പൗരത്വ നിയമ ഭേദഗതി: കേരളത്തിന്റെയും പഞ്ചാബിന്റെയും വഴിയെ ബംഗാളും

Posted on: January 20, 2020 9:38 pm | Last updated: January 21, 2020 at 9:16 am

കൊല്‍ക്കത്ത | പൗരത്വ ഭേദഗതി നിയമ (സി എ എ)ത്തിനെതിരെ കേരളത്തിനും പഞ്ചാബിനും പിന്നാലെ പ്രമേയം പാസാക്കാനൊരുങ്ങി പശ്ചിമ ബംഗാളും. സി എ എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം സംസ്ഥാന സര്‍ക്കാര്‍ മൂന്നോ നാലോ ദിവസത്തിനകം പാസാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. സി എ ബിക്കും എന്‍ ആര്‍ സിക്കുമെതിരായ പ്രമേയം നേരത്തെത്തന്നെ ഞങ്ങള്‍ പാസാക്കി കഴിഞ്ഞിട്ടുണ്ട്. ആ സമയത്ത് പൗരത്വ ഭേദഗതി ഒരു ബില്ല് മാത്രമായിരുന്നു. നിയമമായി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അത് പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രമേയം പാസാക്കാനാണ് തൃണമൂല്‍ സര്‍ക്കാര്‍ തീരുമാനം. ജനുവരി 24ന് തന്റെ നേതൃത്വത്തില്‍ നടക്കുന്ന സി എ എ വിരുദ്ധ റാലിയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് വടക്കന്‍ ബംഗാളിലേക്കു തിരിക്കുന്നതിനായി കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയ മമത മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

സി എ എയെ എതിര്‍ക്കുന്നതില്‍ കേരളത്തിനും പഞ്ചാബിനു ഒരുപടി പിന്നിലാണ് ബംഗാളെന്ന് രണ്ടു ദിവസം മുമ്പ് ടി എം സിയുടെ ലോക്‌സഭാ എം പി. സൗഗത റോയ് പറഞ്ഞിരുന്നു. നോര്‍ത്ത് 24 പര്‍ഗാന ജില്ലയില്‍ പാര്‍ട്ടി നേതാക്കള്‍ക്കായി നടത്തിയ സി എ എ വിരുദ്ധ പരിശീലന പരിപാടിയിലായിരുന്നു സൗഗത റോയിയുടെ പരാമര്‍ശം. കുറച്ചു ദിവസം മുമ്പ് സി എ എക്കെതിരായ കോണ്‍ഗ്രസിന്റെയും ഇടതു കക്ഷികളുടെയും പ്രമേയത്തിന് നിയമസഭയില്‍ അവതരണാനുമതി നിഷേധിച്ചിരുന്നു. എന്‍ ആര്‍ സിക്കെതിരെ മൂന്നു മാസം മുമ്പു തന്നെ സര്‍ക്കാര്‍ പ്രമേയം പാസാക്കിയിട്ടുള്ളതായി ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

സി എ എ വിരുദ്ധ പ്രമേയം കൊണ്ടുവന്നപ്പോള്‍ തങ്ങളെ വിമര്‍ശിച്ചവരാണ് ടി എം സിയെന്നും സി എ എക്കെതിരായ പോരാട്ടത്തില്‍ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി മമത ഇപ്പോള്‍ പ്രമേയം പാസാക്കാനുള്ള നിലപാടുമായി മുന്നോട്ടു വന്നതെന്നും പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവുമായ അബ്ദുല്‍ മന്നാന്‍ പ്രതികരിച്ചു.