പ്രതിഷേധം ഫലം കണ്ടു; വീണ്ടും ട്രെയിനിലേറി പൊറാട്ടയും പഴംപൊരിയും

Posted on: January 22, 2020 3:29 pm | Last updated: January 22, 2020 at 3:29 pm

ന്യൂഡല്‍ഹി | പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേരള വിഭവങ്ങളും ലഘുഭക്ഷണങ്ങളും തുടര്‍ന്നും റെയില്‍വേയില്‍ ലഭ്യമാക്കാന്‍ ഐ ആര്‍ സി ടി സി തയ്യാറായി. കേരള വിഭവങ്ങള്‍ റെയില്‍വേ മെനുവില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിന് പിറകെയാണ് കേരളാ വിഭവങ്ങള്‍ പുനഃസ്ഥാപിച്ചത്.

പുട്ട്, കടലക്കറി, മുട്ടക്കറി, അപ്പം, പൊറോട്ട, പഴംപൊരി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയന്‍ തുടങ്ങിയ വിഭവങ്ങള്‍ തുടര്‍ന്നും ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ലഭ്യമാകും. ഇവ ഒഴിവാക്കി പകരം ഉത്തരേന്ത്യന്‍ വിഭവങ്ങളായിരുന്നു നേരത്തെ പുറത്തിറക്കിയ പട്ടികയിലുണ്ടായിരുന്നത്.

യാത്രക്കാരുടെ ആവശ്യങ്ങളും പ്രദേശിക മുന്‍ഗണനയും കണക്കിലെടുത്ത് കൂടുതല്‍ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ റീജ്യണല്‍ ഓഫീസുകള്‍ക്ക് പൂര്‍ണ്ണ അധികാരം നല്‍കിയിട്ടുണ്ടെന്ന് ഐആര്‍സിടിസി അറിയിച്ചു