നെയാണ് അവരെ ആദ്യം നേരിടാൻ സംഘ്പരിവാറും അത് നിയന്ത്രിക്കുന്ന ഭരണകൂടവും നിശ്ചയിച്ചത്. അവരെ മുഴുവൻ രാജ്യത്തിന് പുറത്താക്കുക എന്നത് സംഘ്പരിവാറിന്റെ ലക്ഷ്യമല്ല.
ലക്ഷ്യമിട്ടാൽ തന്നെ നടപ്പാക്കാൻ സാധ്യവുമല്ല. ഭൂരിപക്ഷ സമുദായത്തിന്റെ ഇംഗിതങ്ങളെ അനുസരിച്ച്, അവർക്ക് വിധേയരായി കഴിയുന്ന, അനുസരണയുള്ള ജനവിഭാഗമായി മാറ്റുക എന്നതേ ഉദ്ദേശ്യമുള്ളൂ. നാളെ അത് മറ്റ് വിഭാഗങ്ങളെ ലാക്കാക്കിയുള്ളതായി മാറുമെന്ന് ഉറപ്പ്. അതിനെ ചെറുക്കാനുള്ള ശ്രമങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നുവരാനുള്ള സാധ്യത ഏറെയാണ്. അതൊരുപക്ഷേ, നമ്മൾ ഇന്നീ കാണുന്ന വിധത്തിലുള്ള ജനാധിപത്യ രീതിയിലുള്ള സമരം മാത്രമാകണമെന്നില്ല.

ഇത്രയൊന്നും വലിയ വെല്ലുവിളി നേരിടാതിരുന്ന കാലത്തു തന്നെ സ്വാതന്ത്ര്യമെന്ന ആശയത്തെ അധികരിച്ച് വിവിധ വംശീയ വിഭാഗങ്ങൾ നടത്തിയ, ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന തീവ്രമായ കലഹങ്ങൾ നമ്മുടെ മുന്നിലുണ്ട്. അതിനെ സൈനിക ശേഷികൊണ്ട് അടിച്ചമർത്താൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിന്റെ ചരിത്രവും. പുതിയ സാഹചര്യത്തിൽ അതിലേക്ക് കാര്യങ്ങൾ എത്താതെ നോക്കണമെങ്കിൽ, മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമെന്ന ഭരണഘടനാ സങ്കൽപ്പം നിലനിൽക്കുകയും ബഹുസ്വരതയെ അംഗീകരിക്കുന്ന അതിന്റെ അന്തസ്സത്ത സംരക്ഷിക്കപ്പെടുകയും വേണം. ഒരു രാജ്യം, ഒരു പൗരൻ, ഒരു നിയമം എന്ന ആർ എസ് എസ് ആശയത്തിൽ അധിഷ്ഠിതമായ ഭരണകൂടം മാറിച്ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. ഭരണകൂടത്തിന്റെ ഇംഗിതങ്ങൾക്കനുസരിച്ചാണ് ഭരണഘടനയെ വ്യാഖ്യാനിക്കേണ്ടത് എന്ന് ചിന്തിക്കുന്ന ന്യായാസനങ്ങൾ മൂല്യങ്ങളുടെ സംരക്ഷണത്തിന്റെ ഉദാത്ത മാതൃകകൾ സൃഷ്ടിക്കുമെന്നും കരുതേണ്ടതില്ല. അധികാരത്തിന്റെ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള വ്യാഖ്യാനങ്ങൾക്ക് നമ്മുടെ നീതിന്യായ സംവിധാനങ്ങൾ മടിക്കാതിരുന്നതിന്റെ ഉദാഹരണങ്ങൾ ധാരാളമുണ്ട്. അടിയന്തരാവസ്ഥയിൽ മൗലികാവകാശങ്ങൾ റദ്ദാക്കാനുള്ള അധികാരം ഭരണകൂടത്തിനുണ്ടെന്ന് വിധിച്ചതാണ് അതിലേറ്റം പ്രധാനം. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ആ മാതൃക കോടതികൾ പിന്തുടരാനുള്ള സാധ്യത ഏറെയാണ്.
ഇവിടെയാണ് വിദ്യാർഥികളും യുവാക്കളും മറ്റ് സാധാരണക്കാരും നടത്തുന്ന സമരങ്ങളുടെ പ്രാധാന്യം. ജനാധിപത്യ രീതിയിലുള്ള അധികാരമാറ്റത്തിലേക്ക് ആ സമരങ്ങളെ നയിക്കുക എന്ന വലിയ ഉത്തരവാദിത്വമുണ്ട് ബി ജെ പി വിരുദ്ധ രാഷ്ട്രീയ സംവിധാനങ്ങൾക്ക്. അതവർ നിറവേറ്റുകയാണെങ്കിൽ മാത്രമേ എഴുപതാണ്ട് പിന്നിടുന്ന, ലോകത്തെ തന്നെ ഏറ്റവും വലിയ ഭരണഘടന അത് മുന്നോട്ടുവെക്കുന്ന മൂല്യങ്ങളിൽ ഉറച്ചുനിൽക്കൂ.

ആർ എസ് എസിന്റെയും നരേന്ദ്ര മോദി- അമിത് ഷാ ഭരണകൂടത്തിന്റെയും നീക്കങ്ങൾ ഏതെങ്കിലും മതവിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്നും ഭരണഘടനയെ മാറ്റിയെഴുതി, ഹിന്ദുരാഷ്ട്ര സ്ഥാപനം ലക്ഷ്യമിട്ടുള്ളതാണെന്നും എല്ലാ വിഭാഗങ്ങളെയും ബോധ്യപ്പെടുത്താൻ ശ്രമിക്കുക എന്നതാണ് പരമപ്രധാനം. ഇതൊരു മതവിഭാഗത്തിന്റെ മാത്രം പ്രശ്‌നമാണെന്ന മട്ടിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത് സംഘ്പരിവാറിന് ഇന്ധനമാകുകയേയുള്ളൂ. തെരുവിലുള്ള ജനതയിൽ ഭൂരിപക്ഷത്തിനും ആ ബോധ്യമുണ്ടെന്നതാണ് പ്രതീക്ഷ നൽകുന്ന ഘടകം. “ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ…’ എന്നാണ് ഭരണഘടന വായിച്ചു തുടങ്ങുന്നത്. അതിനെ “ഞങ്ങൾ ഇന്ത്യയിലെ ഹിന്ദുക്കൾ’ എന്ന് മാറ്റിയെഴുതുക എന്നതാണ് ആർ എസ് എസിന്റെ ലക്ഷ്യം. അതിന്റെ തുടർച്ചയിൽ അധികാരം ഞങ്ങൾ ഇന്ത്യയിലെ സവർണ ഹിന്ദുക്കൾക്കാണെന്നും അവർ എഴുതിവെക്കും. അങ്ങനെ സംഭവിക്കാതിരിക്കാനാണ് നരേന്ദ്ര മോദി- അമിത് ഷാ സഖ്യത്തിനും ഇതര സംവിധാനങ്ങൾക്കുമൊക്കെ അധികാരമേൽപ്പിച്ചു കൊടുക്കുന്ന “ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ’ പൊരുതുന്നത്. അതുകൊണ്ടുതന്നെ, ഏഴുപതാം റിപ്പബ്ലിക് ദിനം ആഘോഷാവരങ്ങളേക്കാൾ, പ്രതിഷേധ മുദ്രാവാക്യങ്ങൾ കൊണ്ടാകും രേഖപ്പെടുത്തപ്പെടുക.