കളിയിക്കാവിള എ എസ് ഐ കൊലക്കേസ് എന്‍ ഐ എക്ക് കൈമാറാന്‍ ശിപാര്‍ശ

Posted on: January 23, 2020 12:23 am | Last updated: January 23, 2020 at 11:57 am

തിരുവനന്തപുരം | കളിയിക്കാവിള ചെക്പോസ്റ്റില്‍ തമിഴ്നാട് സ്പെഷ്യല്‍ എസ് ഐ. വിത്സണെ വെടിവെച്ചു കൊന്ന കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ ഐ എ) കൈമാറുന്നത് സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാര്‍ ശിപാര്‍ശ നല്‍കി. പ്രതികളുടെ അന്തര്‍ സംസ്ഥാന തീവ്രവാദ ബന്ധം കൂടി പരിഗണിച്ചാണ് നടപടിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൊലപാതകത്തിന് ശേഷം ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ആക്രമണത്തിന് പദ്ധതിയിട്ടതിന്റെയും മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ ആസൂത്രണം നടത്തിയതിന്റെയും തെളിവുകള്‍ തമിഴ്നാട് ക്യു ബ്രാഞ്ചിന് ലഭിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലായവര്‍ നിരോധിത സംഘടനയായ അല്‍ ഉമ്മയുടെയും തമിഴ്നാട് നാഷണല്‍ ലീഗിന്റെയും പ്രവര്‍ത്തകരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പ്രതികളില്‍ രണ്ട് പേര്‍ ചാവേറാകാന്‍ നേപ്പാളില്‍ പരിശീലനം നടത്തിയതിന്റെ രേഖകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ദേശീയ അന്വേഷണ സമിതിക്ക് കൈമാറാനുള്ള ശിപാര്‍ശയെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനും അല്‍ ഉമ്മ നേതാവുമായ മെഹബൂബ് പാഷ അടക്കമുള്ളവരാണ് നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ളത്.

പ്രധാന പ്രതികള്‍ ഉള്‍പ്പെട്ട അല്‍ ഉമ്മയുടെ പതിനേഴംഗ സംഘത്തെ നയിച്ചത് മെഹബൂബ് പാഷയാണെന്നാണ് പോലീസിന്റെ വാദം. ഐ എസില്‍ ചേര്‍ന്ന ശേഷം മടങ്ങിയെത്തിയ മെഹബൂബ് പാഷ മൊയ്നുദ്ദീന്‍ ഖ്വാജയുമായി ചേര്‍ന്ന് അല്‍ ഉമ്മയുടെ പ്രവര്‍ത്തനം ഏറ്റെടുത്തെന്ന് എഫ് ഐ ആറിലുണ്ട്. കേസിലെ മുഖ്യ പ്രതികളായ തൗഫീഖിനെയും മുഹമ്മദ് ശമീമിനെയും ഇന്നലെ തമിഴ്നാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
പ്രതികളെ പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടാനാണ് നാഗര്‍കോവില്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടത്.

കുറ്റം സമ്മതിച്ചെങ്കിലും ഗൂഢാലോചനയെക്കുറിച്ചോ സഹായം നല്‍കിയവരെക്കുറിച്ചോ പ്രതികള്‍ വിവരം നല്‍കിയിട്ടില്ല. മാത്രമല്ല കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഇതുവരെയും കണ്ടെത്താനുമായിട്ടില്ല. ഇതിനിടെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.