കൊറോണ വൈറസ്: സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കി

Posted on: January 22, 2020 7:53 pm | Last updated: January 22, 2020 at 11:02 pm

കൊച്ചി | ചൈനയിലും ചില അയല്‍രാഷ്ട്രങ്ങളിലും കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ ആരോഗ്യ പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി ചൈനയില്‍ നിന്നെത്തിയ 28 യാത്രക്കാരെ കൊച്ചി വിമാനത്താവളത്തില്‍ പരിശോധിച്ചു. ഇവര്‍ക്കാര്‍ക്കും വൈറസ് ബാധിച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. പരിശോധനക്കായി നെടുമ്പാശ്ശേരിയില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആര്‍ക്കെങ്കിലും വൈറസ് ബാധയുണ്ടെന്ന് സംശയം തോന്നിയാല്‍ അവരെ അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു. അന്താരാഷ്ട്ര ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കെല്ലാം പ്രത്യേക മാസ്‌കും ഗ്ലൗസും വിതരണം ചെയ്തു. അണുവിമുക്തമായ ആംബുലന്‍സും സംവിധാനിച്ചിട്ടുണ്ട്.

ചൈനക്കു പുറമെ ജപ്പാന്‍, തായ്ലന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും കൊറോണ വൈറസ് ബാധിത കേസുകള്‍ കണ്ടെത്തുകയും വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തതോടെ ലോകം അതീവ ജാഗ്രയിലാണ്.