Connect with us

Kerala

അലന്റെയും താഹയുടെയും വീട് സന്ദര്‍ശിച്ച് എം കെ മുനീര്‍; കേസില്‍ യു ഡി എഫ് ഇടപെടുന്നു

Published

|

Last Updated

കോഴിക്കോട് | മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു എ പി എ ചുമത്തി ജയിലിലടക്കപ്പെട്ട അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും വീട് പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍ സന്ദര്‍ശിച്ചു. യു എ പി എക്കെതിരെ ശക്തമായ നിലപാടെടുത്തുവെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അലന്റെയും താഹയുടെയും മേല്‍ ഈ കരിനിയമം ചുമത്തിയതിനെ എന്തടിസ്ഥാനത്തിലാണ് ന്യായീകരിക്കുന്നതെന്ന് സന്ദര്‍ശനത്തിനു ശേഷം മുനീര്‍ ചോദിച്ചു. ആശയം പ്രചരിപ്പിച്ചതിന്റെ പേരില്‍ ആര്‍ക്കുമെതിരെ കേസെടുക്കാന്‍ കഴിയില്ല.

മുന്നണിയില്‍ ആലോചിച്ച ശേഷമാണ്  ഇടപെടാന്‍ തീരുമാനിച്ചതെന്നും യു എ പി എ ചുമത്തിയതുമായി ബന്ധപ്പെട്ട വിഷയം യു ഡി എഫില്‍ കൂടിയാലോചിച്ച ശേഷം വീണ്ടും നിയമസഭയില്‍ ഉന്നയിക്കുമെന്നും മുനീര്‍ പറഞ്ഞു.
അലന്റെയും താഹയുടെയും വീട് ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സന്ദര്‍ശിക്കുന്നുണ്ട്.

2019 നവംബര്‍ ഒന്നിനാണ് സി പി എം ബ്രാഞ്ച് അംഗങ്ങളായിരുന്ന അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റിമാന്‍ഡിലായ ഇരുവരും കോഴിക്കോട് ജില്ലാ കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ജാമ്യ ഹരജി നല്‍കിയിരുന്നുവെങ്കിലും തള്ളിയിരുന്നു.