പത്രികാ സമര്‍പ്പണത്തിന് അസാധാരണ തിരിക്ക്; ആറ് മണിക്കൂര്‍ വരിയില്‍നിന്ന ശേഷം കെജരിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Posted on: January 21, 2020 7:58 pm | Last updated: January 21, 2020 at 10:05 pm

ന്യൂഡല്‍ഹി | മണിക്കൂറുകള്‍ വരിനിന്ന ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആറ് മണിക്കൂര്‍ ഊഴംകാത്തുനിന്ന് വൈകിട്ട 6. 30ഓടെയാണ് കെജ്രിവാള്‍ പത്രിക സമര്‍പ്പിച്ചത്. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ചൊവ്വാഴ്ച പത്രിക സമര്‍പ്പിക്കാന്‍ ആസാധാരണമായ തിരക്കാണ് കണ്ടത്.

അവസാന ദിവസമായ ചൊവ്വാഴ്ച 100 പേരാണ് പത്രിക സമര്‍പ്പിക്കാനായി ഡല്‍ഹി ജാമ്‌നഗര്‍ ഹൗസില്‍ എത്തിയത്. പത്രിക സമര്‍പ്പിക്കാനെത്തിയവരുടെ ക്യൂ നീണ്ടതോടെ അധികൃതര്‍ ടോക്കണ്‍ ഏര്‍പ്പെടുത്തി. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ഓഫീസിലെത്തിയ എല്ലാവര്‍ക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അവസരമുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു.

ഉച്ചയോടെ കെജരിവാളിന് മുന്നില്‍ 50ഓളം പേരാണ് ക്യൂവില്‍ ഉണ്ടായിരുന്നത്. അസാധാരണമായ വിധത്തില്‍ ക്യൂ രൂപപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കെജരിവാളിനെ തടയുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും എഎപി ആരോപിച്ചിരുന്നു. പത്രികാസമര്‍പ്പണത്തിന് അനുഭവപ്പെടുന്ന തിക്കുംതിരക്കും സംബന്ധിച്ച് കെജരിവാള്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.